എന്താണ് സാറെ പ്രതി ഞാൻ തന്നെയാകണമെന്ന് തീരുമാനിച്ചതുപോലെ ? രാമലീല എന്ന സിനിമയുടെ രംഗങ്ങളിലൊന്നിൽ പോലീസിനെതിരെ ദിലീപ് ഉപയോഗിക്കുന്ന ഡയലോഗ് വീണ്ടും ചർച്ചയാവുന്നു. തനിക്കെതിരെ പോലീസ് നടത്തിയ ഗൂഢാലോചന മാത്രമാണിതെന്ന് കോടതിക്ക് പുറത്തിറങ്ങിയ ദിലീപ്. കുറ്റവിമുക്തനായതോടെ പുറത്താക്കിയ വിവിധ സംഘടനകളും അയഞ്ഞു. പഴയ പ്രതാപം ഇല്ലെങ്കിലും 'ജനപ്രിയ'ന്റെ തിരിച്ചുവരവ് സാധ്യമോ ?

New Update
dileep-3

കൊച്ചി: നടി ആക്രമണക്കേസിൽ കുറ്റവിമുക്തനായി കോടതിയുടെ പുറത്തേക്കിറങ്ങിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചത് ഇങ്ങനെയാണ്- "എനിക്കെതിരെ പോലീസ് നടത്തിയ ഗൂഢാലോചനയാണിത്...'
2018ൽ ദിലീപ് റിമാൻഡിൽ കഴിയുന്പോൾ റിലീസ് ചെയ്ത രാമലീല എന്ന സിനിമയുടെ രംഗങ്ങളിലൊന്നിൽ പോലീസിനെതിരെ ദിലീപ് ഉപയോഗിക്കുന്ന ഡയലോഗുണ്ട്- "എന്താണ് സാറെ പ്രതി ഞാൻ തന്നെയാകണമെന്ന് തീരുമാനിച്ചതുപോലെ..? 

Advertisment

സ്വാഭാവികമായ രണ്ടുകാര്യങ്ങൾ. അതിന്‍റെ വിലയോ ഒരു നടന്‍റെ ജീവിതം..!  നടി ആക്രമണക്കേസിൽ പ്രതിസ്ഥാനത്തുനിന്ന താരം വൻ ആരോപണങ്ങൾക്കു വിധേയനാകുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലും ന്യൂജെൻ മീഡിയകളിലും ദിലീപിനെതിരെ വൻ ആക്ഷേപങ്ങളും പ്രചരിക്കാൻ തുടങ്ങി.  

ആഴ്ചകൾക്കുള്ളിൽ ജനപ്രിയനാകൻ, ജനം ഏറ്റവും കൂടുതൽ വെറുക്കുന്ന നടനായി മാറി. അമ്മ ഉൾപ്പെടെ സിനിമയുമായി ബന്ധപ്പെട്ട സംഘടനകളിൽനിന്നു താരത്തെ പുറത്താക്കി. ജ​ന​പ്രി​യ നാ​യ​ക​ന്‍റെ വീഴ്ചയായിരുന്നു പിന്നീട് സംഭവിച്ചത്.


സുഹ‌ൃത്തുക്കളിൽനിന്നു പോലും ദിലീപ് ഒറ്റപ്പെട്ടു. താരത്തിനായി അണിയറയിൽ ഒരുങ്ങിയ പ്രോജക്ടുകൾ മുടങ്ങി. ചില താരങ്ങളും ടെക്നീഷന്മാരും ദിലീപിന്‍റെ പ്രോജക്ടുകളോടു സഹകരിക്കാതെയായി. 


കോടികളുടെ സാറ്റലൈറ്റ് ബിസിനസ് ഉണ്ടായിരുന്ന താരത്തിന്‍റെ ചിത്രങ്ങൾക്ക് കുത്തനെ ഇടിവു സംഭവിച്ചു. സ്ത്രീപ്രേക്ഷകരുടെ ഭാഗത്തുനിന്നു ശക്തമായ എതിർപ്പുയർന്നു. രാമലീലയ്ക്കുശേഷം വന്ന ചിത്രങ്ങൾ തിയറ്ററുകളിൽ സാന്പത്തികനേട്ടം കൈവരിച്ചില്ല.  

നല്ല സിനിമ പോലും സമൂഹമാധ്യമങ്ങളിൽ ഇകഴ്ത്തിക്കാണിക്കപ്പെട്ടു. കുറ്റവാളിയോടെന്നപോലെ പകയോടെയാണ് പൊതുസമൂഹം ദിലീപിനോട് പെരുമാറിയത്.

കമ്മാരസംഭവം, കോടതി സമക്ഷം ബാലൻ വക്കീൽ, ശുഭരാത്രി, ജാക്ക് ആൻഡ് ഡാനിയേൽ, മൈ സാന്‍റ, കേശു ഈ വീടിന്‍റെ നാഥൻ, വോയിസ് ഓഫ് സത്യനാഥൻ, ബാന്ദ്ര, തങ്കമണി, പവി കെയർ ടേക്കർ,

പ്രിൻസ് ആൻഡ് ഫാമിലി എന്നിവയാണ് കേസിനുശേഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം. പലതും മികച്ച സിനിമയായിരുന്നിട്ടും നെഗറ്റീവ് പ്രചരണത്തിൽ കൂപ്പുകുത്തുകയായിരുന്നു.


പ്രമുഖ സംവിധായകൻ കമലിന്‍റെ സംവിധാന സഹായി ആയാണ് ദിലീപ് സിനിമാരംഗത്ത് എത്തുന്നത്. അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവർത്തിക്കവെ എ​ന്നോ​ടി​ഷ്ടം കൂ​ടാ​മോ എ​ന്ന ക​മ​ല്‍ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ​യാ​ണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്.


തുടർന്ന് മാനത്തെ കൊട്ടാരം എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്തു. ഖുശ്ബുവും സുരേഷ് ഗോപിയുമായിരുന്നു മറ്റു താരങ്ങൾ. തുടർന്ന്, ദിലീപിന്‍റെ കരിയർ ആകാശത്തോളം ഉയരുകയായിരുന്നു. അക്കാലത്തെ ജനപ്രിയ സിനിമകളുടെ വാണിജ്യചേരുവകളിലൊന്നായി ആലുവക്കാരൻ മാറി.

സല്ലാപം എന്ന സിനിമയാണ് ദിലീപിന്‍റെ കരിയർതന്നെ മാറ്റിയത്. ഈ ​പു​ഴ​യും ക​ട​ന്ന്, മീ​ന​ത്തി​ല്‍ താ​ലി​കെ​ട്ട്, പ​ഞ്ചാ​ബി ഹൗ​സ്, ഈ ​പ​റ​ക്കും ത​ളി​ക, ജോ​ക്ക​ര്‍ തുടങ്ങിയ ജനപ്രിയഹിറ്റുകൾ പുറത്തിറങ്ങി. 

മഞ്ജു വാര്യരുടെ വിവാഹശേഷം ദിലീപിന്‍റെ കരിയറിൽ വീണ്ടും വൻഹിറ്റുകൾ പിറന്നു. മഞ്ജുവിന്‍റെ ഭർത്താവ് എന്ന നിലയിലിൽ അവരുടെ ആരാധകരും ദിലീപിനെ സ്നേഹിച്ചു.


നിർമാണമേഖലയിലും ദിലീപ് കൈവച്ചു. ചാന്തുപൊട്ട്, കു​ഞ്ഞി​ക്കൂ​ന​ന്‍, പ​ച്ച​ക്കു​തി​ര, സൗ​ണ്ട് തോ​മ, ച​ക്ക​ര​മു​ത്ത്, മാ​യാ​മോ​ഹി​നി എന്നീ ചിത്രങ്ങളിൽ പരീക്ഷണകഥപാത്രങ്ങളായും താരം എത്തി.


മിസ്റ്റർ മരുമകൻ, മീശമാധവൻ, ലയൺ, റൺവേ, സിഐഡി മൂസ, വെട്ടം, പാണ്ടിപ്പട തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളും ദിലീപിന്‍റെ താരസിംഹാസനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. 

താരസംഘടനയായ അ​മ്മ​യു​ടെ ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം മ​ല​യാ​ളത്തിലെ താ​ര​ങ്ങ​ളെ​യെ​ല്ലാം അ​ണി​നി​ര​ത്തി നി​ര്‍​മി​ച്ച 20 -ട്വ​ന്‍റി എ​ന്ന ചി​ത്രം സി​നി​മാലോ​ക​ത്തെ ദി​ലീ​പി​ന്‍റെ മേൽക്കോയ്മ ശക്തമാക്കി. 

താരം തന്‍റെ സുവർണത്തിളക്കത്തിൽ നിൽക്കുന്പോഴാണ് കേസിൽ അകപ്പെടുന്നത്. ഇപ്പോൾ‌ കുറ്റവിമുക്തനായി തിരച്ചെത്തിയെങ്കിലും താരത്തിന്‍റെ ശത്രുതാകേന്ദ്രങ്ങളിൽനിന്നുള്ള നീക്കം ഭാവിസിനിമകളെയും ബാധിക്കുമോ എന്നു കാണേണ്ടതാണ്.

ഭഭബ- ആണ് റിലീസിനായി ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകുകയാണ്. ചിത്രത്തിന്‍റെ കോടതിയിൽ ഹാജരാകുന്നതിന്‍റെ തലേദിവസം രാത്രി ഡബ്ബിംഗ് ജോലികൾ ദിലീപ് പൂർത്തിയാക്കിയിരുന്നു.

ഇനി താരത്തിന്‍റെ ഭാവി പ്രോജക്ടകൾ വരുംദിവസങ്ങളിൽ അറിയാൻ കഴിയും. കുറ്റവിമുക്തനായതിനെത്തുടർന്ന് വിവിധ സംഘടനകൾ താരത്തെ തിരിച്ചെടുക്കും.

Advertisment