ഡിജിറ്റല്‍ ഗവേണന്‍സ് കെ സ്മാര്‍ട്ടില്‍ ഇതുവരെ ലഭിച്ചത് എട്ടര ലക്ഷത്തോളം ജനന മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപേക്ഷകള്‍, തീര്‍പ്പാക്കിയവ ഏഴര ലക്ഷത്തോളം

New Update
k smart

തിരുവനന്തപുരം : ഡിജിറ്റല്‍ ഗവേണന്‍സിന്റെ മുഖമായ കെ സ്മാര്‍ട് ആപ്ലിക്കേഷനിലൂടെ ജനന രജിസ്‌ട്രേഷന്‍, ജനന സര്‍ട്ടിഫിക്കറ്റിലെ തിരുത്ത്, വൈകിയ ജനന അപേക്ഷകള്‍ എന്നിവകള്‍ക്കായി ഇതുവരെ സമര്‍പ്പിക്കപ്പെട്ടത് 692696 അപേക്ഷകള്‍. ഇതില്‍ 599103 അപേക്ഷകള്‍ തീര്‍പ്പാക്കി കഴിഞ്ഞു. ആകെ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളുടെ 96.27 ശതമാനമാണിത്.

Advertisment

ഏറ്റവും കൂടുതല്‍ ജനന രജിസ്ട്രേഷന്‍ അപേക്ഷകള്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നത് കോഴിക്കോട് കോര്‍പ്പറേഷനിലാണ്. ആകെ 26111 അപേക്ഷകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 98 ശതമാനവും, അതായത് 25770 അപേക്ഷകളും തീര്‍പ്പാക്കി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെ 25747 ജനന രജിസ്ട്രേഷന്‍ അപേക്ഷകള്‍ കെ സ്മാര്‍ട് വഴി രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 25649 അപേക്ഷകള്‍ തീര്‍പ്പാക്കിക്കഴിഞ്ഞു. 


തൃശൂര്‍ കോര്‍പ്പറേഷനില്‍ 11623 അപേക്ഷകളാണ് സ്വീകരിക്കപ്പെട്ടത്. ഇതില്‍ 11571 അപേക്ഷകള്‍ തീര്‍പ്പാക്കി. കൊച്ചി കോര്‍പ്പറേഷനില്‍ 11487 അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ അതില്‍ 11429 എണ്ണമാണ് തീര്‍പ്പാക്കിയത്. കോട്ടക്കല്‍ മുനിസിപ്പാലിറ്റിയില്‍ 9942 ആപേക്ഷകള്‍ വന്നതില്‍ 9935 അപേക്ഷകള്‍ തീര്‍പ്പാക്കി. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയില്‍ 9134 ജനന രജിസ്ട്രേഷന്‍ അപേക്ഷകളാണ് കെ സ്മാര്‍ടിലൂടെ സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ 9132 അപേക്ഷകള്‍ തീര്‍പ്പാക്കി. മഞ്ചേരി മുനിസിപ്പാലിറ്റിയില്‍ 8492 അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ അതില്‍ 8485 അപേക്ഷകള്‍ ഇതിനോടകം തീര്‍പ്പാക്കിക്കഴിഞ്ഞു. 


കൊല്ലം കോര്‍പ്പറേഷനില്‍ ഇതുവരെ ആകെ 7638 അപേക്ഷകളാണുണ്ടായിട്ടുള്ളത്. ഇതില്‍ 7601 അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കി. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ ആകെ 7230 അപേക്ഷകള്‍ സ്വീകരിക്കപ്പെട്ടു. ഇതില്‍ 7226 അപേക്ഷകള്‍ തീര്‍പ്പാക്കിക്കഴിഞ്ഞു. മലപ്പുറം മുനിസിപ്പാലിറ്റിയില്‍ ആകെ സ്വീകരിക്കപ്പെട്ട 7074 അപേക്ഷകളില്‍ 7070 അപേക്ഷകളും തീര്‍പ്പാക്കി.


ഇതുവരെ ആകെ 145149 മരണവുമായി ബന്ധപ്പെട്ട അപേക്ഷകളാണ് കെ സ്മാര്‍ട് മുഖേന സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 132095 അപേക്ഷകള്‍ അനുവദിക്കപ്പെട്ടുകഴിഞ്ഞു. 138142 മരണ രജിസ്ട്രേഷന്‍ അപേക്ഷകള്‍ ലഭിച്ചതില്‍ 132095 സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുകയും 7146 മരണ സര്‍ട്ടിഫിക്കറ്റ് തിരുത്തല്‍ അപേക്ഷകളിലെ 4496 എണ്ണം നല്‍കുകയും ചെയ്തു. 1272 വൈകിയ മരണ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ ലഭിച്ചതില്‍ 4496 അപേക്ഷകള്‍ തീര്‍പ്പാക്കി. ആകെ അപേക്ഷകളുടെ 91 ശതമാനമാണിത്.


ഉദ്യോഗസ്ഥര്‍ക്ക് വീടുകളില്‍ നിന്നുപോലും ഫയലുകള്‍ കൈകാര്യം ചെയ്യുവാന്‍ സാധിക്കുമെന്നതിനാല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിലുള്ള വേഗം വലിയ രീതിയില്‍ കൂടിയിട്ടുണ്ട്. അപേക്ഷകൾ അപ്രൂവൽ ലഭിച്ചാലുടൻ സർട്ടിഫിക്കറ്റ് വാട്സ്ആപ്പിൽ ലഭ്യമാകുന്ന തരത്തിലും സർട്ടിഫിക്കറ്റിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ നേരിട്ട് കെസ്മാർട്ട് വെബ്സൈറ്റിലേക്ക് പോയി വെരിഫൈ ചെയ്യാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 


ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് സേവനം നല്‍കുന്നുണ്ട് എന്ന് ഉറപ്പാക്കാനും കെ സ്മാര്‍ടിലൂടെ സാധിക്കും. ജോലിഭാരം കുറയുന്നതിനാല്‍ ജീവനക്കാര്‍ക്ക് മറ്റ് ഭരണ നിര്‍വ്വഹണ കാര്യങ്ങളില്‍ അവരുടെ കാര്യശേഷി ഉപയോഗപ്പെടുത്താനും കഴിയും - കെ സ്മാര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ബാബു ഐഎഎസ് പറഞ്ഞു. സുതാര്യത ഉറപ്പ് വരുത്തി ഫയല്‍ നീക്കം വേഗത്തിലായി എന്നതാണ് കെ- സ്മാര്‍ട്ട് സവിശേഷതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിലവില്‍ സിവില്‍ രജിസ്‌ട്രേഷന്‍ (ജനന- മരണ - വിവാഹ രജിസ്‌ട്രേഷന്‍), ബിസിനസ് ഫെസിലിറ്റേഷന്‍ (വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഉള്ള ലൈസന്‍സുകള്‍), വസ്തു നികുതി, യൂസര്‍ മാനേജ്‌മെന്റ്, ഫയല്‍ മാനേജ്‌മെന്റ് സിസ്റ്റം, ഫിനാന്‍സ് മൊഡ്യൂള്‍, ബില്‍ഡിങ് പെര്‍മിഷന്‍ മൊഡ്യൂള്‍, പൊതുജന പരാതി പരിഹാരം എന്നീ എട്ട് മൊഡ്യൂളുകളും 'നോ യുവര്‍ ലാന്‍ഡ്' ഫീച്ചറുമാണ് സേവനങ്ങള്‍ നല്‍കാനായി ലഭ്യമായിട്ടുള്ളത്. സങ്കീര്‍ണതകളില്ലാതെ എളുപ്പത്തില്‍ പൊതുജനങ്ങള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുവാനും അതിവേഗത്തില്‍ സേവനം ലഭ്യമാകുവാനും കെ സ്മാര്‍ടിലൂടെ സാധിക്കുമെന്നതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ക്കായി കെ സ്മാര്‍ടിനെ ആശ്രയിക്കുന്നവരുടെ എണ്ണവും ഉയര്‍ന്നുവരികയാണ്.


ഇ-ഫയലിങ്ങ് ജനന മരണ വിവാഹ രജിസ്‌ട്രേഷനില്‍ നിര്‍ബന്ധമാക്കിയതോടെ വിവരങ്ങള്‍ കൃത്യതയോടെ നല്‍കേണ്ടത് പൊതുജനങ്ങളുടെ ഉത്തരവാദിത്വമായി മാറി. അതിനാല്‍ വിവരങ്ങള്‍ പരമാവധി കൃത്യതയോടെ ലഭ്യമാകുന്നതും ഒപ്പം കെ സ്മാര്‍ട്ടിന്റെ സവിശേഷ ഫീച്ചറായ സര്‍ട്ടിഫിക്കറ്റ് പ്രിവ്യൂ ഓപ്ഷനിലൂടെ അപ്രൂവ് ചെയ്യപ്പെടാന്‍ പോകുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് തെറ്റുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് ആപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യാന്‍ കഴിയുന്നതിനാലും തിരുത്തല്‍ അപേക്ഷകളുടെ എണ്ണം വലിയ തോതില്‍ കുറയാന്‍ കാരണമായിട്ടുണ്ട്.


മുമ്പ് ഡാറ്റാ എന്‍ട്രി ഉള്‍പ്പെടെയുള്ള ജോലികള്‍ ജീവനക്കാര്‍ ചെയ്തു വന്നത് ഒഴിവായപ്പോള്‍ വളരെ വേഗം ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജീവനക്കാര്‍ക്ക് കഴിയുന്നു. പേര് ചേര്‍ക്കല്‍, തിരുത്തല്‍ എന്നിവ ഓണ്‍ലൈന്‍ ആയതോടെ ലോകത്ത് എവിടെ ഇരുന്നാലും അനായാസമായി പൊതു ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകുന്നു. ഓഫീസില്‍ നേരിട്ട് ചെല്ലാതെതന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ വാട്ട്‌സ്ആപ്പിലൂടെ പുതിയ സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്ക് ലഭ്യമാകും.


ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തണമെങ്കില്‍ ഒരു ഓണ്‍ലൈന്‍ അപേക്ഷയിലൂടെ തന്നെ ആ സര്‍വ്വീസിലെ തിരുത്തലുകള്‍ മുഴുവന്‍ വരുത്തുന്നതിനും പൊതു ജനങ്ങള്‍ക്ക് സാദ്ധ്യമാണ്. ഇതില്‍ എന്തെങ്കിലും കൂടുതല്‍ വ്യക്തത ആവശ്യമാണെങ്കില്‍ ഓണ്‍ലൈന്‍ ആയി തന്നെ ഉദ്യോഗസ്ഥര്‍ക്ക് പൊതു ജനങ്ങള്‍ക്ക് ഫയല്‍ തിരികെ അയക്കാനും ആയത് തിരുത്തി പൊതു ജനങ്ങള്‍ക്ക് റീ സബ്മിറ്റ് ചെയ്യുന്നതിനും ഓപ്ഷന്‍ ഉള്ളതിനാല്‍ യാതൊരു ആവശ്യത്തിനും ഓഫീസില്‍ നേരിട്ട് സന്ദര്‍ശിക്കേണ്ട സാഹചര്യം പൊതുജനങ്ങള്‍ക്ക് ഉണ്ടാവുന്നില്ല. കൂടാതെ ഫയല്‍ ട്രാക്കിങ്ങ് സംവിധാനത്തിലൂടെ ഓരോ ഉപഭോക്താവിനും ഫയല്‍ നീക്കം മനസ്സിലാക്കാനും സാധിക്കും.