സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്രസർക്കാരിനെ കോടതിയിൽ പൊരുതി തോൽപ്പിക്കാൻ സംസ്ഥാന സർക്കാർ. അർഹതപ്പെട്ട 1.07ലക്ഷം കോടി നഷ്ടപ്പെടുത്തിയെന്ന് ആരോപണം. രാജ്യത്തെ ആകെ കടത്തിന്റെ 60ശതമാനവും കേന്ദ്രത്തിന്റേത്. എന്നിട്ട് സംസ്ഥാനത്തെ കടമെടുക്കാൻ അനുവദിക്കുന്നില്ല. കടമെടുക്കാൻ സംസ്ഥാനത്തിനും അധികാരം വേണം.

New Update
1396898-secretariat15256.jpg

ഡൽഹി: അർഹമായ വിഹിതം നൽകാതെയും കടമെടുക്കാൻ അനുവദിക്കാതെയും സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്രസർക്കാരിനെ കോടതിയിൽ പൊരുതി തോൽപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.  2017 മുതൽ 2024 വരെ 1.07 ലക്ഷം കോടിയാണ് കേരളത്തിന് നഷ്ടപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്. കേരളത്തെ സാമ്പത്തികമായി തളർത്താനുള്ള തന്ത്രമാണ് കേന്ദ്രത്തിന്റേതെന്നാണ് ആരോപണം.

Advertisment

ഗവർണർ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടിയ കേരളം, കേന്ദ്രസർക്കാരിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരെയും നിയമപോരാട്ടം നടത്തി മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാവാൻ ഒരുങ്ങുകയാണ്. ഫെബ്രുവരി 13ന് കേരളത്തിന്റെ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.

കേരളത്തെ ഇപ്പോൾ മാത്രമല്ല, 30 വർഷത്തിലേറെയായി സാമ്പത്തികമായി അവഗണിക്കുകയാണെന്നാണ് കേരളം പറയുന്നത്. അർഹമായ നികുതി വിഹിതം നൽകാതെയാണ് സാമ്പത്തികമായി ഞെരുക്കുന്നത്.

കേരളത്തിൽ വൻ വ്യവസായങ്ങൾക്ക് സാദ്ധ്യതയില്ല. ഭൂമിയുടെ ലഭ്യതക്കുറവാണ് കാരണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി  വിദ്യാഭ്യാസം, ആരോഗ്യം, ജനക്ഷേമം എന്നീ മേഖലകളിലാണ് നിക്ഷേപമേറെയും.  ഈ യാഥാർത്ഥ്യം മനസിലാക്കാതെ കേരളത്തെ കുറിച്ച് മോശം ചിത്രം നൽകാനാണ് ശ്രമമെന്നാണ് സർക്കാരിന്റെ ആരോപണം.

രാജ്യത്തിന്റെ ആകെ കടത്തിന്റെയും, കുടിശിക ബാദ്ധ്യതയുടെയും 60 ശതമാനവും കേന്ദ്രത്തിന്റേതാണ്. ബാക്കി 40 ശതമാണ് എല്ലാ സംസ്ഥാനങ്ങളും കൂടി ചേരുമ്പോഴുള്ള ആകെ കടം. 2019 മുതൽ 2023 വരെ 1.70 മുതൽ 1.75 ശതമാനമാണ് കേരളത്തിന്റെ കടം. അതിനാൽ കേരളത്തിന്റെ കടമെടുപ്പ് സമ്പദ്ഘടനയെ അസ്ഥിരപ്പെടുത്തുമെന്ന കേന്ദ്രവാദം അതിശയോക്തിയാണെന്ന് സംസ്ഥാന സർക്കാർ പറയുന്നു.

 ആഗോളതലത്തിൽ ഒരു ദശാബ്ദത്തിലേറെയായി രാജ്യത്തിന്റെ ധനകാര്യ മാനേജ്മെന്റ് മോശം പ്രകടനമാണ് നടത്തുന്നത്. രാജ്യാന്തര മോണിറ്ററി ഫണ്ടിന്റെ കണക്കുകളിൽ ഇക്കാര്യം വ്യക്തം. ആഗോള മാർക്കറ്റിൽ കേന്ദ്രത്തിന്റെ മോശം ക്രെഡിറ്റ് റേറ്രിംഗ് സംസ്ഥാനത്തിന്റെയും സർക്കാർ അംഗീകൃത സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കും. ഇതിന് ഉദാഹരണമാണ് കിഫ്ബിയുടെ റേറ്രിംഗ്. ജി.ഡി.പിയേക്കാൾ കടം ഉയർന്നുനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. റേറ്രിംഗ് ഏജൻസിയായ മൂഡിയുടെ കണക്കുകൾ പ്രകാരം കേന്ദ്രത്തിന്റെ സാമ്പത്തിക നില ദുർബലമാണ്.

പൊതുകടവും സാമ്പത്തിക അച്ചടക്കവും ദേശീയ വിഷയമാണെങ്കിൽ തന്നെ സംസ്ഥാനത്തിന്റെ നിയമസഭാ, എക്സിക്യൂട്ടീവ് അധികാരങ്ങളിലേക്ക് കടന്നുകയറാൻ കേന്ദ്രസർക്കാരിന് അധികാരമില്ല. അവരവരുടെ പൊതുകടത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും സമ്പൂർണ സ്വയംഭരണവും സ്വതന്ത്ര അധികാരവുമുണ്ടെന്നും കേരളത്തിന്റെ മറുപടിയിൽ പറയുന്നു.

കേന്ദ്ര അവഗണനയ്ക്കും സാമ്പത്തികമായി ഞെരുക്കുന്നതിനും എതിരേയാണ് സംസ്ഥാന ബജറ്റിലും അതിരൂക്ഷ വിമർശനമുണ്ടായിരുന്നത്. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്രത്തിനെതിരേ കേസുകൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

Advertisment