ശബരി റെയിൽ കേരളത്തിൻ്റെ കോർട്ടിൽ. സ്ഥലം ഏറ്റെടുപ്പ് നടത്തിയാൽ മുന്നോട്ടു പോകുമെന്ന് പാർലമെൻ്റിൽ പ്രഖ്യാപിച്ച് കേന്ദ്രം. ഭൂമി ഏറ്റെടുപ്പ് ചിലവ് കേരളത്തിൻ്റെ വിഹിതം ആക്കും. ചിലവ് പങ്കിടാൻ ഉപാധി വച്ച് കേരളം. പറ്റില്ലെന്ന് കേന്ദ്രം. മധ്യ കേരളത്തിൻ്റെ സമഗ്ര വികസനത്തിന് വഴി തുറക്കുന്ന ശബരി റെയലിന് വീണ്ടും റെഡ് സിഗ്നൽ

ശബരി റെയിൽവേ നടപ്പിലാക്കുന്നതിന് റെയിൽവേ, സംസ്ഥാന സർക്കാർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ മൂന്ന് ഘടകങ്ങളും അടങ്ങുന്ന ത്രികക്ഷി കരാറിന് അനുമതി നൽകേണ്ടതുണ്ടെന്ന ആവശ്യം റെയിൽവേ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

New Update
images(1353)

ഡൽഹി: ശബരി റെയിൽവേ പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ പദ്ധതി വിഹിതത്തിന്റെ 50 ശതമാനം ഉപയോഗിച്ച് സ്ഥലം ഏറ്റെടുക്കാൻ തയ്യാറായാൽ റെയിൽവേ ഈ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

Advertisment

കോൺഗ്രസ് എംപി മാരായ ആന്റോ ആന്റണി, അടൂർ പ്രകാശ്, ഡീൻ കുര്യാക്കോസ്,ബെന്നി ബഹനാൻ എന്നിവരുടെ ചോദ്യത്തിന് ലോക്‌സഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. ഭൂമി ഏറ്റെടുപ്പ് ചിലവ് കേരളത്തിൻ്റെ വിഹിതം ആക്കും


2025 ജൂൺ 3-ന് കേരള സർക്കാർ നൽകിയ മെമ്മോറാണ്ടം പ്രകാരം, റെയിൽവേ ആവശ്യപ്പെട്ട ത്രികക്ഷി കരാറിൽ താല്പര്യമില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയതെന്ന് മന്ത്രി പറഞ്ഞു. 


ശബരി റെയിൽവേ നടപ്പിലാക്കുന്നതിന് റെയിൽവേ, സംസ്ഥാന സർക്കാർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ മൂന്ന് ഘടകങ്ങളും അടങ്ങുന്ന ത്രികക്ഷി കരാറിന് അനുമതി നൽകേണ്ടതുണ്ടെന്ന ആവശ്യം റെയിൽവേ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരി റെയിൽവേ ലൈൻ പദ്ധതി തിരുവനന്തപുരത്തേക്ക് നീട്ടി വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെടുത്തുവാൻ സർക്കാരിന് എന്തെങ്കിലും പദ്ധതികൾ ഉണ്ടോ എന്ന ചോദ്യത്തിന് ശബരി റെയിൽവേ ലൈൻ പദ്ധതിയും വിഴിഞ്ഞം തുറമുഖവുമായി ഒരു ബന്ധവുമില്ലെന്നും മന്ത്രി ചോദ്യത്തിന് നൽകിയ മറുപടിയിൽ പറഞ്ഞു.


ശബരി റെയിൽ യാഥാർഥ്യമാകും എന്ന് റെയിൽവേ മന്ത്രിയെ കണ്ട ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ശബരി പാത യാഥാർഥ്യമാകുമ്പോൾ ഇടുക്കി ജില്ല റെയിൽവേ ഭൂപടത്തിലെത്തും. 


ഇടുക്കി റെയിൽവേ ഭൂപടത്തിൽ ചേർക്കപ്പെടുന്നതോടെ ടൂറിസം വ്യവസായവും വളരും. മൂന്നാർ, തേക്കടി, ദേവികുളം, പീരുമേട് തുടങ്ങിയ കേരളത്തിലെ സുപ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രാബന്ധം മെച്ചപ്പെടും.

1996-97-ൽ വാജ്പേയ് സർക്കാർ പ്രഖ്യാപിച്ചതാണ് ശബരിപ്പാത. 111 കിലോമീറ്റർ നീളമുള്ള പാതയിൽ ഏഴ് കിലോമീറ്റർ ട്രാക്കും കാലടി സ്റ്റേഷനും പെരിയാറിനു കുറുകെ ഒരു കിലോമീറ്റർ പാലവും പണിതിട്ടുണ്ട്.

ശബരി ലൈനിനായി കേരള റെയിൽ ഡിവലപ്മെന്റ് കോർപ്പറേഷൻ തയ്യാറാക്കിയ പുതിയ എസ്റ്റിമേറ്റ് 3,810 കോടി രൂപയുടെയാണ്.


അങ്കമാലി-എരുമേലി ശബരി പാത നടപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അശ്വനി വൈഷ്ണവ് പാർലമെൻറിൽ കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു. 


പദ്ധതി യാഥാർഥ്യമാക്കാൻ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലും പറഞ്ഞിരുന്നു.

 അതേസമയം പദ്ധതിച്ചെലവ് പങ്കിടുന്നത് സംബന്ധിച്ചുള്ള തർക്കം ഏറെക്കാലമായി ഉണ്ട്. മഹാരാഷ്ട്രയിൽ നടപ്പാക്കിയ ത്രികക്ഷി കരാറിന്റെ മാതൃക പിന്തുടരാമെന്ന് കേന്ദ്രം നിർദേശിച്ചെങ്കിലും സംസ്ഥാനം അതിന് സമ്മതം മൂളിയിട്ടില്ല. ഇതാണ് പദ്ധതി നടപ്പാക്കുന്നതിന് തടസം ആവുന്നത്

Advertisment