Advertisment

മൂവാറ്റുപുഴ - കോതമംഗലം ബൈപ്പാസ് പദ്ധതി യാഥാര്‍ത്ഥ്യമാക്കും;ഡീന്‍ കുര്യാക്കോസ് എംപി

പദ്ധതിക്ക് വേണ്ടി 3ഡി വിജ്ഞാപനം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ടാണ് എംപി ഇടപെടല്‍ നടത്തിയത്.

New Update
DEEN KURIAKOSE

മുവാറ്റുപുഴ : മുവാറ്റുപുഴ, കോതമംഗലം ബൈപ്പാസ് പദ്ധതികള്‍ യഥാര്‍ഥ്യമാക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ടു ഡീന്‍ കുര്യാക്കോസ് എംപി ദേശിയ പാത അതോറിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവുമായി ചര്‍ച്ച നടത്തി. പദ്ധതിക്ക് വേണ്ടി 3ഡി വിജ്ഞാപനം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ടാണ് എംപി ഇടപെടല്‍ നടത്തിയത്.

Advertisment

പദ്ധതിയുടെ 3എ വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് ഡിസംബര്‍ മാസത്തില്‍ ഒരു വര്‍ഷം പൂര്‍ത്തീകരിക്കും. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ തുക ചെലവാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്  3ഡി വിജ്ഞാപനത്തിന് കാലതാമസം നേരിട്ടത്. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുക കൃത്യമായി വിലയിരുത്തി പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്നാണ് എം.പിയുടെ ആവശ്യം.

3 പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ടാണ് ബൈപ്പാസ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. തുടര്‍ന്ന് എംപി ഇടപെട്ട് വേഗത്തില്‍ തന്നെ പദ്ധതിക്കായി 3എ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

പദ്ധതി യഥാര്‍ഥ്യമാകുന്ന ഘട്ടം എത്തി നില്‍ക്കേ അവിടെ നിന്ന് പിന്നോട്ട് പോകുന്നത് ചിന്തിക്കാന്‍ പോലും സാധിക്കുകയില്ലെന്നും ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. പദ്ധതിക്ക് അനുകൂലമായ നിലപാടാണ് ദേശിയ പാത അതോറിറ്റി സ്വീകരിച്ചത്. 3ഡി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള അംഗം വെങ്കട്ട രമണ അറിയിച്ചതായി എം.പി പറഞ്ഞു. 

മൂന്ന് പതിറ്റാണ്ടോളമായി കടലാസില്‍ മാത്രം ഒതുങ്ങിയ ബൈപ്പാസ് പദ്ധതികള്‍ക്ക് ജീവന്‍ വെച്ചത് ഡീന്‍ കുര്യാക്കോസ് എംപിയുടെ ഇടപ്പെടലിനെ തുടര്‍ന്നാണ്. നേരത്തെ സ്ഥലം ഏറ്റെടുക്കലിന്റെ 50 ശതമാനം ചെലവ് വഹിക്കാന്‍ ദേശിയ പാത അതോറിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യം നിരസിച്ചു. 

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുമായി എംപി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ മുഴുവന്‍ തുകയും വഹിക്കുന്നതിന് ധാരണയായി. ഭൂമിയേറ്റെടുപ്പിനും നിര്‍മാണത്തിനുമുള്ള ചെലവ് പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ വഹിക്കും.

ഇരുപദ്ധതികള്‍ക്കുമായി 2565 കോടി രൂപയോളം ചെലവഴിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇടുക്കിയിലെ ടൂറിസം കേന്ദ്രങ്ങള്‍ക്കും പദ്ധതി ഗുണകരമാണ്. 30 മീറ്റര്‍ വീതിയില്‍ രണ്ടുവരി പാതയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇരുവശത്തും നടപ്പാതകളും നിര്‍മ്മിക്കും. 


ഡിസംബര്‍ മാസത്തില്‍ രണ്ട് റോഡുകളുടെയും വിശദമായ പദ്ധതി രേഖ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ട് 3ഡി വിജ്ഞാപനം പുറത്തുവരുന്നതോടെ ഭൂമിയേറ്റെടുപ്പ് തുടങ്ങാനാകുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു.

 

Advertisment