ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസ് തലപ്പത്ത്. ഈഴവ വിഭാഗത്തിന് നിർണായക പ്രാതിനിധ്യം. രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലിച്ചില്ല. അബിൻ വർക്കിയും കെ.എം അഭിജിത്തും യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാർ. സംസ്ഥാനത്തെ ആദ്യ വർക്കിംഗ് പ്രസിഡൻ്റായി ബിനു ചുള്ളിയിൽ

ബിനു ചുള്ളിയിലിന് വേണ്ടി കെ.സി വേണുഗോപാലും അബിൻ വർക്കിക്ക് വേണ്ടി രമേശ് ചെന്നിത്തലയും സജീവമായി രംഗത്തുണ്ടായിരുന്നു

New Update
106997

തിരുവനന്തപുരം :  സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനായി സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഒ.ജെ ജനീഷിനെ നിയമിച്ചു.

Advertisment

ലൈംഗിക അപവാദ ആരോപണങ്ങളിൽപ്പെട്ട് പാലക്കാട് എംഎൽഎ കൂടിയായ രാഹുൽ മാങ്കൂട്ടത്തിൽ ചുമതല ഒഴിഞ്ഞതോടെയാണ് അദ്ധ്യക്ഷ പദവിയിലേക്ക് ജനീഷിന് വഴിതുറന്നത്.


നിലവിൽ ഉപാധ്യക്ഷ സ്ഥാനത്തുള്ള അബിൻ വർക്കി, ബിനു ചുള്ളിയിൽ, കെ എം അഭിജിത്ത് എന്നിവരെ പരിഗണിച്ചിരുന്നു.


എന്നാൽ ചർച്ചകൾക്കൊടുവിൽ ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. 

Binu-Chulliyil-741x432

സംസ്ഥാന ഉപാധ്യക്ഷനായ അബിൻ വർക്കിക്ക് വേണ്ടി രമേശ് ചെന്നിത്തല ആദ്യം മുതൽ തന്നെ രംഗത്ത് ഉണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച് രണ്ടാം സ്ഥാനത്ത് എത്തിയ അബിന് അധ്യക്ഷ സ്ഥാനം നൽകണമെന്നായിരുന്നു ചെന്നിത്തലയുടെ വാദം.

ഇക്കാര്യമുയർത്തി ദേശീയ നേതൃത്വത്തെയും സംസ്ഥാന നേതാക്കളെയും ചെന്നിത്തല സമ്മർദ്ദത്തിലാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹിത്വത്തിലുള്ള ബിനു ചുള്ളിയിലിന് വേണ്ടി കെ സി വേണുഗോപാൽ വിഭാഗവും രംഗത്തിറങ്ങിയിരുന്നു.


ഇതിന് പുറമേ മുൻ കെഎസ്‌യു അധ്യക്ഷൻ കൂടിയായ കെ എം അഭിജിത്തിന് പദവി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പിലെ ഒരു വിഭാഗവും രംഗത്തുണ്ടായിരുന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ ജനീഷിന് നറുക്ക് വീഴുകയായിരുന്നു.


ജനീഷിന് വേണ്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഷാഫി പറമ്പിൽ എന്നിവരാണ് നിലയുറപ്പിച്ചിരുന്നത്.   നിലവിൽ യൂത്ത് കോൺഗ്രസിനെ മുന്നോട്ടു നയിക്കാൻ ചടുലവും വിവാദ രഹിതവുമായ നേതൃത്വം ആണ് ആവശ്യമെന്ന തലത്തിലേക്ക് ചർച്ചകൾ മാറിയതോടെയാണ് ജനീഷിന് നറുക്ക് വീണത്.

Untitled

സംസ്ഥാന കോൺഗ്രസ് ഈഴവരെ തഴയുന്നു എന്ന പതിവ് പല്ലവിക്ക് തടയിടാനും ജനീഷിന്റെ നിയമനത്തിലൂടെ സാധിച്ചിട്ടുണ്ട്. 


സംഘടന തലപ്പത്തെ മാറ്റത്തിൽ പരസ്യ ആതൃപ്തി ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്ന് കർശന നിർദേശമാണ് ഹൈക്കമാൻഡ് നൽകിയിട്ടുള്ളത്.


തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പുകൾ പടിവാതിലിൽ എത്തിനിൽക്കെ യു.ഡി എഫിനെ നയിക്കുന്ന പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്റെ യുവജന വിഭാഗത്തിന് നാഥനില്ലെന്ന വാദം മുന്നണിക്കുള്ളിലും പാർട്ടിയിലും ഉയർന്നിരുന്നു.

അതുകൊണ്ടുതന്നെ സംസ്ഥാന അധ്യക്ഷ പദവിയിലേക്കുള്ള ജനീഷിൻ്റെ നിയമനം പാർട്ടിക്കുള്ളിൽ തർക്കങ്ങൾക്ക് വഴിതെളിക്കരുതെന്ന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisment