പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍.
സോഷ്യല്‍ മീഡിയയിലൂടെ ജോലി വാഗ്ദാനം നല്കി കരിവെള്ളൂര്‍ സ്വദേശിയുടെ രണ്ടേ മുക്കാല്‍ ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതിയെയാണ് തൃശ്ശൂരില്‍ വെച്ച് പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
തൃശ്ശൂര്‍ കുമാരനെല്ലൂര്‍ പരത്തിപ്പാറ സ്വദേശി സിഎം.യാസിര്‍(22)നെ യാണ് പയ്യന്നൂര്‍ ഡിവൈഎസ്പി കെ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ സി സനീദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എജി അബ്ദുള്‍ ജബ്ബാര്‍, മുകേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
കരിവെള്ളൂര്‍ പെരളം യുപി സ്കൂളിന് സമീപത്തെ പി സന്ദീപ് ആണ് തട്ടിപ്പിനിരയായത്.
ഓണ്‍ലൈന്‍ ട്രാന്സാക്ഷന് വഴി 2,86,500 രൂപയാണ് പ്രതി തട്ടിയെടുത്തത്. പരാതിയില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ കേസെടുത്ത പയ്യന്നൂര്‍ പോലീസിന്റെ അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്.
+6281542498942 എന്ന വാട്സാപ്പ് നമ്പറില്‍ നിന്നും പാര്‍ടൈം ബിസിനസിലൂടെ കൂടുതല്‍ പണം സമ്പാദിക്കാമെന്ന സന്ദേശമയച്ചാണ് തട്ടിപ്പിന് തുടക്കം.
പിന്നീട് ദീപന്‍ഷി നഗര്‍ എന്ന ടെലഗ്രാം ഐഡിയിലൂടെ https://indiafx.me എന്ന സൈറ്റില്‍ കയറി വിവിധ ടാസ്കുകള് നല്കി രണ്ടു ദിവസത്തിനുള്ളില്‍ പരാതിക്കാരന്റെ 2,86,500 രൂപയാണ് തട്ടിയെടുത്തത്.
ടാസ്കുകള് പൂര്‍ത്തീകരിച്ചതിന് ശേഷം ലാഭമോ നല്കിയ പണമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചു വെന്ന പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ഞായറാഴ്ച്ച രാത്രിയോടെ എറണാകുളത്ത് പോലീസ് പിടിയിലായ പ്രതിയെ പയ്യന്നൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഉത്തരേന്ത്യ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാഫിയാ സംഘത്തിലെ കണ്ണിയാണ് യാസിറെന്ന് പൊലിസ് പറഞ്ഞു.
ഇയാള്‍ക്ക് പിന്നില്‍ വന്‍ റാക്കറ്റു തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടത്തിവരികയാണെന് സൈബര്‍ പൊലിസ് പറഞ്ഞു.
ഓണ്‍ലൈനിലൂടെ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തു കബളിപ്പിക്കുന്ന സംഘത്തിന്റെ വലയില്‍ വീഴാതിരിക്കാന്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കണ്ണൂര്‍ സൈബര്‍ പൊലിസ് അറിയിച്ചു.