ഡയമണ്ട് മണിയും തമിഴ്നാട്ടിലെ അന്വേഷണവും ശരിയായ ദിശയിലാണോ ? കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കാനുള്ള തിരക്കഥയുടെ ഭാഗമാണോ ദിണ്ഡിഗലിലെ അന്വേഷണം. ഉത്തരം കിട്ടാൻ ചോദ്യങ്ങൾ ഏറെയുണ്ട്. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും നിരപരാധിയാണെന്നും കരഞ്ഞുപറഞ്ഞ് മണി. തയ്യൽക്കാരനും പാത്രക്കടക്കാരനുമായ സുഹൃത്തുക്കളെയും തേടി എസ്.ഐ.ടി. പ്രവാസി വ്യവസായിയുടെ മൊഴിയാണോ മണിയുടെ കരച്ചിലാണോ സത്യമെന്ന് തെളിയിക്കുമോ എസ്.ഐ.ടി. സ്വ‌ർണക്കൊള്ളയിൽ തെളിയാൻ ഇനിയുമേറെ സത്യങ്ങൾ

New Update
images (99)

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തമിഴ്നാട്ടിൽ എസ്.ഐ.ടി കണ്ടെത്തിയ ദിണ്ഡിഗല്‍ സ്വദേശി ഡി. മണിക്ക് ശരിക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ടോ? താൻ നിരപരാധിയാണെന്നും എസ്.ഐ.ടി വേട്ടയാടുകയാണെന്നും മണി കരഞ്ഞു പറയുന്നു.

Advertisment

എന്നാൽ മണി പറയുന്നതെല്ലാം കള്ളമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. മണിയുടെ സുഹൃത്തും തയ്യൽക്കാരനുമായ ബാലമുരുകനെയും പാത്രക്കടക്കാരൻ ശ്രീകൃഷണനെയുമൊക്കെ എസ്.ഐ.ടി ചോദ്യം ചെയ്തിട്ടുണ്ട്.


തമിഴ്നാട്ടിൽ എസ്.ഐ.ടി നടത്തുന്ന അന്വേഷണം ശരിയായ ദിശയിലുള്ളതാണോ എന്ന ആശങ്കയും വ്യാപകമാവുന്നുണ്ട്.


രമേശ് ചെന്നിത്തലയുടെ സുഹൃത്തായ പ്രവാസി വ്യവസായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിൽ മണി അടക്കമുള്ളവരെ ചോദ്യംചെയ്തത്. എന്നാൽ വ്യവസായിയുടെ മൊഴി ശബരിമല സ്വർണക്കൊള്ളയെ കുറിച്ചല്ല.

4 പഞ്ചലോഹ വിഗ്രഹങ്ങൾ കച്ചവടം നടത്താനുള്ള ഇടനിലക്കാരനായിരുന്നു മണി എന്നാണ് വ്യവസായിയുടെ വെളിപ്പെടുത്തൽ. സ്വർണക്കൊള്ള കേസുമായി ബന്ധമുള്ള ആരോപണമാണോ ഇതെന്ന് ഇപ്പോഴും വ്യക്തമല്ല.

അന്വേഷണത്തിന് ഹൈക്കോടതി നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് തമിഴ്നാട്ടിലെ എസ്.ഐ.ടിയുടെ അന്വേഷണം.

1502350-swarna-kolla


മണിയും കൂട്ടാളികളും ശരിക്കും സ്വർണക്കൊള്ളയിൽ പങ്കുള്ളവരാണോ അതോ കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ അടക്കം രക്ഷിക്കാനുള്ള തിരക്കഥയുടെ ഭാഗമായാണോ തമിഴ്നാട്ടിലെ അന്വേഷണം എന്നിങ്ങനെ സംശയങ്ങൾ പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്.  


ഒന്നുകിൽ മണി നിരപരാധിയായിരിക്കണം. അല്ലെങ്കിൽ മണിയുടെ അഭിനയമായിരിക്കണം എല്ലാം. സ്വർണക്കൊള്ളയിൽ മണിക്ക് കാര്യമായ പങ്കുണ്ടാവും. ഈ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം നൽകേണ്ടത് എസ്.ഐ.ടിയാണ്.

 ഡയമണ്ട് മണിയെന്ന് അറിയപ്പെടുന്ന മണി താന്‍ ഡി. മണിയല്ല, എം.എസ്. മണിയാണെന്ന് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത് എന്തിനാണെന്നാണ് എസ്‌ഐടി പരിശോധിക്കുന്നത്. ഇതില്‍ നിന്നു തന്നെ മണിയുടെ കള്ളത്തരം വ്യക്തമാകുമെന്നാണു സൂചന.

തനിയ്ക്ക് സ്വര്‍ണത്തിന്റെയോ ഡയമണ്ടിന്റേയോ ബിസിനസുകള്‍ ഇല്ലെന്നാണ് ഡി. മണി വെള്ളിയാഴ്ച ചോദ്യം ചെയ്തപ്പോള്‍ അന്വേഷണ സംഘത്തോടു പറഞ്ഞത്. ഇതു സംബന്ധിച്ച കാര്യങ്ങള്‍ തെളിയിക്കുന്നതിനായി ഡി. മണിയുടെയും കൂട്ടാളികളുടെയും ബാങ്ക് അക്കൗണ്ട് സംബന്ധിച്ച രേഖകള്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.


സ്വര്‍ണ ബിസിനസുമായി ബന്ധപ്പെട്ടവരുമായി പണം കൈമാറ്റം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് പ്രധാന ശ്രമം. സ്വര്‍ണ വ്യാപാരവുമായി ബന്ധപ്പെട്ട മറ്റുചില ഇടപാടുകാരില്‍ നിന്നും മണിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.


ജനുവരി അഞ്ചിനോ ആറിനോ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് എസ്‌ഐടി ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതില്‍ എന്തെങ്കിലും തെളിവ് ലഭിച്ചാല്‍ വിശദമായി ചോദ്യം ചെയ്യും. മണിയുടെ സഹായി ശ്രീകൃഷ്ണനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചു നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഡി.മണിയെന്ന് വിളിപ്പേരുള്ളത് എം. എസ് മണി തന്നെയാണെന്നു കഴിഞ്ഞ ദിവസം എസ്‌ഐടി സ്ഥിരീകരിച്ചിരുന്നു. ബാലമുരുകനെയാണ് എം.എസ് മണി വിളിക്കാറുള്ളതെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.

മണി മറ്റുള്ളവരുടെ പേരിലാണ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ എടുക്കുന്നത്.
കഴിഞ്ഞ ദിവസം ദിണ്ഡിഗലില്‍ എത്തിയ എസ്‌ഐടി മണിയെ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ സ്ഥാപനത്തില്‍ പരിശോധനയും നടത്തിയിരുന്നു.

sabarimala Gold theft | ഡി മണിയുടെ വളർച്ചയിൽ അടിമുടി ദുരൂഹത | D Mani | SIT

താന്‍ നിരപരാധിയാണെന്നും നിയമപരമല്ലാത്ത ഒരു ബിസിനസും നടത്തുന്നില്ലെന്നും മണി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും വ്യക്തമാക്കിയിരുന്നു.

സ്വര്‍ണക്കടത്തിന് പിന്നില്‍ രാജ്യാന്തര ലോബിയുണ്ടെന്നും ഇതിലെ മുഖ്യകണ്ണിയാണ് ഡി. മണിയെന്നുമായിരുന്നു പ്രവാസി വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്. പ്രവാസി വ്യവസായിക്ക് ഇക്കാര്യങ്ങള്‍ അറിയാമെന്ന വിവരം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് എസ്‌ഐടിയെ അറിയിച്ചത്.

ഇതോടെയാണ് ദിണ്ഡിഗല്‍ മണിയെ തേടി പോലീസ് എത്തിയത്. ദുരൂഹതകളുടെ കൂടാരമാണ് മണിയെന്നും വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയുള്ളുവെന്നുമാണ് എസ്‌ഐടി നിലപാട്.

Advertisment