തിരുവനന്തപുരം: സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി. ദിവ്യ, കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെ അതിരൂക്ഷമായി അധിക്ഷേപിച്ച് മരണത്തിലേക്ക് തള്ളി വിട്ടതിനെത്തുടർന്ന് ആറുലക്ഷത്തിലേറെ വരുന്ന ജീവനക്കാരുടെ അതൃപ്തി പരിഹരിക്കാനാണ് ഉപതിരഞ്ഞെടുപ്പ് കാലത്ത് ഒരു ഗഡു ക്ഷാമബത്തയും സർവ്വീസ് പെൻഷൻകാർക്കുള്ള ഒരു ഗഡു ക്ഷാമാശ്വാസവും അനുവദിച്ചത്.
കണ്ണൂർ സംഭവത്തോടെ ജീവനക്കാരാകെ സർക്കാരിനും സി.പി.എമ്മിനുമെതിരായിരുന്നു. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇതുണ്ടാക്കാവുന്ന തിരിച്ചടി മറികടക്കാനാണ് അടിയന്തരമായി ക്ഷാമബത്തയും ക്ഷാമാശ്വാസവും അനുവദിച്ചത്.
എന്നാൽ ഒരു ഗഡു മാത്രം അനുവദിച്ചത് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. 19% ക്ഷാമബത്ത കുടിശികയും 6ഗഡു ഡിഎ കുടിശികയും കിട്ടാനുണ്ട്.
സർവീസ് പെൻഷൻകാർക്കുള്ള ക്ഷാമ ആശ്വാസ കുടിശികയും 19% കിട്ടാനുണ്ട്. ഒരു ഗഡു അനുവദിച്ചതോടെ ഇത്രയും കുടിശികയുള്ളത് വീണ്ടും ജീവനക്കാർക്കിടയിൽ ചർച്ചാ വിഷയമായിരിക്കുകയാണ്.
/sathyam/media/media_files/2024/10/16/9jpHi8B1BxOb5SWa16DV.jpg)
മെഡിക്കൽ സർവീസ് ഉൾപ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും. അടുത്തമാസത്തെ ശമ്പളത്തിനും പെൻഷനുമൊപ്പം ഇത് ലഭിക്കും. ഇതുമൂലം 2000കോടിയുടെ അധിക ചെലവുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപും ഒരു ഗഡു ക്ഷാമബത്തയും ക്ഷാമാശ്വാസവും അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം മുതൽ പ്രതിവർഷം രണ്ടു ഗഡു ഡിഎ, ഡിആർ ജീവനക്കാർക്കും പെൻഷൻക്കാർക്കും അനുവദിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് നേരത്തേ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നതാണ്.
ഡിഎ ഉൾപ്പെടെ ആനുകൂല്യങ്ങൾ 2021-22 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ പണമായും നൽകിയിരുന്നു. തുടർന്ന് കേന്ദ്ര സർക്കാരിന്റെ പ്രതികൂല സമീപനങ്ങൾ കാരണം കേരളം നേരിട്ട അസാധാരണ പണഞെരുക്കം ജീവനക്കാരുടെ ചില ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് കാലതാമസത്തിന് കാരണമായെന്നാണ് സർക്കാർ പറയുന്നത്.
2021 ജൂലൈ 1 മുതൽ ലഭിക്കേണ്ട 3 ശതമാനം ക്ഷാമബത്തയാണ് ഇപ്പോൾ അനുവദിച്ചത്. നിലവിൽ 9 ശതമാനം ആണ് കേരളത്തിൽ ക്ഷാമബത്ത കിട്ടുന്നത്. 3 ശതമാനം ക്ഷാമബത്ത കൂടി പ്രഖ്യാപിച്ചതോടെ ക്ഷാമബത്ത 12 ശതമാനമായി ഉയരും.
31 ശതമാനം ക്ഷാമബത്ത ആണ് നിലവിൽ കിട്ടേണ്ടത്. ഇന്നത്തെ പ്രഖ്യാപനത്തോടെ കുടിശിക 19 ശതമാനം ആയും 7 ഗഡു ഡിഎ കുടിശിക എന്നത് 6 ഗഡുക്കളായും കുറഞ്ഞു. സർവീസ് പെൻഷൻകാർക്കുള്ള ക്ഷാമ ആശ്വാസ കുടിശികയും 19%ആയി കുറഞ്ഞിട്ടുണ്ട്.
/sathyam/media/media_files/c5EAddpUxjcXr17VR33u.jpg)
ഇപ്പോൾ അടിസ്ഥാന ശമ്പളത്തിന്റെ 9% ഡിഎ ആണ് ജീവനക്കാർക്കു ലഭിക്കുന്നത്. 2021 ജൂലൈ 1 മുതൽ 7 ഗഡുക്കളായി 22 ശതമാനമാണ് കുടിശിക. 3% കൂടി ഡിഎ അനുവദിക്കുന്നതോടെ കുടിശിക 19 ശതമാനമായി കുറയും.
3% ഡിഎ വർധന നടപ്പാക്കുമ്പോൾ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന ഓഫിസ് അറ്റൻഡന്റുമാർക്ക് 710 രൂപയും കൂടുതൽ ശമ്പളം കൈപ്പറ്റുന്ന സെക്രട്ടേറിയറ്റ് സ്പെഷൽ സെക്രട്ടറിക്ക് 3,880 രൂപയും ശമ്പളത്തിൽ വർധിക്കും.
അതേസമയം, കേന്ദ്ര സർക്കാർ ഇപ്പോൾ 3% ഡിഎ കൂടി അനുവദിച്ചതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ആകെ ഡിഎ 53 ശതമാനമായി.