Advertisment

കൂവപ്പടിയിലെ നാട്ടിടവഴികളിലെങ്ങും മുഴങ്ങിയത് ധാരാപുരം ദേവരാജന്റെ നാഗസ്വര, നൈയാണ്ടിമേളം !

ആണ്ടിലൊരിയ്ക്കൽ കൂവപ്പടിക്കാർ കാണുന്ന തമിഴ് ആചാരക്കാഴ്ച

New Update

പെരുമ്പാവൂർ: കഴിഞ്ഞ ഒരാഴ്ചയായി കൂവപ്പടിയിലെ ഗ്രാമവീഥികളിലൂടെ പകലിരവുകളില്ലാതെ തമിഴ്നാട്ടുകാരനായ ധാരാപുരം പി. ദേവരാജനും സംഘവും നാഗസ്വര, നൈയാണ്ടി മേളവുമായി വീടുകൾതോറും കയറിയിറങ്ങുകയായിരുന്നു.

Advertisment

കൂവപ്പടി മാരിയമ്മൻ കോവിലിൽ നിന്നുള്ള അഗ്നികരകമേന്തുന്ന ഭക്തസംഘത്തിന്റെ അകമ്പടിവാദ്യക്കാരായിരുന്നു ദേവരാജനും കൂടെയുള്ളവരും. ഇരുപതു വർഷമായി ദേവരാജന്റെ നാഗസ്വരവായന ആണ്ടിലൊരിയ്ക്കൽ ഭക്തിപൂർവ്വം കേൾക്കുന്നവരാണ് കൂവപ്പടി ദേശക്കാർ. 

നാഗസ്വരവാദനത്തിലെ പ്രശസ്ത വിദ്വാനായിരുന്ന തമിഴ്‌നാട് തിരുപ്പൂർ, ധാരാപുരം പൊന്നുസ്വാമി മുതലിയാർ ശൈലിയുടെ പ്രയോക്താവായി അദ്ദേഹത്തിന്റെ ശിഷ്യൻ ധാരാപുരം ദേവരാജൻ 'സീവാളി'യൂതിത്തുടങ്ങിയിട്ട് നാലു പതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു.

publive-image


സംഗീതജീവിതത്തിന്റെ ഈ അപൂർവ്വാഘോഷവേളയിൽ കൂവപ്പടി മാരിയമ്മയ്ക്കു മുമ്പിൽ നാദാർച്ചന നടത്തുവാൻ ദേവരാജൻ വീണ്ടുമെത്തിയത് ജനുവരി 3-നാണ്.


രണ്ടുപതിറ്റാണ്ടായി മാരിയമ്മൻകോവിലിലെ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന അമ്മൻകുടം ഉത്സവത്തിന്റെ മേളക്കാരായി ദേവരാജനും സംഘവും പതിവുതെറ്റാതെ എത്തും. 

ജനുവരി 8ന് ഉത്സവം സമാപിച്ച ശേഷമാണ് ദേവരാജൻ മടങ്ങിയത്. അച്ഛൻ ധാരാപുരം ബൽരാജ് തമിഴ്‌നാട്ടിലെ പ്രശസ്തനായ നാഗസ്വരവായനക്കാരനായിരുന്നു. പതിമൂന്നാമത്തെ വയസ്സിൽ അച്ഛനോടൊപ്പം ശ്രുതിപ്പെട്ടി മീട്ടിയും താളംപിടിച്ചും തുടക്കമിട്ട ദേവരാജനിപ്പോൾ 58 വയസ്സുണ്ട്.

പൊന്നുസ്വാമി മുതലിയാർക്കുശേഷം ധാരാപുരം ഷണ്മുഖസുന്ദരത്തിൽ നിന്നുമായിരുന്നു ഉപരിപഠനം. ഇവരിൽ നിന്നെല്ലാം സ്വായത്തമാക്കിയത് കർണ്ണാടകസംഗീത ശൈലിയാണെങ്കിലും തമിഴ് നാടോടിസംഗീത ഗണത്തിൽ വരുന്ന, ത്രസിപ്പിയ്ക്കുന്നതും ചടുലവുമായ നൈയാണ്ടി മേളത്തിലെ അമരക്കാരനായിട്ടാണ് ധാരാപുരം ദേവരാജൻ കേരളത്തിലെത്തുമ്പോൾ അറിയപ്പെടുന്നത്.

publive-image

നൈയാണ്ടി മേളത്തിനാണ് തമിഴ്‌നാട്ടിൽ കൂടുതലാവശ്യക്കാരെന്നതിനാൽ പിന്നീടത് ജീവിതമാർഗ്ഗമായി മാറ്റേണ്ടിവന്നതാണ്. എങ്കിലും കർണ്ണാടകസംഗീതക്കച്ചേരികളും ഫ്യൂഷനും വേദികളിൽ അവതരിപ്പിക്കാറുണ്ട്.


എറണാകുളം ജില്ലയിൽ പലയിടങ്ങളിലുമുള്ള തമിഴ് വംശജരുടേതായ അമ്മൻകോവിലുകളിൽ കരകാട്ടത്തിനു സ്ഥിരമായി മേളമൊരുക്കുന്നത് ദേവരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ്.


ഒരു നൂറ്റാണ്ടു മുമ്പ് കൂവപ്പടിയിൽ കുടിയേറിപ്പാർത്ത വാണിക -വൈശ്യ വിഭാഗത്തിന്റെ ധർമ്മദൈവസ്ഥാനമാണ്‌ കൂവപ്പടി മദ്രാസ് കവലയ്ക്കു സമീപമുള്ള മാരിയമ്മൻ കോവിൽ. കച്ചേരികളിൽ രണ്ടരമണിക്കൂർ നേരത്തെ സ്വസ്ഥതയുള്ള പ്രകടനമാണെങ്കിൽ, നൈയാണ്ടി മേളത്തിന് എട്ടും ഒമ്പതും മണിക്കൂർ നേരത്തെ കഠിനാധ്വാനമാണ് വേണ്ടതെന്ന് ദേവരാജൻ പറഞ്ഞു. 

ഉത്സവകാലത്ത് കേരളത്തിലെത്തുമ്പോൾ പൊരിവെയിലിലാണ് മണിക്കൂറുകൾ തുടർച്ചയായി ഊരുചുറ്റലും പറയെടുപ്പും നടക്കുന്നത്. തവിലും പമ്പയും മുരസുവും ഉറുമിയും എറിയുന്ന നൈയാണ്ടി മേളത്തിന്റെ താളക്കൊഴുപ്പിൽ നാടൻ ഈണങ്ങളും സിനിമാഗാനങ്ങളും വായിച്ച് നാട്ടിടവഴികളിലൂടെ നടന്നു നീങ്ങുന്നത് ഒരു കൗതുകക്കാഴ്ചയാണ്.

ആടിത്തിമിർക്കാനുള്ള മേളമായാണ് നൈയാണ്ടി മേളത്തെ കരുതുന്നത്. കരകാട്ടം, പൊയ്ക്കാൽ കുതിര, കാവടിയാട്ടം എന്നിവയ്‌ക്കെല്ലാം മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഒഴിച്ചുകൂടാനാകാത്ത മേളവിശേഷമാണ് ഇത്.

publive-image


കേൾവിക്കാരെ ആവേശംകൊള്ളിയ്ക്കുന്ന അംഗചലനങ്ങളോടെയാണ് മേളക്കാരുടെ പ്രകടനം. നൈയാണ്ടി എന്ന വാക്കിന് തമിഴിൽ പരിഹാസം, കളിയാക്കൽ എന്നൊക്കെയാണ് അർത്ഥം.


നാഗസ്വരം, തവിൽ എന്നിവയിലാണ് പരമ്പരാഗത കർണ്ണാട്ടിക് കീർത്തനങ്ങൾ അവതരിപ്പിയ്ക്കുന്നതെങ്കിൽ നയ്യാണ്ടി മേളത്തിൽ ഒരു കൂട്ടം നാടോടി ഈണങ്ങളും വിവിധഭാഷാ ചലച്ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളുമാണ് ഇവർ വായിക്കുന്നത്.

കാഴ്ചക്കാർക്ക് ആടിത്തിമിർക്കാനായി 'ഫാസ്റ്റ് നമ്പറുകൾ' നാഗസ്വരക്കാരൻ പുറത്തെടുത്തേ മതിയാകൂ. നാഗസ്വരം കച്ചേരിയായി അവതരിപ്പിയ്ക്കുമ്പോൾ ഒരു ക്ലാസിക്കൽ നാഗസ്വരം വാദകനോടൊപ്പം തവിൽ കലാകാരൻ, തവിലിന്റെ വലതുവശത്ത് വായിക്കാൻ തള്ളവിരലിലൊഴികെ എല്ലാ വിരലുകളിലും കൂടുകൾ ധരിക്കും.


നൈയാണ്ടി മേളത്തിൽ തവിൽ കൂടാതെ പമ്പ എന്ന തുകൽവാദ്യവുമുണ്ട്. വാദകൻ മെലിഞ്ഞതും നീളമുള്ളതുമായ ഒരു വടി കൂടി ഉപയോഗിച്ചാണ് പമ്പ കൊട്ടുന്നത് എന്നതാണ് പ്രത്യേകത. മുരസു, ഉറുമി തുടങ്ങിയ ചില വാദ്യങ്ങളും തമിഴ്‌നാട്ടിൽ ഇതോടൊപ്പം ഉണ്ടാകാറുണ്ട്.


നൈയാണ്ടി മേളത്തിൽ ഒഴിച്ചുകൂടാനാവാത്തവയാണ് ഇവയെല്ലാം. ഓരോ വിഭാഗത്തിലും ഒന്നിലേറെ കൂട്ടുവാദ്യക്കാരുണ്ടായാൽ മേളക്കൊഴുപ്പേറും. കേരളത്തിൽ പത്തു നാഗസ്വരവും പത്തു തകിലും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗംഭീര പരിപാടി ചിലയിടങ്ങളിൽ സംഘാടകർ ആവശ്യപ്പെടാറുണ്ടെന്ന് ദേവരാജൻ പറഞ്ഞു.

മണിക്കൂറുകൾ നീണ്ട അധ്വാനഭാരമുള്ളതിനാലും വേറിട്ട ശൈലിയായതിനാലും മലയാളികളായ നാഗസ്വരകലാകാരന്മാർ ഈ രംഗത്ത് അധികമില്ല. ദേവരാജനോടൊപ്പം ധാരാപുരം വീരസ്വാമിയും ഇത്തവണ നാഗസ്വരം വായിക്കാനെത്തിയിട്ടുണ്ട്.

ഭൂപതി പളനി, രവി തിരുപ്പൂർ, കൊടുവായ് നല്ലമുത്തു, എന്നിവരാണ് തവിൽ കൈകാര്യം ചെയ്യുന്നത്. പമ്പ കൊട്ടുന്നത് പളനിയിൽ നിന്നുള്ള മായാകൃഷ്ണനും ഗോപാലുമാണ്. എറണാകുളം സ്വദേശിനിയായ രാജലക്ഷ്മിയാണ് ദേവരാജന്റെ ഭാര്യ. രണ്ടു പെണ്മക്കൾ: ദിവ്യയും ദീപയും. ബുധനാഴ്ച രാവിലെ 11ന് മഞ്ഞൾനീരാട്ടിനുശേഷം കരകം ചൊരിഞ്ഞാണ് ഉത്സവത്തിനു സമാപനമായത്.

Advertisment