/sathyam/media/media_files/A9bG9prd7fpIStOxUfcx.jpg)
കൊച്ചി: അന്തരിച്ച സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ എം മോഹൻ്റെ സംസ്‌കാരം ഇന്ന് നടക്കും. എറണാകുളം രവിപുരം പൊതു ശ്‌മശാനത്തിൽ ഉച്ചയ്ക്ക് 12 മണിയോടെ ഔദ്യോഗിക ബഹുമതികളോടെയൊകും സംസ്‌കാര ചടങ്ങുകൾ നടക്കുക.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്‌ച്ച രാവിലെയാണ് മോഹൻ മരണപ്പെട്ടത്. ദീർഘ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.
കലാമൂല്യമുള്ള നിരവധി സിനിമകൾ മലയാള സിനിമ മേഖലയ്‌ക്ക് സമ്മാനിച്ച സംവിധായകനായിരുന്നു മോഹൻ.
എഴുപതുകളുടെ അവസാനവും 80-കളിലും മലയാള സിനിമയിൽ സംവിധായകൻ എന്ന നിലയിൽ അദ്ദേഹം ഒന്നാം സ്ഥാനത്തായിരുന്നു. ഹരിഹരൻ, പി വേണു തുടങ്ങിയവരുടെ സംവിധാന സഹായിയായും പ്രവർത്തിച്ചിരുന്നു അദ്ദേഹം.
സമാന്തര സിനിമകളുടെ വക്താവ് കൂടിയായിരുന്നു അദ്ദേഹം. 80-കളുടെ തുടക്കത്തിൽ മലയാള സിനിമയെ മാറ്റിമറിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച സംവിധായകൻ കൂടിയാണ് അദ്ദേഹം.
'വാടകവീട്' (1978) എന്ന സിനിമയാണ് ആദ്യമായി സംവിധാനം ചെയ്‌തത്. 2005ൽ പുറത്തിറങ്ങിയ 'ദി കാമ്പസ്' ആയിരുന്നു അദ്ദേഹം ഏറ്റവും ഒടുവിലായി സംവിധാനം ചെയ്‌തത്.
'വിടപറയും മുമ്പേ', 'ശാലിനി എന്‍റെ കൂട്ടുകാരി', 'ഇസബെല്ല', 'ഇളക്കങ്ങൾ', 'ഇടവേള', 'ആലോലം', 'മംഗളം നേരുന്നു', 'തീർത്ഥം', 'രചന', 'ശ്രുതി', 'ഒരു കഥ ഒരു നുണക്കഥ', 'സാക്ഷ്യം', 'അങ്ങനെ ഒരു അവധിക്കാലത്ത്' തുടങ്ങി 23 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്‌തു.
'അങ്ങനെ ഒരു അവധിക്കാലത്ത്', 'മുഖം', 'ആലോലം', 'ശ്രുതി', 'വിടപറയും മുമ്പേ' എന്നീ അഞ്ചു സിനിമകൾക്ക് അദ്ദേഹം തിരക്കഥയും എഴുതിയിട്ടുണ്ട്.