/sathyam/media/media_files/2025/08/06/1digital-university-2025-08-06-19-22-47.jpg)
തിരുവനന്തപുരം: ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറെ കാഴ്ചക്കാരനാക്കിയുള്ളതാണ് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ്.
കഴിഞ്ഞ ബുധനാഴ്ച മന്ത്രിസഭാ യോഗം വി.സി നിയമനത്തിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചെങ്കിലും വിവരങ്ങൾ രഹസ്യമാക്കി വച്ചിരുന്നു. ഓർഡിനൻസിന്റെ കരട് രാജ്ഭവനിൽ എത്തിച്ചപ്പോഴാണ് ദുരൂഹമായ വ്യവസ്ഥകൾ പുറത്തായത്.
ഏതുവിധേനയും വി.സി നിയമനം കൈപ്പിടിയിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. സുപ്രീംകോടതി വരെ കേസ് നടത്തിയെങ്കിലും ഗവർണർ നിയമിച്ച ഡോ.സിസാ തോമസാണ് നിലവിൽ വൈസ്ചാൻസലർ.
കേന്ദ്രസർക്കാരിന്റെ ഫണ്ടിൽ നൂറുകണക്കിന് കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയ സിസാതോമസ് സി.എ.ജി ഓഡിറ്റിന് ശുപാർശ ചെയ്തിരിക്കുകയാണ്.
പിന്നാലെ സി.ബി.ഐ അന്വേഷണവും വരാനിടയുണ്ട്. ഇതെല്ലാം മുൻകൂട്ടിക്കണ്ടാണ് വിസിയെ ഏതുവിധേനയും തെറിപ്പിക്കാനുള്ള സർക്കാരിന്റെ ഓർഡിനൻസ്.
ഡിജിറ്റൽ സർവകലാശാലയിലെ വൈസ്ചാൻസലർ നിയമനത്തിനുള്ള അഞ്ചംഗങ്ങളുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറായ ഗവർണറുടെ പ്രതിനിധിയില്ലെന്നതാണ് ഏറ്റവും ഗൗരവമുള്ളത്.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശുപാർശ ചെയ്യുന്ന ഐ.ടി വിദഗ്ദ്ധൻ, സയൻസ് ആൻഡ് ടെക്നോളജി വിദഗ്ദ്ധൻ, യു.ജി.സി പ്രതിനിധി, സർവകലാശാലാ ബോർഡ് ഓഫ് ഗവേണേഴ്സ് പ്രതിനിധി, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധൻ എന്നിവരാണ് സെർച്ച് കമ്മിറ്റിയിലുള്ളത്.
അഞ്ചംഗ സെർച്ച്കമ്മിറ്റിക്ക് ഐകകണ്ഠ്യേന ഒറ്റപ്പേര് ഗവർണർക്ക് നൽകാം. അല്ലെങ്കിൽ സെർച്ച് കമ്മിറ്റി നൽകുന്ന പാനലിൽ നിന്ന് ഭൂരിപക്ഷം അംഗങ്ങൾ നിർദ്ദേശിക്കുന്നയാളെ വി.സിയായി ഗവർണർക്ക് നിയമിക്കാം.
ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടാൽ നിയമഭേദഗതി നിലവിൽ വരും. അതോടെ സെർച്ച് കമ്മിറ്റിയിൽ നാല് അംഗങ്ങളുടെ പിന്തുണ സർക്കാരിന് ലഭിക്കും. സർക്കാരിന്റെ ഇഷ്ടക്കാരെ വി.സിയാക്കാനുള്ള പാനലിൽ ഉൾപ്പെടുത്താനുമാവും. വി.സി നിയമനത്തിനുള്ള പരമാവധി പ്രായം70 ആക്കിയിട്ടുണ്ട്.
വി.സിയുടെ ഒഴിവുണ്ടാവുന്നതിന് മൂന്നു മാസം മുൻപേ സർക്കാരിന് വിജ്ഞാപനമിറക്കാം. സെർച്ച് കമ്മിറ്റി രണ്ടുമാസത്തിനകം ശുപാർശ നൽകണമെന്നും കരട് ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.
സെർച്ച് കമ്മിറ്റിയിൽ സർക്കാർ പ്രതിനിധി പാടില്ലെന്നും ഒറ്റപ്പേര് നൽകരുതെന്നും സാങ്കേതിക സർവകലാശാലാ വി.സിയായിരുന്ന ഡോ.രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിലുണ്ടായിരുന്നു. ഇതിന് വിരുദ്ധമാണ് ഓർഡിനൻസിലെ വ്യവസ്ഥ.
ഓർഡിനൻസിന്മേൽ ഗവർണർ നിയമോപദേശം തേടും. ഡിജിറ്റൽ വിസി നിയമനം സംബന്ധിച്ച കേസ് 13ന് സുപ്രീംകോടതി പരിഗണിക്കുമ്പോൾ ഓർഡിനൻസ് കൊണ്ടുവരുന്ന വിവരം സർക്കാർ അറിയിക്കും.
ഓർഡിനൻസിന് ഗവർണർ അനുമതി നൽകാനിടയില്ല. വി.സി നിയമനം കൈപ്പിടിയിലാക്കാനുള്ള സർക്കാരിന്റെ തന്ത്രമാണെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സർവകലാശാലകളിൽ വി.സി നിയമനത്തിന് അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ നേരത്തേ നിയമസഭ പാസാക്കിയ 2 ബില്ലുകൾ രാഷ്ട്രപതി തള്ളിയിരുന്നു.
അക്കൂട്ടത്തിൽ ഐ.ടി വകുപ്പിന്റെ ഡിജിറ്റൽ സർവകലാശാല ഉൾപ്പെട്ടിരുന്നില്ല. രാഷ്ട്രപതി തള്ളിയ ബില്ലുകളിലെ സമാന വ്യവസ്ഥയാണ് സർക്കാരിന്റെ കരട്ഓർഡിനൻസിലുള്ളതെന്നാണ് വിലയിരുത്തൽ.
അടുത്തമാസം നിയമസഭ സമ്മേളിക്കാനിരിക്കെ, ധൃതിപിടിച്ച് ഓർഡിനൻസ് കൊണ്ടുവന്നതും സംശയകരമാണ്. ഗവർണർ ഒപ്പിട്ടാലേ ഓർഡിനൻസ് പ്രാബല്യത്തിലാവൂ.