കോട്ടയം: ഇ.പി.ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡിസി ബുക്സിൽ നടപടി. പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെന്‍ഡു ചെയ്തു. വിഷയത്തിൽ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് സൂചന.
വിവാദവുമായി ബന്ധപ്പെട്ട് ഡിസി രവിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. പുസ്തകം വരുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റും 170ല്‍ അധികംവരുന്ന പേജുകളുടെ പിഡിഎഫും എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നും രവി അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നു.
ഇ.പി.ജയരാജനും ഡിസി ബുക്സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യമാണ് പ്രധാനമായും പോലീസ് പരിശോധിച്ചത്. ജയരാജനുമായി വാക്കാൽ കരാര്‍ ഉണ്ടെന്ന് രവി ഡിസി മൊഴി നൽകിയിരുന്നു. ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിനത്തിലാണ് ഇ.പി. ജയരാജന്റെ ആത്മകഥയിലേതെന്ന് പറഞ്ഞുള്ള പുസ്തകത്തിലെ ഭാഗങ്ങള്‍ പുറത്തെത്തിയത്.