/sathyam/media/media_files/I4jBYWR54EaHTKyIYo2P.jpg)
കോട്ടയം: സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ കൈക്കൂലി സമ്പ്രദായം എന്ന് അവസാനിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ വൈകരുതെന്നു പൊതുഭരണ വകുപ്പ് എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കുലര്‍ അയച്ചിരിക്കുകയാണ്. കാലതാമസം സത്യസന്ധമായി ജോലി ചെയ്തിരുന്ന ജീവനക്കാരുടെ മനോവീര്യം തകര്‍ക്കും. എല്ലാ മാസവും യോഗം ചേര്‍ന്ന് കേസുകളുടെ പുരോഗതി വിലയിരുത്തണം.
അഞ്ചാം തീയതിക്കു മുമ്പ് തീര്‍പ്പാക്കാത്ത കേസുകളുടെ വിശദാംശങ്ങള്‍ ഭരണ വകുപ്പിന് സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
പല കേസുകളില്‍ പ്രതികളായവര്‍, അഴിമതി കേസുകളില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തവരും മറ്റും കേസ് നടന്നുകൊണ്ടിരിക്കെ തന്നെ സര്‍വീസില്‍ തുടരുന്ന സാഹചര്യമുണ്ട്. ക്രിമിനല്‍ കേസുകള്‍, പോക്‌സോ കേസുകള്‍ ലൈംഗികാരോപണ കേസുകള്‍ തുടങ്ങിയവയില്‍ എത്ര സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതികളായിട്ടുണ്ടെന്നും അതില്‍ വകുപ്പ് എന്ത് അച്ചടക്കനടപടിയാണ് എടുത്തതെന്നും വിശദീകരിച്ചുകൊണ്ടായിരിക്കണം കത്ത് നല്‍കേണ്ടതെന്നും നിര്‍ദേശമുണ്ട്.
എന്നാല്‍, കൈക്കൂലി കേസില്‍ വിജിലന്‍സ് പിടിയിലാകുന്നവരുടെ എണ്ണത്തില്‍ കുറവ് വരുന്നില്ല.
കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടുന്ന ഉദ്യോഗസ്ഥരില്‍ ഏറ്റവും കൂടുതല്‍ പേര്‍ മോട്ടോര്‍വാഹന വകുപ്പിലും പിന്നീട് തദ്ദേശ വകുപ്പിലുമാണുള്ളത്. അടുത്തിടെ ഓപ്പറേഷന്‍ ഓണ്‍ വീല്‍സ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധയില്‍ നേരിട്ടും, ഗൂഗിള്‍ പേ വഴിയും ഉദ്യോഗസ്ഥര്‍ പണം വാങ്ങിയത് കൈയോടെ പിടികൂടിയിരുന്നു. 112 ഉദ്യോഗസ്ഥരാണു വിജിലന്‍സ് പിടിയിലായത്. ഇതില്‍ 72 ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പു തല നടപടിക്കും, 40 ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കാനുമാണു സര്‍ക്കാരിനോട് വിജിലന്‍സ് ശിപാര്‍ശ ചെയ്തത്.
എന്നാല്‍, കൈക്കൂലിക്കേസുകളില്‍ വിജിലന്‍സ് പിടികൂടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരുവര്‍ഷത്തിനകം ജോലിയില്‍ തിരിച്ചുകയറുന്ന അവസ്ഥ സംസ്ഥാനത്തുണ്ട്. വിജിലന്‍സ് കോടതിയില്‍ നടപടികള്‍ നീണ്ടുപോകുന്നതോടെ അഴിമതി തടയുകയെന്ന ലക്ഷ്യം വിദൂരമാവുകയാണ്. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് കൈയോടെ പിടികൂടുന്ന കേസില്‍ മാത്രമാണ് കോടതിയുടെ ശിക്ഷ ലഭിക്കുക. ഫിനോഫ്തലിന്‍ പുരട്ടി, നമ്പര്‍ മുന്‍കൂട്ടി രേഖപ്പെടുത്തി നല്‍കുന്ന കറന്‍സിനോട്ട് നല്‍കി വിജിലന്‍സ് പിടികൂടുന്നതാണ് (ട്രാപ്പ് കേസ്) ഇത്. ഇത്തരം കേസില്‍ മറ്റൊരുവകുപ്പിലെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കമുള്ള സാക്ഷികള്‍ ഉണ്ടായിട്ടും കുറ്റാരോപിതന്‍ രക്ഷപ്പെട്ടുപോയ സംഭവങ്ങളുണ്ട്.
കൈക്കൂലിക്കേസില്‍ പിടിയിലായാല്‍ ഉടന്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയാണു വകുപ്പുതല നടപടി. ഇത് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ ആകാം. ഒരുവര്‍ഷത്തിനകം ഈ ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ തിരികെ കയറും. ചുരുക്കം ചിലരെ മാത്രം സര്‍വീസില്‍ നിന്നു പിരിച്ചുവിടും. സസ്പെന്‍ഷന്‍ കാലത്ത് 35% ശമ്പളം തടഞ്ഞുവെക്കുന്നതാണ് കിട്ടുന്ന ശിക്ഷ. സസ്പെന്‍ഷന്‍ ഒഴിവായാല്‍ മുഴുവന്‍ ശമ്പളവും കിട്ടും. കേസില്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ തടഞ്ഞുവെച്ച ശമ്പളവും ആനുകൂല്യങ്ങളും മുന്‍കാല പ്രാബല്യത്തോടെ കിട്ടും. സസ്പെന്‍ഷന്‍ അനന്തമായി നീട്ടാനാകില്ലെന്നു സുപ്രീംകോടതി വിധിയുണ്ടെന്നും കേസുകളുടെ ബാഹുല്യവും തെളിവുശേഖരണത്തിന്റെ സങ്കീര്‍ണതയും കുറ്റപത്രം തയ്യാറാക്കുന്നതിനു കാലതാമസം ഉണ്ടാക്കുന്നുണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.