കോട്ടയം: സൈബര്‍ തട്ടിപ്പിന് പുതിയ രൂപങ്ങള്‍, ഭാവങ്ങള്‍, പക്ഷേ, എല്ലാത്തിലും പൊതുവായ ഒന്നുണ്ട്. സാധാരണക്കാരെ മുതല്‍ ഉന്നത വിദ്യാഭ്യാസമുള്ളവരെ വരെ 'കൺവിന്‍സിങ്ങാ'ക്കിയായിരിക്കും തട്ടിപ്പ് നടത്തുക. കൂടുതല്‍ തട്ടിപ്പ് സൈബര്‍ അറസ്റ്റുകളുടെ പേരിലാണ് നടക്കുന്നത്.
ഇതോടൊപ്പം വന്‍ സാമ്പത്തിക ലാഭം ഉണ്ടാകുമെന്ന വിശ്വസിപ്പിച്ചു നടത്തുന്ന ഓഹരി തട്ടിപ്പുകളും സജീവമാണ്. ഒ.ടി.പി. ആവശ്യപ്പെട്ടും, ബാങ്ക് ഡീറ്റെയില്‍സ് ചോദിച്ചുമുള്ള തട്ടിപ്പു കോളുകളില്‍ ഇപ്പോഴും വീഴുന്ന ഒരുപാട് പേര്‍ ഉണ്ട്. ഉന്നതര്‍ക്കു പോലും സംശയം ജനിപ്പിക്കാത്ത തരത്തിലാണ് ഇക്കൂട്ടര്‍ തട്ടിപ്പ് നടപ്പാക്കുന്നത്. തട്ടിപ്പിലൂടെ പണം പോയ ശേഷമാകും കബളിക്കപ്പെട്ടു എന്നു മനസിലാകുന്നത്.
87 ലക്ഷം നഷ്ടപ്പെട്ട വനിതാ ഡോക്ടര്‍
ഓണ്‍ലൈനിലൂടെ ഓഹരി ഇടപാട് നടത്താമെന്നും വന്‍ തുക ലാഭം കൊയ്യാമെന്നും വിശ്വസിപ്പിച്ച് വനിതാ ഡോക്ടറുടെ 87 ലക്ഷം രൂപ തട്ടിയെടുത്തതാണ് ഒടുവില്‍ പുറത്തു വന്നത്. കഴിഞ്ഞ ഒരു മാസം കൊണ്ടാണു തുക തട്ടിയെടുത്തത്.
വനിതാ ഡോക്ടറും കുടുംബവും വിദേശത്തു നിന്ന് അടുത്തിടെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.
ഓണ്‍ലൈനിലൂടെ ഡോക്ടര്‍ ഓഹരി ഇടപാടുകള്‍ നടത്താറുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ മാസം ആദ്യം വാട്സ് ആപ്പില്‍ ഓണ്‍ലൈനില്‍ ഓഹരി ഇടപാടിലൂടെ വന്‍ തുക ലാഭം നേടാമെന്നു കാട്ടി സന്ദേശം എത്തിയത്. ഇതിനായി സെറോദ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു.
തട്ടിപ്പ് സംഘവുമായി നേരിട്ട് സംസാരിച്ചിരുന്നില്ല. വാട്സ് അപ്പ് വഴി മാത്രമായിരുന്നു സന്ദേശങ്ങള്‍. ആപ്പ് ഇന്‍സ്റ്റാള്‍ ചെയത ഡോക്ടര്‍ ആദ്യം അഞ്ച് ലക്ഷം രൂപ അടച്ചു. പിന്നീട് പലതവണായാല 87 ലക്ഷത്തോളം കൈമാറി. വാലറ്റില്‍ അതനുസരിച്ച് ലാഭവിഹിതം കാണിച്ചെങ്കിലും പണം പിന്‍വലിക്കാനായില്ല. പണം ചോദിക്കുമ്പോള്‍ ഇന്‍ഷുറന്‍സ് ഇനത്തിലും മറ്റുമായി പണം അടച്ചാലെ തുക പിന്‍വലിക്കാനാകൂ എന്നായിരുന്നു മറുപടി കിട്ടിയത്. ഇതോടെയാണ് തട്ടിപ്പു ഡോക്ടര്‍ക്ക് മനസിലായത്.
ഞാന്‍ മുന്‍പ് ഉപയോഗിച്ച നമ്പരാ സാറിന്റേത്
ഓരോ തട്ടിപ്പിനും പുതുവഴികളാക്ക് ഇക്കൂട്ടര്‍ തേടുന്നത്.
ചിലപ്പോള്‍ 'സര്‍, നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഈ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഞാന്‍ മുമ്പ് ഉപയോഗിച്ചിരുന്നതാണെന്നുള്ള കോളുകൾ എത്തും.
ആറു വര്‍ഷം മുമ്പ് ഞാന്‍ വിദേശത്തായിരുന്നു. ഞാനിപ്പോള്‍ നാട്ടില്‍ വന്നിരിക്കയാണ്. ഞാന്‍ ഉപയോഗിച്ചിരുന്ന എന്റെ പഴയ നമ്പരിലാണ് ആധാര്‍കാര്‍ഡും ബാങ്ക് അക്കൗണ്ടും ലൈസന്‍സും ലിങ്ക് ചെയ്തിരുന്നത്.
ആ രേഖകള്‍ തിരിച്ചെടുക്കുന്നതിനായി സാറിന്റെ സഹായം വേണം. താങ്കളുടെ മൊബൈലില്‍ ഒ ടി പി വരും അതൊന്ന് പറഞ്ഞുതരണം. എന്നാല്‍ മാത്രമേ എനിക്ക് രേഖകള്‍ മാറ്റാന്‍ പറ്റൂ.' ഇത്തരത്തില്‍ വിശ്വാസം തോന്നിപ്പിക്കുന്ന തരത്തില്‍ സൗമ്യമായി ഫോണില്‍ വിളിച്ചാണ് തട്ടിപ്പില്‍ കുരുക്കുന്നത്. ഇത് വിശ്വസിച്ച് ഒടിപി പറഞ്ഞുകൊടുത്താല്‍ ബാങ്ക് നിക്ഷേപം നഷ്ടപ്പെടാന്‍ ഇടയുണ്ട്.
വൈക്കത്ത് നടന്നത് മൂന്ന് ഡിജിറ്റല്‍ അറസ്റ്റില്‍
വൈക്കത്ത് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പന് അടുത്തയിടെ മൂന്നു പേര്‍ വിധേയരായി. ഇതില്‍ ഒരാളുടെ 25 ലക്ഷം രൂപ നഷ്ടമായി. മറ്റുളളവര്‍ അവസാന നിമിഷം രക്ഷപ്പെടുകയായിരുന്നു. കോളജ് അധ്യാപികയായ മധ്യവയസ്‌കയുടെ 25 ലക്ഷമാണ് നഷ്ടപ്പെട്ടത്. അവരുടെ പേരിലുള്ള അക്കൗണ്ടുവഴി പോയ പാഴ്‌സലില്‍ നിരോധിത വസ്തുക്കളുണ്ടെന്നും അറസ്റ്റു ഒഴിവാക്കാന്‍ വന്‍ തുക വേണമെന്ന ഭീഷണിയില്‍ അധ്യാപിക കുടുങ്ങുകയായിരുന്നു.
ബാങ്കിലെ ഉദ്യോഗസ്ഥര്‍ വലിയ തുക അടക്കുന്നതില്‍ സംശയം പ്രകടിപ്പിച്ചെങ്കിലും അധ്യാപിക കയര്‍ത്തു സംസാരിച്ചതിനാല്‍ പണം അയക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു. പിന്നീട് വൈകുന്നേരത്തോടെ തട്ടിപ്പിനിരയായാണ് പണം നഷ്ടമായതെന്നറിഞ്ഞ അധ്യാപിക ഭര്‍ത്താവിനെയും കൂട്ടി ബാങ്കിലെത്തിപരാതി പറഞ്ഞു.
ഗൂഗില്‍ പേയിലൂടെ 100 അയക്കുന്ന കാര്യം പോലും തന്നോട് പറഞ്ഞിട്ടയക്കുന്ന ഭാര്യ 25 ലക്ഷം അയക്കുന്ന കാര്യം പറയാതിരുന്നതാണ് പണം നഷ്ടമാകുന്നതിനിടയാക്കിയതെന്നാണ് ഭര്‍ത്താവ് പറഞ്ഞത്.
എസ്.ബി.ഐ ജീവനക്കാരുടെ ബുദ്ധിപരമായ ഇടപെടല്‍
വൈക്കത്ത് തന്നെ ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ പണം തട്ടാന്‍ മറ്റൊരു ശ്രമവും നടന്നിരുന്നു. ബാംഗ്ലൂരില്‍ പഠിക്കുന്ന മകന്‍ മയക്ക് മരുന്നു കേസില്‍പ്പെട്ടെന്നും കേസില്‍ നിന്നൊഴിവാക്കാന്‍ പിതാവിന് മൊബൈലില്‍ സന്ദേശം വന്നു. മകനുമായി ബന്ധപ്പെട്ട രേഖകളടക്കം അയച്ചായിരുന്നു ഭീഷണി..
വയോധികനായ റിട്ട ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 51ലക്ഷം രൂപ തട്ടാനുള്ള നോര്‍ത്തിന്ത്യന്‍ സംഘത്തിന്റെനീക്കം എസ്.ബി.ഐ ജീവനക്കാരുടെ ബുദ്ധിപരമായ ഇടപെടല്‍ മൂലം വിഫലമാവുകയാണ് ചെയ്തത്. എസ്.ബി.ഐയുടെ വൈക്കം ശാഖയില്‍ വൈക്കം ടിവി പുരം സ്വദേശിയായ 60 വയസ് പിന്നിട്ട ഇടപാടുകാരന്‍ വടക്കേ ഇന്ത്യയിലെ ഒരു അക്കൗണ്ടിലേക്ക് 51 ലക്ഷംരൂപ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് എത്തിയത്.
കൗണ്ടറില്‍ ഇരുന്ന ഹരീഷ് എന്ന ഉദ്യോഗസ്ഥന് പണമിടപാടിൽ സംശയമുണ്ടായതിനെ തുടര്‍ന്ന് ആര്‍ക്കാണ് പണം അയക്കുന്നതെന്ന് ചോദിച്ചു. മകനാണ് പണം അയക്കുന്നതെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. പേര് പരിശോധിച്ചപ്പോള്‍ ഉത്തരേന്ത്യന്‍ പേരിലേക്കാണ് പണം അയക്കുന്നതെന്ന് കണ്ടെത്തി. വലിയ തുക ആയതിനാല്‍ അക്കൗണ്ടിലെ വിവരങ്ങളുടെ കൃത്യതയ്ക്ക് ഫോണില്‍ നോക്കിയപ്പോള്‍ വാട്ടസ്ആപ്പില്‍ ദിവസങ്ങളായി ചാറ്റു നടക്കുന്നതായി കണ്ടു.
ബാങ്കില്‍ ചെല്ലുമ്പോള്‍ പണം മകനാണ് അയക്കുന്നതെന്ന് പറയണമെന്നുവരെ ചാറ്റിലുണ്ടായിരുന്നു. ബാങ്കില്‍ ഇടപാടുകാരന്‍ നില്‍ക്കുമ്പോഴും തട്ടിപ്പ് സംഘം ഓണ്‍ലൈനില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. സംശയം തോന്നി കസ്റ്റമറിനെ ഹരീഷ് ബ്രാഞ്ച് മാനേജരുമായി ബന്ധപ്പെടുത്തി തട്ടിപ്പ് സംശയിക്കുന്നതായി അറിയിച്ചു. തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ ഇടപാടുകാരനോട് വൈക്കം പോലീസ് സ്റ്റേഷനില്‍ പോയി കാര്യങ്ങള്‍ വ്യക്തത വരുത്തുന്നതിനായി ആവശ്യപ്പെടുകയായിരുന്നു.
സൈബര്‍ അറസ്റ്റിലായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
സൈബര്‍ തട്ടിപ്പില്‍ പണം നഷ്ടമായവരില്‍ യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസും ഉണ്ട്. 15 ലക്ഷം രൂപയാണ് നഷ്ടമായത്. മുംബൈ സൈബര്‍ സെല്‍, സി.ബി.ഐ ഏജന്‍സികളുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്.
കൂറിലോസിന്റെ പേരില്‍ മുംബൈയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അത് വഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. വീഡിയോ കോളിലൂടെ വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് അറിയിക്കുകയും ചെയ്തു. കേസ് ഒഴിവാക്കാനായി ആവശ്യപ്രകാരം പണം നല്‍കിയെന്നാണ് പരാതിയില്‍ ഉണ്ടായിരുന്നത്.
അപരിചിതര്‍ ഇത്തരത്തില്‍ വിളിച്ചാല്‍ ഒടിപി തുടങ്ങിയവ പറഞ്ഞുകൊടുക്കരുതെന്ന് പോലീസ് പറയുന്നു. പോലീസ്, സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തിയും പണം തട്ടിയെടുക്കുന്നുണ്ട്. സൈബര്‍ തട്ടിപ്പില്‍ ഇരയായി സാമ്പത്തിക നഷ്ടം സംഭവിച്ചാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പരില്‍ വിളിക്കണമെന്നും പോലീസ് അറിയിച്ചു.