/sathyam/media/media_files/2025/07/16/human-rights-commission-2025-07-16-17-33-33.jpg)
തിരുവനന്തപുരം: നിര്‍മ്മാണ തൊഴിലാളിയെ വര്‍ക്കല എസ്.ഐ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മര്‍ദനമേറ്റ കൊല്ലം ചാത്തന്നൂര്‍ സ്വദേശി സുരേഷിന് ഒരു ലക്ഷം രൂപ നല്‍കണം എന്നാണ് നിര്‍ദേശം.
തുക സുരേഷിനെ മര്‍ദിച്ച എസ്‌ഐ പി ആര്‍ രാഹുലിന്റെ ശമ്പളത്തില്‍ നിന്നും ഈടാക്കാമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
രണ്ട് മാസത്തിനകം സുരേഷിന് നഷ്ടപരിഹാരത്തുക അനുവദിക്കണം. ഈ സമയപരിധി പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ 8 ശതമാനം പലിശ നല്‍കണം. ഉത്തരവ് നടപ്പാക്കി 2 മാസത്തിനകം ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം, കൊല്ലം ജില്ലാ പോലീസ് മേധാവി എന്നിവര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം പരാതിക്കാരന്റെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു.
2022 ഓഗസ്റ്റ് 30 ന് ആയിരുന്നു പരാതിക്ക് കാരണമായ സംഭവം അരങ്ങേറിയത്. പാലച്ചിറ സൗപര്‍ണികയില്‍ സുരേഷിന്റെ വീട്ടില്‍ മതില്‍ നിര്‍മ്മാണ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് അതിക്രമം ഉണ്ടായത്. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് അടിവയറ്റില്‍ വേദനയും മൂത്രതടസവുമുണ്ടായി.
കൊല്ലം മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയത്. വര്‍ക്കല എസ്.ഐ ജയരാജ്, ജീപ്പ് ഡ്രൈവര്‍ എസ്.ജെസീന്‍ എന്നിവര്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കാനായില്ലെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ കണ്ടെത്തിലിനോട് യോജിച്ച കമ്മീഷന്‍ ഇവരെ ഒഴിവാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us