തിരുവനന്തപുരം: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ പെണ്‍കുട്ടിയുടെ പിതാവ് മരിച്ചു. കിളിമാനൂർ സ്വദേശി ബിജു (40) ആണ് മരിച്ചത്. കഴിഞ്ഞ 17 ന് രാത്രിയാണ് ബിജുവിനു നേരെ ആക്രമണം ഉണ്ടായത്.
സംഭവത്തിൽ കൊല്ലം മടത്തറ സ്വദേശി രാജീവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിജുവിന്റെ വീട്ടിലെത്തിയ രാജീവ് മകളെ വിവാഹം കഴിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിജു ഇതിന് തയാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായി.
ഇതിനിടെ രാജീവ് കല്ല് ഉപയോഗിച്ച് ബിജുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയ്ക്കു മരണം സംഭവിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കഴിഞ്ഞ 17ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നുവെന്നും ഇയാൾക്കെതിരെ കൂടുതൽ കുറ്റം ചുമത്തുമെന്നും പോലീസ് പറഞ്ഞു.