'ഇടതുപക്ഷത്തിന്റെ നിലപാട് മാറ്റം മുളച്ചുപോയ വാലിന്റെ പ്രായോഗിക രാഷ്ട്രീയം': പിഎം ശ്രീ പദ്ധതിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ പ്രിയനന്ദനൻ

New Update
priyanadhan

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ (NEP) ഭാഗമായ പിഎം ശ്രീ (PM SHRI) പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള ഇടതുപക്ഷ സർക്കാരിൻ്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും സാമൂഹ്യ നിരീക്ഷകനുമായ പ്രിയനന്ദനൻ രംഗത്ത്.

Advertisment

ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർത്തതിന് ശേഷം പിഎം ശ്രീ പദ്ധതി അംഗീകരിക്കാനുള്ള ഇടതുപക്ഷത്തിന്റെ നിലപാട് മാറ്റം "മുളച്ചുപോയ വാലിന്റെ പ്രായോഗിക രാഷ്ട്രീയം" മാത്രമാണോ എന്ന് അദ്ദേഹം ചോദ്യമുയർത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫോട്ടോ അടക്കം പങ്കുവെച്ചാണ് പ്രിയനന്ദനൻ്റെ വിമർശനം.

"ഏറെക്കാലം എതിർത്ത നിലപാട് മാറ്റി, കേന്ദ്ര ഫണ്ടിനായി എൻ.ഇ.പി.യുടെ ഭാഗമായ പി.എം.ശ്രീ പദ്ധതി അംഗീകരിക്കാൻ തീരുമാനിച്ചതിന് പിന്നിലെ തത്വങ്ങളെന്താണ്? നിങ്ങൾ ഉയർത്തിപ്പിടിച്ച മുദ്രാവാക്യങ്ങൾക്കും, തത്വങ്ങൾക്കും, വിപ്ലവകരമായ നിലപാടുകൾക്കും എന്ത് വിലയാണ് നിങ്ങൾ കൽപ്പിക്കുന്നത്?" - അദ്ദേഹം ചോദിച്ചു.

പ്രധാന വിമർശനങ്ങൾ:

 * ഇരട്ടത്താപ്പ്: എൻഇപി 2020 സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുമെന്നും വിദ്യാഭ്യാസത്തെ കാവിവത്കരിക്കുമെന്നും പറഞ്ഞ് ശക്തമായി എതിർത്ത ശേഷമാണ് അതിൻ്റെ തന്നെ ഭാഗമായ PM SHRI പദ്ധതിക്ക് വേണ്ടി കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടാൻ സർക്കാർ ഒരുങ്ങുന്നത്.

 * തത്വങ്ങൾ മുറിവേൽക്കുന്നു: പ്രക്ഷോഭങ്ങളിലൂടെ ഉയർത്തിപ്പിടിച്ച ഇടതുപക്ഷ തത്വങ്ങളെയും മുദ്രാവാക്യങ്ങളെയും കേന്ദ്രഫണ്ടിന് വേണ്ടി ഭരണകൂടം ബലികഴിച്ചു.

 * ബുദ്ധിജീവികളുടെ മൗനം: സർക്കാരിൻ്റെ ഈ നിലപാട് മാറ്റത്തിൽ സാധാരണ പ്രവർത്തകർ തെരുവിൽ പ്രതിഷേധിക്കുമ്പോഴും, ഭരണകൂടത്തോട് ചേർന്നുനിൽക്കുന്ന പ്രമുഖ ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും ഒന്നുകിൽ മൗനം പാലിക്കുകയോ അല്ലെങ്കിൽ ദുർബലമായ ന്യായീകരണങ്ങളുമായി രംഗത്ത് വരികയോ ചെയ്യുന്നു.

 * അവസരവാദം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ കേന്ദ്രഫണ്ട് കിട്ടാനുള്ള ഒരു 'പ്രായോഗിക തന്ത്രം' മാത്രമായി ഇടതുപക്ഷം ഇതിനെ മാറ്റുന്നു.

PM SHRI പദ്ധതിയിൽ ചേരാനുള്ള കേരള സർക്കാരിൻ്റെ തീരുമാനത്തിനെതിരെ ഭരണ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയും അവരുടെ വിദ്യാർത്ഥി-യുവജന സംഘടനകളും പരസ്യമായി രംഗത്തെത്തി പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രിയനന്ദനൻ്റെ വിമർശനം ശ്രദ്ധേയമാകുന്നത്.

Advertisment