പത്തനംതിട്ട: ആലപ്പുഴ മുല്ലക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ ഹരിഹരപുത്ര ധർമ്മപരിപാലന സഭ ട്രസ്റ്റ് ഒരു ലക്ഷം ഏക്കറിൽ സൗജന്യ കൃഷി സഹായങ്ങൾ നൽകാൻ പദ്ധതിയൊരുക്കുന്നു. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഡ്രോൺ ടെക് സ്റ്റാർട്ടപ്പായ ഫ്യുസലേജ് ഇന്നോവേഷൻസുമായി കൈകോർത്ത്, ആധുനിക സാങ്കേതികതയുടെ പ്രയോജനം കാർഷികമേഖലയിലേക്ക് എത്തിക്കുന്നതിനാണ് ട്രസ്റ്റ് ശ്രമിക്കുന്നത്. കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് സൗജന്യമായി മരുന്നടിക്കാനുള്ള പദ്ധതിയാണ് ഇതിൽ പ്രധാനം.
അടുത്ത നാല് മാസത്തിനുള്ളിൽ കേരളത്തിലും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമായി ഒരു ലക്ഷം ഏക്കർ കൃഷിയിടങ്ങളിൽ സൗജന്യ കൃഷി സഹായങ്ങളുമായി ട്രസ്റ്റ് എത്തും. ട്രസ്റ്റ് പൂർണ ധനസഹായം നൽകികൊണ്ട്, കാർഷിക മേഖലയിൽ ആവശ്യമായ സാങ്കേതിക സേവനങ്ങളും ഉപകരണങ്ങളും ഒരുക്കുകയും ആധുനിക കാർഷികമാർഗ്ഗങ്ങൾ ലഭ്യമാക്കുകയും ചെയ്യും.
കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കാർഷിക മേഖലയിലേക്ക് ഫ്യുസലേജിന്റെ സഹായത്തോടെ പുതിയ പദ്ധതികൾ നടപ്പാക്കും. അർഹരായ കർഷകരെ കണ്ടെത്തി അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ട വളം, ഉപകരണങ്ങൾ, പരിപാലന സഹായം എന്നിവ ഉൾപ്പടെ സൗജന്യമായി നൽകും.
കൂടാതെ ആദിവാസി സമൂഹത്തിന്റെ കാർഷിക ഉൽപ്പാദനത്തെ വിപുലപ്പെടുത്താനും ജീവിത നിലവാരം ഉയർത്താനുമുള്ള പദ്ധതികളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിലയ്ക്കലിലും ശബരിമല മേഖലയിലും ഉള്ള അനേകം ആദിവാസി കുടുംബങ്ങൾക്ക് വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം എന്നിവ വർഷങ്ങളായി ട്രസ്റ്റ് നൽകുന്നുണ്ട്.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായ കാർഷികമാർഗ്ഗങ്ങൾ സൃഷ്ടിക്കുന്ന ഈ സംരംഭം കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ കാർഷിക സമ്പത്ത് നിലനിർത്താനും ആധുനികതയിലൂടെ കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്താനും കഴിവുള്ളതാണെന്ന് ശ്രീ ഹരിഹരപുത്ര ധർമ്മപരിപാലന സഭ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി അജയ് കുമാർ, ട്രസ്റ്റിമാരായ അനൂപ് കുമാർ, ഗിരീഷ്, ഫ്യുസലേജ് ഇന്നോവേഷൻസ് മാനേജിങ് ഡയറക്ടർ ദേവൻ ചന്ദ്രശേഖരൻ എന്നിവർ അറിയിച്ചു.
സൗജന്യസേവനങ്ങൾ ഉടനെ തന്നെ പ്രാവർത്തികമാക്കും. സേവനസംബന്ധമായ സംശയങ്ങൾക്കും ബുക്കിങ്ങിനും +91 90742 97668 എന്ന നമ്പറിൽ ബന്ധപ്പെടുക.