/sathyam/media/media_files/2025/09/26/untitled-2025-09-26-12-39-40.jpg)
തിരുവനന്തപുരം: കോണ്‍ഗ്രസ് പുന:സംഘടന പെരുവഴിയിലാക്കിയ പാര്‍ട്ടി നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ പടയൊരുങ്ങുന്നു. 10 വര്‍ഷമായി അധികാരത്തിന് പുറത്ത് നില്‍ക്കുന്ന പാര്‍ട്ടിയെ നവീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് പകരം പൊളിഞ്ഞ സംഘടനാ സംവിധാനം നിലനിര്‍ത്താനാണ് കേരള നേതൃത്വത്തിന്റെ ശ്രമമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിമര്‍ശനം.
വയനാട്ടിലെ പ്രാദേശിക പ്രശ്നങ്ങളുടെ പേരില്‍ ഡി.സി.സി അദ്ധ്യക്ഷന്‍ രാജിവെച്ച് മണിക്കൂറുകള്‍ക്കകം പുതിയ ആള്‍ക്ക് ചുമതല നല്‍കിയ നടപടിയെ ചുറ്റിപ്പറ്റിയും പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷമുണ്ട്. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നും വയനാട്ടിലെ ആര്‍ജ്ജവം സംസ്ഥാനത്തൊട്ടാകെയുള്ള പുന:സംഘടനയില്‍ കാട്ടുന്നില്ലെന്നുമാണ് വിമര്‍ശനം.
ഇതിന് പുറമേ നിലവില്‍ നിയമിച്ച വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, പി.സി വിഷ്ണുനാഥ് എന്നിവരടങ്ങുന്ന ഉപജാപകസംഘം സംഘടനാ കാര്യങ്ങള്‍ കെ.പി.സി.സി അദ്ധ്യക്ഷനെ മറികടന്ന് തീരുമാനമെടുക്കാന്‍ ചില വിഷയങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി തെറ്റിദ്ധാരണ പരത്താനും ശ്രമിക്കുന്നുണ്ടെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സജീവമായ പുന:സംഘടന ചര്‍ച്ചകള്‍ വിവിധ നേതാക്കളുടെ ഭിന്ന നിലപാടിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്നു.
എന്നാല്‍ തദ്ദേശത്തിരഞ്ഞെടുപ്പിന് മുമ്പായി പുന:സംഘടന നടത്തണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി കര്‍ശന നിലപാട് എടുത്തതോടെ ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിച്ചിരുന്നു.
നിലവില്‍ പുതുതായി നിയമിച്ച് രണ്ട് ജില്ലകളിലെ ഡി.സി.സി അദ്ധ്യക്ഷന്‍മാരൊഴികെ മറ്റ് 12 ജില്ലകളിലും അദ്ധ്യക്ഷന്‍മാരെ മാറ്റണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.
എന്നാല്‍ മികച്ച സംഘടനാപാടവമുള്ളവരെ നിലനിര്‍ത്തണമെന്ന് മറുവാദവും ഉള്ളതിനാലും പല ജില്ലകളിലും വിവിധ നേതാക്കള്‍ നോമിനികളെ നിര്‍ദ്ദേശിച്ചതിനാലും ഡി.സി.സി അദ്ധ്യക്ഷന്‍മാരുടെ മാറ്റത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
അതുകൊണ്ട് തന്നെ കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക പുറത്തിറക്കാനുള്ള നടപടികള്‍ നേതൃതവം സ്വീകരിക്കാത്തതെന്തെന്ന് ചോദ്യമാണ് നിലവില്‍ ഉയരുന്നത്. ഇക്കഴിഞ്ഞ ദിവസം ബീഹാറില്‍ നടന്ന പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവര്‍ വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്തിയിരുന്നു.
ഡി.സി.സി അദ്ധ്യക്ഷന്‍മാരുടെ കാര്യത്തില്‍ തര്‍ക്കും തുടരുന്നതിനാല്‍ കെ.പി.സി.സി ഭാരവാഹിപ്പട്ടിക പുറത്തിറക്കാനായിരുന്നു ദീപദാസ് മുന്‍ഷിയടക്കം ആവശ്യപ്പെട്ടത്. അത് കെ.പി.സി.സി അദ്ധ്യക്ഷന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. 40 ജനറല്‍ സെക്രട്ടറിമാരും 86 സെക്രട്ടറിമാരും അടങ്ങുന്ന പട്ടിക അംഗീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് കെ.പി.സി.സി അദ്ധ്യക്ഷന്‍ മലക്കം മറിഞ്ഞുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പട്ടിക കൈമാറാതിരുന്നതോടെ ദീപദാസ് മുന്‍ഷി അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടെന്നും പിന്നീട് സംസാരിക്കാമെന്നും പറഞ്ഞ് ഒഴിയുകയാണ് അദ്ദേഹം ചെയ്തതെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.
വര്‍ക്കിംഗ് പ്രസിഡന്റുമാരും മറ്റ് നേതാക്കളും കൂടി ആലോചിച്ച് രൂപപ്പെടുത്തിയ 170 സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ജംബോ പട്ടിക പുറത്തിറക്കാനാണ് കെ.പി.സി.സി അദ്ധ്യക്ഷന്‍ ഉരുണ്ട് കളിക്കുന്നതെന്നും വാദമുയര്‍ന്നു കഴിഞ്ഞു.
സംഘടനാ കാര്യങ്ങള്‍ അവതാളത്തിലാക്കുകയും നേതാക്കളോടുള്ള ആശയവിനിമയത്തില്‍ വ്യക്തതയില്ലാതിരിക്കുകയും ചെയ്യുന്നതിനാല്‍ തന്നെ കെ.പി.സി.സി അദ്ധ്യക്ഷന് നേരെ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയരുന്നത്.
വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ കുട്ടിച്ചോറാക്കുന്ന കെ.പി.സി.സി അദ്ധ്യക്ഷന്റെ നടപടിക്കെതിരെ എ.ഐ.സി.സിക്ക് പരാതി നല്‍കാന്‍ ഒരു വിഭാഗം നേതാക്കള്‍ ഒരുങ്ങുകയാണ്. വയനാട്ടിലെ എന്‍.ഡി അപ്പച്ചന്റെ രാജിക്ക് ശേഷം ശരവേഗത്തില്‍ ടി.ജെ ഐസക്കിനെ അവിടെ ഡി.സി.സി അദ്ധ്യക്ഷനാക്കിയതിന് പിന്നില്‍ സണ്ണി ജോസഫിന്റെ കടുംപിടുത്തമാണെന്നും സൂചനകളുണ്ട്.