സംസ്ഥാനത്ത് നടന്നത് 300 കോടിയുടെ തട്ടിപ്പ്. പൊലിസിന്റെ ഓപ്പറേഷന്‍ സൈ ഹണ്ടില്‍ 263 പേര്‍ അറസ്റ്റില്‍

New Update
kerala police vehicle1

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പു സംഘങ്ങളെ പിടികൂടാന്‍ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷന്‍ സൈ ഹണ്ടില്‍ 263 പേര്‍ അറസ്റ്റില്‍. സംസ്ഥാനത്ത് നടന്നത് 300 കോടിയുടെ തട്ടിപ്പ് ആണെന്നും 382 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.

Advertisment

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടുക ലക്ഷ്യമിട്ടാണ് പരിശോധന. വ്യാഴാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച പരിശോധന രാത്രിയിലും നീണ്ടു.

എറണാകുളം റൂറല്‍ ജില്ലയില്‍ 43 പേരാണ് ഓപ്പറേഷന്‍ സൈ ഹണ്ടില്‍ അറസ്റ്റിലായത്. ഏറ്റവും കൂടുതല്‍ പേരെ പിടികൂടിയത് കോതമംഗലത്ത് നിന്നും മൂവാറ്റുപുഴയില്‍ നിന്നുമാണ്. എട്ടു പേരെ വീതം ഇവിടെനിന്നും അറസ്റ്റ് ചെയ്തു.

ആലുവ, എടത്തല, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ 4 പേര്‍ വീതവും, തടിയിട്ടപറമ്പ് 3 പേരെയും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. മൊത്തം 102 ഇടങ്ങളിലായിരുന്നു പരിശോധന. മൂവാറ്റുപുഴയില്‍ മുപ്പത്താറ് ഇടങ്ങളിലും, കോതമംഗലത്ത് 21 ഇടങ്ങളിലും പരിശോധന നടത്തി.

ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തില്‍ 5 സബ് ഡിവിഷനുകളിലായാണ് പരിശോധന. ബാങ്ക് അക്കൗണ്ടുകള്‍ എടുത്ത് വാടകയ്ക്ക് നല്‍കുന്നതും, വില്‍ക്കുന്നതും മറ്റൊരാള്‍ക്ക് കൈകാര്യം ചെയ്യാന്‍ നല്‍കുന്നതും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകും എന്നതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത ഉണ്ടാകണമെന്ന് എസ്പി പറഞ്ഞു.

കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മലപ്പുറത്ത് മുപ്പത് പേര്‍ അറസ്റ്റിലായി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്

Advertisment