2 മാസമായി പെൻഷനും ഒരു മാസത്തെ ശമ്പളവും മുടങ്ങി. എന്നിട്ടും രാഷ്ട്രീയക്കളി നിർത്താതെ ടെക്നോളജി യൂണിവേഴ്സിറ്റിയിലെ രാഷ്ട്രീയക്കാർ. വർഷം തീരാറായിട്ടും ബജറ്റ് പാസാക്കിയില്ല. പരീക്ഷാ നടത്തിപ്പും സർട്ടിഫിക്കറ്റ് നൽകലുമടക്കം പ്രതിസന്ധിയിൽ. നയാ പൈസയില്ലെങ്കിലും, ഗവർണർ നിയമിച്ച വി.സിയെ അംഗീകരിക്കില്ലെന്ന് യൂണിവേഴ്സിറ്റിയിലെ രാഷ്ട്രീയക്കാർക്ക് വാശി

New Update
1digital-university

തിരുവനന്തപുരം: ശമ്പളവും പെൻഷനും മുടങ്ങുകയും നിത്യച്ചെലവിന് പോലും പണമില്ലാതാവുകയും ചെയ്തിട്ടും സാങ്കേതിക സർവകലാശാലയിൽ രാഷ്ട്രീയക്കളിക്ക് അറുതിയില്ല.

Advertisment

ഇക്കൊല്ലത്തെ യൂണിവേഴ്സിറ്റി ബജറ്റ് ഇതുവരെ പാസാക്കാനായിട്ടില്ല. ബജറ്റ് അംഗീകരിക്കാൻ ഇന്ന് ഫിനാൻസ് കമ്മിറ്റി യോഗം വിളിച്ചെങ്കിലും രാഷ്ട്രീയക്കളിയിൽ ക്വാറം തികയിപ്പിച്ചില്ല.


ഇതോടെ യൂണിവേഴ്സിറ്റിയിൽ കടുത്ത സാമ്പത്തിക സ്തംഭനമാണ്. യൂണിവേഴ്സിറ്റിയിൽ 2മാസമായി പെൻഷനും കഴിഞ്ഞമാസത്തെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്.



ഇന്ന് ചേർന്ന ഫിനാൻസ് കമ്മിറ്റി യോഗത്തിൽ സർവകലാശാലാ, സർക്കാർ പ്രതിനിധികളും യൂണിവേഴ്സിറ്റി ഡീൻമാരും വിട്ടുനിന്നു. അതോടെ ബജറ്റ് അംഗീകരിക്കാനായില്ല.

എൻജിനിയറിംഗ് കോഴ്സ് പ്രവേശനം, പരീക്ഷ നടത്തിപ്പ്,ഡിഗ്രി വിതരണം, ശമ്പളം, പെൻഷൻ എന്നിവ തടസപ്പെട്ടു.

digital-university

സർവ്വകലാശാല ഉദ്യോഗസ്ഥരും, സിൻഡിക്കേറ്റിലെയും ബോർഡ് ഓഫ് ഗവർണഴ്സിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, സർക്കാരിൻറെ ധനകാര്യവകുപ്പിലെയും ഉന്നത വിദ്യാഭ്യാസ വകുപ്പിലെയും പ്രതിനിധികൾ ഉൾപ്പെടെ 14 അംഗങ്ങളുള്ള ഫിനാൻസ് കമ്മിറ്റിയുടെ ക്വാറം തികയണമെങ്കിൽ 5 അംഗങ്ങൾ എങ്കിലും യോഗത്തിൽ പങ്കെടുത്തിരിക്കണം എന്നാണ് നിബന്ധന. 


ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ചേർന്ന് യോഗത്തിൽ വൈസ് ചാൻസിലറും , രജിസ്ട്രാറും,ഫിനാൻസ് ഓഫീസറും, ഒരു ബോർഡ് ഓഫ് ഗവർണേഴ്സ് പ്രതിനിധിയും മാത്രമേ യോഗത്തിന് ഹാജരായിരുന്നുള്ളൂ.


ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടും മറ്റുള്ള ഉദ്യോഗസ്ഥരും, യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരായ രണ്ട് ഡീൻമാരും  യോഗത്തിൽ നിന്നും വിട്ടു നിന്നതിനാൽ ക്വാറം തികയാതെ ഫിനാൻസ് കമ്മിറ്റി യോഗത്തിന് ബജറ്റിന് അംഗീകാരം നൽകാൻ കഴിഞ്ഞില്ല.  

ഓൺലൈനായി യോഗത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നിട്ടും മറ്റുള്ള ഉദ്യോഗസ്ഥരും അംഗങ്ങളും യോഗത്തിൽ നിന്നും രാഷ്ട്രീയ ഇടപെടൽ കാരണം മനപ്പൂർവ്വം മാറി നിൽക്കുകയാണ് ചെയ്തത്.

ഫിനാൻസ് കമ്മിറ്റി യോഗം ബജറ്റിന് അംഗീകാരം നൽകിയിരുന്നുവെങ്കിൽ സിൻഡിക്കേറ്റ്, ബോർഡ് ഓഫ് ഗവർണേഴ്സ് യോഗങ്ങൾ ഉടനടി വിളിച്ചുചേർത്ത് പൂർണ ബജറ്റ് പാസാക്കാനുള്ള നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു വൈസ് ചാൻസിലർ ഡോ. കെ. ശിവപ്രസാദ്.  


സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന് ഉദ്യോഗസ്ഥരും മറ്റു പ്രതിനിധികളും വിട്ടു നിന്നതോടുകൂടി സാമ്പത്തിക ഇടപാടുകൾ നടത്താൻ ആവാതെ സർവ്വകലാശാലയുടെ  ദൈനം ദിനപ്രവർത്തനങ്ങൾ പൂർണ്ണമായ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്.


പ്രതിമാസം ഒരു കോടിയോളം രൂപ പ്രതിഫലം വാങ്ങുന്ന സോഫ്റ്റ്‌വെയർ കമ്പനിയുടെ രണ്ടുമാസത്തെ പ്രതിഫലം കുടിശ്ശിഖയാണ്.

സർവ്വകലാശാലയുടെ ഈ ഗവേണൻസ് പദ്ധതിയുടെ ക്ലൗഡ് സർവറുകളുടെ സർവീസ് ദാതാക്കളായ ആമസോൺ ക്ലൗഡിനു നൽകുവാനുള്ള ലൈസൻസ് ഫീസും മുടങ്ങിയിരിക്കുകയാണ്.

സർവ്വകലാശാല ആസ്ഥാനത്തെ ഇൻറർനെറ്റ് സർവീസ് ദാതാക്കളായ ഏഷ്യാനെറ്റ്, ബിഎസ്എൻഎൽ, കെ- ഫോൺ എന്നീ സ്ഥാപനങ്ങൾക്ക് നൽകേണ്ട തുകയും കുടിശ്ശിഖയാണ്'


ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന സർവ്വകലാശാലയുടെ പരീക്ഷകളും, ഫലപ്രഖ്യാപനങ്ങളും, ഈ വർഷത്തെ ബിടെക് പ്രവേശന നടപടികളും ഉൾപ്പെടെ മുടങ്ങുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന ഗുരുതരമായ സാഹചര്യമാണ് സംജാതമായിരിക്കുന്നത്.


വിദ്യാർത്ഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് നിലവിൽ എത്തിച്ചുകൊടുക്കുന്നത് തപാൽ വകുപ്പാണ്.  കഴിഞ്ഞ മാസത്തെ തപാൽ ബില്ലിലുള്ള തുക നൽകിയില്ലെങ്കിൽ ഡിഗ്രി സർട്ടിഫിക്കറ്റ് നീക്കവും സ്തംഭിക്കും. ഇന്ധനം നിറയ്ക്കാൻ കഴിയാത്തതിനാൽ സർവകലാശാലയുടെ വാഹനങ്ങൾ ഒന്നും ഓടുന്നില്ല.

വൈസ് ചാൻസലർ ഉൾപ്പെടെ സ്വന്തം വാഹനമാണ് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. പരീക്ഷാ വിഭാഗം ജീവനക്കാരുടെ സ്വന്തം വാഹനങ്ങളിൽ ആണ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ സ്പീഡ് പോസ്റ്റ് ഓഫീസിൽ എത്തിക്കുന്നത്.


ജീവനക്കാരുടെ ശമ്പളവും പെൻഷനും ഉൾപ്പെടെ മുടങ്ങിയിട്ടും  ഉദ്യോഗസ്ഥർ ബജറ്റ് അംഗീകരിക്കാനുള്ള യോഗത്തിൽ നിന്നും മനപൂർവ്വം വിട്ടുനിന്നതിൽ സർവ്വകലാശാല ജീവനക്കാരിൽ കടുത്ത പ്രതിഷേധമുണ്ട്.


സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ടറി സമിതികളിലെ അംഗങ്ങളുടെ നിഷേധാത്മകതയും, സർവകലാശാലയെ തകർക്കുന്ന സർക്കാർ നിലപാടിലും  സാങ്കേതിക സർവ്വകലാശാല സ്റ്റാഫ് ഓർഗനൈസേഷൻ പ്രതിഷേധിച്ചു.

സർവകലാശാലയുടെ പ്രവർത്തനം പൂർണ്ണമായും സ്തംഭനാവസ്ഥയിലേക്ക് പോകുന്ന പ്രത്യേക സാഹചര്യത്തിൽ, വൈസ് ചാൻസലറുടെ സവിശേഷ അധികാരം ഉപയോഗിച്ച് ബജറ്റ് വീണ്ടും വോട്ട് ഓൺ അക്കൗണ്ടിൽ പാസാക്കണമെന്ന് ഓർഗനൈസേഷൻ  വൈസ് ചാൻസിലറോട് ആവശ്യപ്പെട്ടു.

Advertisment