/sathyam/media/media_files/in8I76Iwy7QwBlQCEZdm.jpg)
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് സന്നിധാനത്ത് എത്തും. ശബരിമല തന്ത്രി ഉള്‍പ്പടെയുള്ളവരെ മന്ത്രി കാണും. സന്നിധാനത്ത് മന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. എംഎല്‍എമാര്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍,സ്പെഷ്യല്‍ സെക്രട്ടറി മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഈ യോഗത്തിലാണ് സുരക്ഷാക്രമീകരണങ്ങളടക്കം വിലയിരുത്തുന്നത്. ഇന്നലെ നിലയ്ക്കല്‍, എരുമേലി, പമ്പ എന്നിവിടങ്ങളിലെ ഒരുക്കങ്ങള്‍ മന്ത്രി വിലയിരുത്തിയിരുന്നു. ശബരിമല വിഷയത്തിലെ ആരോപണങ്ങള്‍ തള്ളിയ മന്ത്രി, തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുതലെടുപ്പ് ലക്ഷ്യമിട്ട് പലരും പലതും പറയുമെന്ന മറുപടിയാണ് കഴിഞ്ഞ ദിവസം നല്‍കിയത്. ഭക്തര്‍ സ്വയം നിയന്ത്രിക്കണമെന്നും ശബരിമലയിലെ തിരക്ക് സ്വാഭാവികമാണെന്നുമാണ് ദേവസ്വം മന്ത്രി പ്രതികരിച്ചത്.
അതേസമയം ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവിലെ സ്ഥിതി സംബന്ധിച്ച് സുരക്ഷാ ചുമതലയുള്ള എഡിജിപി വിശദീകരണം നല്‍കും. നിലക്കലില്‍ കൂടുതല്‍ പാര്‍ക്കിങ് സ്ഥലം അനുവദിക്കുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും നിലപാട് അറിയിച്ചേക്കും. വെര്‍ച്വല്‍ക്യു ബുക്കിങ് 80000 ത്തിലേക്ക് എത്തുന്ന ദിവസങ്ങളില്‍ സ്പോട്ട് ബുക്കിങ് പതിനായിരമായി നിജപ്പെടുത്താനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. ക്യൂകോംപ്ലക്സിലും തീര്‍ഥാടകര്‍ക്കുള്ള ഷെഡിലും അനുവദനീയമായ ആളുകളില്‍ കൂടുതല്‍ ഉണ്ടാകരുതെന്നും സ്ഥലങ്ങളില്‍ ശുചിത്വമുണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഇതിനിടെ സന്നിധാനം സ്പെഷ്യല്‍ ഓഫീസറായി കെ.സുദര്‍ശന്‍ ഐപിഎസ് ഇന്ന് ചുമതലയേല്‍ക്കും. പമ്പയില്‍ മധുസൂദനനും നിലയ്ക്കലില്‍ കെ.വി.സന്തോഷുമാണ് പുതിയ സ്പെഷ്യല്‍ ഓഫീസര്‍മാര്‍. കനത്ത തിരക്ക് പരിഗണിച്ച് മുന്‍ പരിചയമുള്ള ഉദ്യോഗസ്ഥരെയാണ് ഇത്തവണ നിയമിച്ചിരിക്കുന്നത്. മിക്കപ്പോഴും മണിക്കൂറുകളോളമാണ് തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനായി കാത്തു നില്‍ക്കേണ്ടി വരുന്നത്. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം അടക്കം ലഭിച്ചില്ലെന്ന പരാതികളും ഉയര്‍ന്നിരുന്നു. ഇതിനിടെ പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് കെഎസ്ആര്‍ടിസി സര്‍വീസ് നടക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധം നടന്നിരുന്നു.
അതേസമയം ശബരിമലയിലെ തിരക്ക് നിലവില്‍ നിയന്ത്രണവിധേയമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തീര്‍ത്ഥാടകരെ നിയന്ത്രിക്കാന്‍ ശബരിമലയില്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരുക്കിയ സംവിധാനങ്ങളുടെ വീഡിയോ അവതരണവും കോടതിയില്‍ നടത്താനാണ് സര്‍ക്കാര്‍ നീക്കം. ശബരിമലയിലെ തിരക്കിനെ കുറിച്ചടക്കമുളള തീര്‍ത്ഥാടകരുടെ പരാതി പഠിക്കാന്‍ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. സന്നിധാനത്തേക്കുള്ള അനധികൃത പാതകള്‍ കണ്ടെത്തി അടച്ചുവെന്നും, സ്ഥിതി പരിശോധിക്കാന്‍ അഭിഭാഷക സംഘത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ . ഇക്കാര്യത്തില്‍ കോടതി അന്തിമ തീരുമാനമെടുത്തിട്ടില്ല. 12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതിയുടെ നീക്കം. ഈ സംഘം ക്യൂ കോംപ്ലക്‌സ്, വിശ്രമ സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് പരിശോധന നടത്തും. ലഭ്യമായ സൗകര്യങ്ങള്‍, ഭക്തര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്നിവയും സംഘം വിലയിരുത്തും.
ദിവസങ്ങളായി വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ മണിക്കൂറുകള്‍ കാത്ത് നിന്നാണ് പലരും ശബരിമലയിലെത്തുന്നത്. പാതയിലുടനീളം ഗതാഗതവും തടസപ്പെട്ട നിലയിലാണ്. പലരും ഭക്ഷണവും വെള്ളവും കിട്ടാതെ വലയുന്നുണ്ട്. ഈ വിവരങ്ങളടക്കം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ എലവുങ്കലില്‍ ഭക്ഷണവും വെള്ളവുമടക്കമുളള സൗകര്യം വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. മുമ്പ് ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സമയം കാത്ത് നില്‍ക്കേണ്ടി വന്നിട്ടില്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ബുക്കിങ് ഇല്ലാതെ ദിവസവും 5000 മുതല്‍ 10,000 വരെ പേര് കയറുന്നുവെന്നും കോടതി വിലയിരുത്തി.