Advertisment

ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു പകരം കെട്ടിച്ചമച്ച നുണകൾ പ്രചരിപ്പിക്കാണ് ഉഷ ശ്രമിക്കുന്നത്; വിമർശനവുമായി ​ഐ.ഒ.എ

New Update
pt usha real

ന്യൂഡൽഹി: ഉഷ പറയുന്നത് പച്ചക്കള്ളമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ . ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു പകരം കെട്ടിച്ചമച്ച നുണകൾ പ്രചരിപ്പിക്കാണ് ഉഷ ശ്രമിക്കുന്നതെന്നും ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ കൂടിയായ സഹ്ദേവ് ആരോപിച്ചു. പാരിസ് ഒളിമ്പിക്സിലെ മെഡൽ ജേതാക്കളെ ആദരിക്കാനായി താൻ മുന്നോട്ടുവെച്ച നിർദേശം എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ തള്ളിയെന്ന പരാമർശവുമായാണ് ഉഷ രംഗത്തുവന്നത്. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾക്കു മുന്നിൽ അത്തരത്തിലൊരു നിർദേശം വന്നിട്ടില്ലെന്നും സഹ്ദേവ് യാദവ് പറഞ്ഞു. 

Advertisment

എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾക്കെതിരെ എന്തിനാണ് ഐ.ഒ.എ പ്രസിഡന്‍റ് നുണപ്രചാരണം നടത്തുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് അവർ പറയുന്നത്. കെട്ടിച്ചമച്ച കഥകൾ വിളിച്ചുപറയുന്ന അവർ മാധ്യമങ്ങൾക്കു മുന്നിൽ മുതലക്കണ്ണീർ ഒഴുക്കുകയാണ്” -സഹ്ദേവ് പറഞ്ഞു. 

ശനിയാഴ്ചയാണ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾക്കെതിരെ പരാമർശവുമായി പി.ടി. ഉഷ രംഗത്തുവന്നത്. പാരിസിൽ ആറ് മെഡലുകളാണ് ഇന്ത്യ നേടിയത്. രാജ്യത്തിന്‍റെ അഭിമാനമായ താരങ്ങളെ ആദരിക്കുകയെന്നത് ഒളിമ്പിക് അസോസിയേഷന്‍റെ ഉത്തരവാദിത്തമാണ്. ആഗസ്റ്റ് പകുതിയോടെ താരങ്ങൾ തിരിച്ചെത്തിയെങ്കിലും അവരെ ആദരിക്കാനുള്ള പരിപാടിയിൽ ചർച്ച നടത്താൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ ഇതുവരെ തയാറായിട്ടില്ല. താരങ്ങൾക്ക് തയാറെടുപ്പിനായി നൽകേണ്ട രണ്ട് ലക്ഷം രൂപയും പരിശീലകർക്കുള്ള ഒരു ലക്ഷം രൂപയും ഫിനാൻസ് കമ്മിറ്റി തടഞ്ഞുവച്ചിരിക്കുകയാണെന്നും ഉഷ ആരോപിച്ചു.

ജനുവരിയിൽ രഘുറാം അയ്യർ സി.ഇ.ഒ ആയി ചുമതല ഏറ്റതിനു പിന്നാലെയാണ് ഐ.ഒ.എയിൽ ആഭ്യന്തര അസ്വസ്ഥതകൾക്ക് തുടക്കമായത്. എക്സിക്യുട്ടീവ് അംഗങ്ങൾ അയ്യരെ നീക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ഉഷ ശക്തമായ പിന്തുണയാണ് നൽകുന്നത്. പ്രതിമാസം 20 ലക്ഷം രൂപ അയ്യർക്ക് ശമ്പളമായി നൽകുന്നു എന്നതാണ് അംഗങ്ങളുടെ എതിർപ്പിന് പ്രധാന കാരണം. സെപ്റ്റംബർ ഒടുവിൽ പ്രശ്നപരിഹാരത്തിനായി യോഗം ചേർന്നെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ ഉഷയുടേത് ഏകാധിപത്യ ഭരണമാണെന്നും അവരെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് ഐ.ഒ.സി പ്രതിനിധിക്ക് എക്സിക്യുട്ടീവ് കമ്മിറ്റി കത്തയക്കുകയും ചെയ്തു.

Advertisment