ജീവനക്കാർക്ക് ക്ഷാമബത്ത കുടിശിക കൊടുത്തുതീർക്കാൻ 20000 കോടി വേണമെന്നും കൈയിൽ പണമില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ. ഡി.എ കൊടുക്കേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഡി.എ കുടിശിക സർക്കാരിന് തിരിച്ചടിയായേക്കും. സർക്കാരിന് തിരിച്ചടിയാവുന്നത് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പ്. സംഘടിത വോട്ടുബാങ്കായ ജീവനക്കാരെ പിണക്കാതിരിക്കാൻ വഴിതേടി സർക്കാർ.

New Update
pinarai vijayan kn balagopal-2

തിരുവനന്തപുരം: ജീവനക്കാർക്കും അദ്ധ്യാപകർക്കും ഡി.എ കുടിശിക അനുവദിക്കാൻ ഇരുപതിനായിരം കോടി രൂപ വേണമെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഡി.എ അനുവദിക്കാൻ തടസ്സമുണ്ടെന്നുമുള്ള സർക്കാരിന്റെ വാദം തള്ളി ഹൈക്കോടതി.

Advertisment

കാലാകാലങ്ങളിൽ ജീവനക്കാർക്ക് ഡി.എ അനുവദിക്കേണ്ട ബാധ്യത സർക്കാരിന്റേതാണെന്നാണ് ഹൈക്കോടതി നിലപാടെടുത്തത്. ഇതോടെ ഡി.എ കുടിശിക തേടിയുള്ള ജീവനക്കാരുടെ കേസിൽ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. ഒക്ടോബർ പത്തിന് കേസ് വീണ്ടും പരിഗണിക്കും.

da arriers

സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക ഉടനടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ്  ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷും ഭാരവാഹികളുമാണ് കോടതിയിലെത്തിയത്.  സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് രണ്ടാഴ്ച കൂടി സമയം ഹൈക്കോടതി അനുവദിച്ചു.

മുഖ്യമന്ത്രി നിയമസഭയിൽ റൂൾ 300 പ്രകാരം നൽകിയ ഉറപ്പ് നടപ്പിലാക്കുവാനുള്ള വ്യക്തമായ രൂപരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കണം.  ഡി.എ കുടിശ്ശികയുടെ 25% ഉടനടി അനുവദിക്കണമെന്നും കുടിശ്ശികയായ ബാക്കി ഡി.എ മുൻകാല പ്രാബല്യത്തോടെ സമയബന്ധിതമായി അനുവദിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

high court

 
തദ്ദേശ, നിയമസഭാ  തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഡി.എ കുടിശിക അനുവദിക്കാത്തത് സർക്കാരിന് തിരിച്ചടിയാവാനിടയുണ്ട്. ഓൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ ഐ.എ എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥർക്കും ജുഡീഷ്യൽ ഓഫീസർമാർ, പി.എസ്. സി ചെയർമാൻ, അംഗങ്ങൾ എന്നിവർക്കും കൃത്യമായി ക്ഷാമബത്ത അനുവദിക്കുമ്പോൾ സർക്കാർ ജീവനക്കാർക്ക് അത് നിഷേധിക്കുന്നത് വിവേചനപരമാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

ഐ.എ എസ് ഉദ്യോഗസ്ഥർക്കും മറ്റും ഒമ്പത് ഗഡു ക്ഷാമബത്തയാണ് സർക്കാർ അനുവദിച്ചത്.  ഇതിന്റെ കുടിശ്ശിക പണമായി നൽകുകയും ചെയ്തു. എന്നാൽ, ഇതേ കാലയളവിൽ  സർക്കാർ ജീവനക്കാർക്ക് അനുവദിച്ചത് വെറും മൂന്ന് ഗഡു ക്ഷാമബത്ത മാത്രമാണ്. ഇതിന്റെ കുടിശ്ശികയും നൽകിയിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ജീവനക്കാർക്ക് ഇതു മൂലം സംഭവിച്ചിരിക്കുന്നത്.

govenment ofc1.jpg

പതിനൊന്നാം ശമ്പള പരിഷ്ക്കരണ കമ്മീഷൻ ശുപാർശ അനുസരിച്ച് കേന്ദ്ര സർക്കാരിന്റെ  ലേബർ ബ്യൂറോ തയ്യാറാക്കുന്ന ഉപഭോക്ത സൂചികയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത പ്രഖ്യാപിക്കേണ്ടത്. 2022 ജനുവരി പ്രാബല്യത്തിലെ ക്ഷാമബത്തയാണ് ജീവനക്കാർക്ക് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്. 2022 ജൂലായ്‌ ഒന്നു മുതലുള്ള 7 ഗഡു ക്ഷാമ ബത്ത ഇതുവരെ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.

പശ്ചിമബംഗാൾ സർക്കാരിനെതിരെ  അടുത്തിടെയുണ്ടായ നിർണ്ണായകമായ സുപ്രീംകോടതി ഉത്തരവിലെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, ജീവനക്കാർക്ക് കുടിശ്ശികയായ 25% ഡി.എ അടിയന്തരമായി പ്രഖ്യാപിക്കണമെന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം. യുജിസി ഡി.എ കുടിശികയിൽ അധ്യാപക സംഘടനകളുമായി സർക്കാർ നേരത്തേ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല.

Advertisment