കോട്ടയം: കോട്ടയം- കുമരകം റോഡിലെ കോണത്താറ്റ് പാലം നിര്‍മാണത്തിന് വെച്ചിരുന്ന കമ്പി മോഷ്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റിലായതിനു പിന്നാലെ പോലീസ് കേസ് വളഞ്ഞ വഴിയില്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്.
കുമരകം കോണത്താറ്റ് പാലത്തിന്റെ നിര്‍മ്മാണം നടന്നുവരുന്ന സമയത്ത് പാലത്തിന്റെ ഫയലിംഗ് നടന്നപ്പോള്‍ കുമരകത്ത് തന്നെ ഉള്ള ലോറികളില്‍ മണ്ണ് കയറ്റി മോഷണം നടത്തിയിരുന്നു.
അതിന് ഇതുവരെയും പ്രതികളെ പിടിച്ചിട്ടില്ല. ഇപ്പോള്‍ രാഷ്ട്രീയ പ്രേരിതമായി കോണ്‍ഗ്രസിനെ കരിവാരിതേക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് ഇല്ലാത്ത അനുഭാവി മാത്രമായ ബിനോയി വിശ്വനാഥനെ കരുവാക്കി യഥാര്‍ഥ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി പ്രതിചേര്‍ത്തിരിക്കുകയാണെന്നും കോണ്‍ഗ്രസ് പറയുന്നു.
കുമരകത്തെ സിപിഎമ്മും പോലീസും ചേര്‍ന്ന് നടത്തുന്ന ഈ നാടകം ജനങ്ങള്‍ തിരിച്ചറിയുമെന്നും ആറുമാസം കൊണ്ട് പണിതീര്‍ക്കും എന്ന് പറഞ്ഞ പാലം മൂന്ന് വര്‍ഷമായിട്ട് നടക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സമരം നടത്തിയതിന്റെ വൈരാഗ്യമാണ് ഈ മോഷണനാടകത്തില്‍ പ്രതിഫലിച്ചിരിക്കുന്നതെന്നും യഥാര്‍ത്ഥമായിട്ടും കമ്പി മോഷ്ടിച്ച പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് കുമരകം മണ്ഡലം കമ്മറ്റി പറയുന്നു.
പാലം നിര്‍മിക്കാന്‍ കൊണ്ടിട്ടിരിക്കുന്ന കമ്പിയില്‍ കുറവുവന്നപ്പോള്‍ കരാറുകാരനാണ് കഴിഞ്ഞ 22ന് കുമരകം പോലീസില്‍ പരാതി നല്‍കിയത്. 1881 കിലോ കമ്പി മോഷണംപോയതായാണു പരാതി.
കേസെടുത്ത പോലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണു ബിനോയ് കുടുങ്ങിയത്. സമീപത്തെ ബാങ്കിന്റെ സിസിടിവിയില്‍ ബിനോയ് കമ്പിയുമായി പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത് പോലീസിനു കിട്ടുകയായിരുന്നു.
പരിശോധനയില്‍ ഇയാളുടെ വീട്ടില്‍നിന്ന് ഏതാനും കമ്പികളും പോലീസ് കണ്ടെടുത്തു. പുലര്‍ച്ചയോടെ കമ്പിയുമെടുത്ത് പോകുന്ന ഇയാള്‍ അന്നുതന്നെ ആക്രിക്ക് വിറ്റ് കാശാക്കുകയാണ് ചെയ്തിരുന്നത്.
ഈ കാശ് മദ്യപിക്കാനാണു ചെലവാക്കിയിരുന്നതെന്നു പോലീസ് പറയുന്നു. മൂന്നു വര്‍ഷമായി പാലം പണി വൈകുന്നതിനെതിരെ കോണ്‍ഗ്രസ് സമരം നടത്തി ആഴ്ചകള്‍ക്കു ശേഷമാണ് കമ്പി മോഷണ കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയിലാകുന്നത്.
മന്ത്രി വി.എന്‍. വാസവന്റെ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ് പാലം. മൂന്നു വര്‍ഷമായി പാലം പണി വൈകിയതോടെ കടുത്ത പ്രതിഷേധമാണ് ജനങ്ങള്‍ക്കുള്ളത്.
ഇതു സി.പി.എമ്മിനെയും ബാധിച്ചിരുന്നു. ഇപ്പോള്‍ വീണു കിട്ടയ അവസരം പാലം പണി വൈകിപ്പിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കങ്ങളുടെ ഭാഗമായി ഉയര്‍ത്തിക്കാട്ടുകായാണ് സി.പി.എം.