എമ്പുരാൻ കലാമേഖലയിലെ അടിയന്തരാവസ്ഥ, ചെറുക്കാൻ ജനാധിപത്യ സമൂഹം മുന്നിട്ടിറങ്ങണം - റസാഖ് പാലേരി

New Update
RASAK PALERI
തിരുവനന്തപുരം: കലാമേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സംഘ്പരിവാർ ഭീകരതയെ ചെറുത്തു തോൽപ്പിക്കാൻ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.
Advertisment
ഗുജറാത്ത് മുസ്‌ലിം വിരുദ്ധ വംശഹത്യ നടത്തിയത് സംഘ്പരിവാർ സംഘടനകളും അവരുടെ നേതാക്കളുമാണ്. നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ നേതാക്കൾ ആ കൂട്ടക്കൊലയുടെ ചോരക്കറ കൈയിൽ പതിഞ്ഞവരാണ്. എത്ര തന്നെ നിഷേധിച്ചാലും മായാതെ കിടക്കുന്ന ചരിത്ര സത്യങ്ങളാണ് ഇതെല്ലാം.

'എമ്പുരാനി'ൽ ഈ വിഷയം പ്രമേയമായി വന്നതിനെ തുടർന്ന് കേരളത്തിലെയും പുറത്തെയും സംഘ്പരിവാർ കേന്ദ്രങ്ങൾ ശക്തമായ വിദ്വേഷ ക്യാമ്പയിനാണ് സിനിമക്കും അതിന്റെ അണിയറ പ്രവർത്തകർക്കും എതിരെ നടത്തിയത്. സംഘ്പരിവാർ ഭീഷണിയെയും സമ്മർദ്ദത്തെയും തുടർന്ന് സിനിമയുടെ നിർമാതാക്കൾ മാറ്റത്തിരുത്തലുകൾ വരുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മോഹൻലാൽ തന്നെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നു.  
പൊതുവിൽ സംഘ് വിരുദ്ധ പൊതുബോധവും രാഷ്ട്രീയ ജാഗ്രതയും നിലനിൽക്കുന്നു എന്ന് പറയപ്പെടുന്ന കേരളത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. സംഘ് രാഷ്ട്രീയത്തിനെതിരായ പ്രതിരോധങ്ങളുടെ ദൗർബല്യം കൂടിയാണ് ഇത്തരം സംഭവങ്ങൾ നമുക്ക് കാണിച്ചു തരുന്നത്. ലോകം മുഴുവൻ സത്യമെന്നംഗീകരിക്കുന്ന ഒരു ചരിത്രസംഭവത്തിന്റെ സിനിമാവിഷ്കാരത്തിന് ഒരാഴ്ച പോലും കേരളത്തിൽ നിലനിൽപ്പില്ലെന്ന യാഥാർഥ്യത്തെ നാം ഗൗരവത്തിൽ സമീപിക്കന്നമെന്ന് റസാഖ് പാലേരി പറഞ്ഞു.

സത്യവും യാഥാർഥ്യവും വിളിച്ചു പറയുന്ന  കലാവിഷ്കാരങ്ങൾക്കെതിരിൽ കലാപാഹ്വാനം നടത്തുന്ന സംഘ്പരിവാറിനെതിരിൽ ശക്തമായ സാമൂഹിക പ്രതിരോധം ഉയരണം. നേരത്തെ പുറത്തിറങ്ങിയ ബി ബി സി ഡോക്യുമെന്ററിക്കെതിരെയും ഇന്ത്യയിലെ സംഘ്പരിവാർ രംഗത്തിറങ്ങിയിരുന്നു. മറുവശത്ത് നുണകളും വ്യാജങ്ങളും കുത്തി നിറച്ച്, സമൂഹത്തിൽ സാമൂഹിക ധ്രുവീകരണവും സാമുദായിക വിദ്വേഷവും പ്രചരിപ്പിക്കാൻ മാത്രമായി പടച്ചു വിട്ട കേരള സ്റ്റോറി പോലുള്ള സിനിമകൾ സംഘ്പരിവാറിന്റെ സമ്പൂർണ ആശിർവാദത്തോടെ പുറത്തിറങ്ങുകയും ചെയ്യുന്നുണ്ട്.
ഗുജറാത്ത് കലാപത്തിന്റെ ജനകീയ കുറ്റപത്രത്തിൽ സംഘ്പരിവാർ ഇപ്പോഴും കുറ്റവാളികളാണ്. കലാവിഷ്കാരങ്ങൾ സത്യം വിളിച്ചു പറയുമ്പോൾ വിറളി പിടിക്കുന്നത് കൈകളിൽ കറ പുരണ്ടവർക്കാണ്. കലാമേഖലയിലെ ഈ അടിയന്തിരാവസ്ഥയെ ചെറുക്കാൻ ജനാധിപത്യ സമൂഹത്തിന് ബാധ്യതയുണ്ട്. ഗുജറാത്ത് മറക്കാൻ ഈ നാടിനാവില്ല. മുസ്‌ലിം സമൂഹത്തെ കൊന്ന് തള്ളിയ വംശീയതയുടെ ശക്തികളോട് കണക്ക് ചോദിക്കാതെ കാലം കടന്നു പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.
Advertisment