തിരുവനന്തപുരം: ക്രിസ്മസ്-പുതുവര്‍ഷ ആഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിച്ച 'വസന്തോത്സവ'ത്തിന്‍റെ ഭാഗമായുള്ള ദീപാലങ്കാരം ജനുവരി 8 വരെ നീട്ടാന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി.
തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ പശ്ചാത്തലത്തിലാണ് ലൈറ്റ് ഷോ നീട്ടാനുള്ള നിര്‍ദേശം.
വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പേര്‍ക്ക് ദീപാലങ്കാരം പ്രധാന ആകര്‍ഷണമാകും.അതേസമയം വസന്തോത്സവത്തിന് സമാപനമായി.
ദീപാലങ്കാരത്തിന്‍റെ ഭാഗമായി കനകക്കുന്നിലെ പ്രവേശന കവാടത്തില്‍ 2025 നെ വരവേറ്റുകൊണ്ടുള്ള ആകര്‍ഷകമായ അലങ്കാരമാണുള്ളത്.
പടുകൂറ്റന്‍ ഗ്ലോബ്, ലണ്ടനിലെ ക്രിസ്മസിനെ ഓര്‍മിപ്പിക്കും വിധം യൂറോപ്യന്‍ സ്ട്രീറ്റ്, കുട്ടികള്‍ക്കായി സിന്‍ഡ്രല്ല, പോളാര്‍ ബിയര്‍, ദിനോസര്‍, ലൈറ്റുകള്‍ കൊണ്ടുള്ള വിവിധ രൂപങ്ങള്‍ എന്നിവയുമുണ്ട്.
വസന്തോത്സവം 10 ദിവസം കൊണ്ട് മൂന്നു ലക്ഷത്തോളം പേരാണ് സന്ദര്‍ശിച്ചത്. തലസ്ഥാനത്ത് അവധിക്കാലം ചെലവിടാനെത്തിയ ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളെയും വസന്തോത്സവം ആകര്‍ഷിച്ചു.
ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.