'അവധി ദിനമായതിനാൽ ഭക്തജനത്തിരക്ക് വർധിച്ചു'; തീർഥാടനത്തെ മോശപ്പെടുത്താനുളള ശ്രമമെന്ന് കെ രാധാകൃഷ്ണൻ

വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. തന്ത്രിയുമായും മേല്‍ശാന്തിയും ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് തിരക്ക് നിയന്ത്രിക്കുന്നതിനുളള ക്രമീകരണം നടത്തും.

New Update
devaswom minister neww.jpg

പത്തനംതിട്ട: അവധി ദിനമായതിനാല്‍ ശബരിമലയില്‍ ഭക്തജനത്തിരക്ക് വര്‍ധിച്ചുവെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. 2015 ലും 15 മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ഇങ്ങനെയുള്ള പ്രതിഷേധമുണ്ടായില്ല. തീര്‍ഥാടനത്തെ മോശപ്പെടുത്താനുളള ശ്രമമാണ് നടക്കുന്നതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

Advertisment

ഈ വര്‍ഷം കുട്ടികളുടെയും സ്ത്രീ തീര്‍ഥാടകരുടെയും എണ്ണം കൂടുതലാണ്. തീര്‍ത്ഥാടകരില്‍ 30 ശതമാനം ഇങ്ങനെയുള്ളവരാണ്. ക്യൂവുണ്ടായ ചില സ്ഥലങ്ങളില്‍ ഭക്ഷണവും വെള്ളവും എത്തിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ എരുമേലിയിലെ സമരം ബോധപൂര്‍വ്വം ഉണ്ടാക്കിയതാണ്. ചില തീര്‍ത്ഥാടകര്‍ പഠിപ്പിച്ച് വെച്ചത് പറയുന്നു. നിലയ്ക്കലില്‍ കുട്ടി കരയുന്ന വീഡിയോ ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ കണ്ണീര്‍ വീഴ്ത്തി എന്ന പ്രചാരണം നടത്തി. ശബരിമലയുടെ നന്മയെ തല്ലിത്തകര്‍ക്കാന്‍ ശ്രമം നടത്തരുതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. തന്ത്രിയുമായും മേല്‍ശാന്തിയും ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് തിരക്ക് നിയന്ത്രിക്കുന്നതിനുളള ക്രമീകരണം നടത്തും. നിലയ്ക്കലിന് പുറമെ എരുമേലി മുതല്‍ നിലക്കല്‍ വരെയുള്ള മറ്റ് സ്ഥലങ്ങളില്‍ എവിടെയൊക്കെ വാഹനം പാര്‍ക്ക് ചെയ്യാം എന്ന് ആലോചിക്കുന്നുണ്ട്. ശബരിമലയെ ഉപയോഗിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് സമരങ്ങളെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സൈബര്‍ സെല്‍ നടപടി ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

sabarimala devaswom minister
Advertisment