കാഞ്ഞിരപ്പളളി: പ്രമേഹമടക്കമുള്ള ജീവിതശൈലീ രോഗങ്ങളെ ശരിയായ വ്യായാമം കൊണ്ട് നിയന്ത്രണത്തിലാക്കാമെന്ന സന്ദേശവുമായി കാഞ്ഞിരപ്പളളി മേരീക്വീന്‍സ് മിഷന്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മനോജ് മാത്യുവും സംഘവും നടത്തിയ സൈക്കിള്‍ യാത്ര ശ്രദ്ധേയമായി.
ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ നൂറില്‍ താഴെയും, രക്തത്തിലെ ശരാശരി ഷുഗറിന്റെ (ഒയഅ1ര) അളവ് ആറില്‍ താഴെയും നിലനിര്‍ത്തി, പ്രമേഹം നിയന്ത്രിക്കുവാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ആറു മണിക്കൂര്‍ കൊണ്ട് നൂറു കിലോമീറ്റര്‍ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്ര അഞ്ച് മണിക്കൂര്‍ പത്തൊന്‍മ്പത് മിനിറ്റുകള്‍ക്കുള്ളില്‍ ലക്ഷ്യം പൂര്‍ത്തിയാക്കി.
ജോലിത്തിരക്കുകള്‍ക്കിടയില്‍ വ്യായാമം ചെയ്യാന്‍ സമയം ലഭിക്കില്ല എന്ന് പരാതി പറയുന്നവര്‍ക്ക് മുന്‍പില്‍ തങ്ങളുടെ ഡ്യൂട്ടി സമയത്തിന് ശേഷം നടത്തിയ യാത്രയിലൂടെ മറുപടി പറയുകയാണ് ഡോ. മനോജും സംഘവും.
കാഞ്ഞിരപ്പളളി മേരീക്വീന്‍സ് അങ്കണത്തില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ യാത്ര, കാഞ്ഞിരപ്പളളി, പാലാ, ഏറ്റുമാനൂര്‍, നീണ്ടൂര്‍, കല്ലറ, തണ്ണീര്‍മുക്കം വഴി ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചു ചേര്‍ത്തല, അരൂര്‍ വഴി എറണാകുളം ജില്ലയിലെ ഇടക്കൊച്ചിയില്‍ അവസാനിച്ചു.
കാഞ്ഞിരപ്പള്ളിയിലെ സൈക്കിളിംഗ് ക്ലബായ 'ടീം ബോയ്‌സിന്റെ' സഹകരണത്തോടെ നടത്തിയ സൈക്കിള്‍ യാത്രയില്‍ മേഖലയിലെ പ്രമുഖ ഡോക്ടര്‍മാരായ ഡോ. ജോബിന്‍ മടുക്കക്കുഴി, ഡോ. റോബിന്‍ മടുക്കക്കുഴി (ആയുര്‍വ്വേദം), ഡോ. ചാക്കോ (ഡെന്റല്‍), സംരഭകനായ പ്രവീണ്‍ കൊട്ടാരം എന്നിവര്‍ പങ്കാളികളായി.
ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മേരീക്വീന്‍സ് ആശുപത്രി ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മാര്‍ട്ടിന്‍ മണ്ണനാല്‍ സി.എം.ഐ യാത്ര ഫ്‌ളാഗ്ഓഫ് ചെയ്തു. ചടങ്ങില്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. സിറിള്‍ തളിയന്‍ സി.എം.ഐ, ഫിസിഷ്യന്‍ ഡോ. ബോബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രമേഹ പ്രതിരോധ സന്ദേശമൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീന്‍സ് മിഷന്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മനോജ് മാത്യുവും സംഘവും കാഞ്ഞിരപ്പള്ളിയില്‍ നിന്നും കൊച്ചിയിലേക്ക് നടത്തിയ സൈക്കിള്‍ യാത്ര മേരീക്വീന്‍സ് ആശുപത്രി ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മാര്‍ട്ടിന്‍ മണ്ണനാല്‍ സി.എം.ഐ യാത്ര ഫ്‌ളാഗ്ഓഫ് ചെയ്യുന്നു.