/sathyam/media/media_files/2025/04/16/B4Siai6EPsnCUQENzeDg.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷിനെ പുകഴ്ത്തി ഐ.എ.എസ് ഉദ്യോഗസ്ഥയും വിഴിഞ്ഞം തുറമുഖ കമ്പനിയുടെ എം.ഡിയുമായ ദിവ്യ എസ് അയ്യർ നടത്തിയ പ്രതികരണം വിവാദ കൊടുങ്കാറ്റിൽ.
കർണന് പോലും അസൂയ തോന്നുന്ന സംരക്ഷണ കവചം എന്നാണ് രാഗേഷിനെ ദിവ്യ പ്രശംസിച്ചത്. രാഗേഷിനെ കെ.കെ.ആർ എന്ന ചുരുക്കപ്പേരിട്ടാണ് ദിവ്യ പ്രശംസ കൊണ്ട് മൂടിയത്.
ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച തനിക്ക് ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ടെന്നും ദിവ്യ എസ് അയ്യർ കുറിച്ചു. എന്നാൽ എന്ത് സംരക്ഷണമാണ് ഔദ്യോഗിക ജീവിതത്തിൽ ദിവ്യയ്ക്ക് രാഗേഷിൽ നിന്ന് കിട്ടിയതെന്നാണ് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരടക്കം ചോദിക്കുന്നത്.
വിഴിഞ്ഞം തുറമുഖ കമ്പനി എം.ഡിയായി തിരുവനന്തപുരത്ത് തന്നെ സ്ഥലംമാറ്റമില്ലാത്ത പദവിയിൽ ദിവ്യയ്ക്ക് നിയമനം ലഭിച്ചത് ചീഫ്സെക്രട്ടറി ശാരദാ മുരളീധരന്റെ ഇടപെടൽ കാരണമായിരുന്നു.
തുറമുഖത്തെ തന്ത്രപ്രധാന ചുമതലയിൽ കോൺഗ്രസിന്റെ ഉന്നത നേതാവായിരുന്ന ജി.കാർത്തികേയന്റെ മരുമകളെ ഇരുത്തുന്നതിൽ പിണറായിക്ക് ആദ്യം താത്പര്യമുണ്ടായിരുന്നില്ല.
എന്നാൽ ചീഫ്സെക്രട്ടറിയുടെ ഉറപ്പിലാണ് ഈ കസേര നൽകിയത്. അതിനു പിന്നാലെ വിഴിഞ്ഞം തുറമുഖ ട്രയൽ റൺ ഉദ്ഘാടന വേദിയിൽ പിണറായിയെ പുകഴ്ത്തി ദിവ്യ രംഗത്തെത്തി. വൻകിട പദ്ധതികൾ കടലാസിൽ ഒതുങ്ങുന്ന കാലഘട്ടം മാറിയെന്നാണ് ദിവ്യ പറഞ്ഞത്.
ഇത് മുൻ യുഡിഎഫ് സർക്കാരിനെതിരായ വിമർശനമായിരുന്നു. എന്നാൽ ഉമ്മൻചാണ്ടി സർക്കാരാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയത് എന്നത് മറന്നാണ് ദിവ്യ ഈ വിമർശനം നടത്തിയത്. എന്നാൽ അസാദ്ധ്യമായത് യാഥാർത്ഥ്യമാക്കുന്ന കാലമാണിതെന്നായിരുന്നു ദിവ്യയുടെ പുകഴ്ത്തൽ. ഇതിനെതിരേ കോൺഗ്രസ് അന്ന് രംഗത്ത് വന്നിരുന്നു.
അന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായിരുന്ന പി.സരിനാണ് ദിവ്യയ്ക്കെതിരേ വിമർശനം തൊടുത്തത്. കടലാസിൽ ഒതുങ്ങാതെ പുറം ലോകം കണ്ട ഒട്ടനവധി പദ്ധതികൾ ഈ കേരളത്തിൽ മുൻപും നടപ്പിലാക്കിയിട്ടുണ്ട്.
മുൻപും മിടുക്കരായ ഐ.എ.എസ് ഉദ്യോഗസ്ഥർ കേരളത്തിൽ പണിയെടുത്തിട്ടുണ്ട്. അവരോട് ചോദിച്ച് നോക്കിയാൽ മതി പറഞ്ഞു തരും, കേരളത്തെ നയിച്ച ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകൾ. പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപ്പിശകുകൾ ഉണ്ടാകുന്നത്. തിരുത്തുമല്ലോ- ഇതായിരുന്നു വിമർശനം.
എന്നാൽ വെറുതേ ഒരു ഭാര്യ അല്ല എന്ന അടിക്കുറിപ്പോടെ ദിവ്യ ശബരീനാഥനൊപ്പം നിൽക്കുന്ന ചിത്രം ഇതിന് മറുപടിയായി പോസ്റ്റിട്ടു.
അതിനു പിന്നാലെയാണ് രാഗേഷിനെ പ്രശംസിച്ച് കെ.കെ.ആർ പരാമർശം. പിണറായിക്ക് പാദസേവ ചെയ്യുന്ന ഐ.എ.എസ് മഹതികളുടെ കൂട്ടത്തിലാണ് ദിവ്യയെന്ന് കെ.മുരളീധരൻ വിമർശിച്ചു.
ദിവ്യയുടെ പോസ്റ്റിനെതിരേ സൈബർ ആക്രമണം ശക്തമായിട്ടുണ്ട്. നന്മയുള്ളവരെക്കുറിച്ച് നാലാളോട് പറയാൻ പ്രയാസം വേണ്ടെന്നാണ് ദിവ്യയുടെ മറുപടി.
എന്റെ അനുഭവത്തിലൂടെ ഉത്തമബോദ്ധ്യത്തിൽ എന്റെ കാഴ്ചപ്പാടിലൂടെ ചില മനുഷ്യരിൽ ഞാൻ കണ്ടെത്തിയ നന്മ എന്താണ്, അവരിലെ ഗുണം എന്താണ് എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു എന്ന ഒറ്റക്കാരണത്താലാണ്. എത്ര വിചിത്രമായ ലോകമാണെന്ന് എനിക്ക് ചിലപ്പോൾ ചിന്തിക്കേണ്ടി വരുന്നുണ്ട്. ഇതാണ് ദിവ്യയുടെ മറുപടി.
എ.കെ.ജി സെന്ററിൽ നിന്നല്ല ദിവ്യ ശമ്പളം വാങ്ങുന്നതെന്ന് ഓർക്കണമെന്നായിരുന്നു യൂത്ത് കോൺഗ്രസ് നോവ് വിജിൽ മോഹന്റെ വിമർശനം. സോപ്പിടുമ്പോൾ വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യുമെന്നാണ് കെ.മുരളീധരൻ തുറന്നടിച്ചത്.
ദിവ്യയുടെ അഭിനന്ദനം സദുദ്ദേശപരമെങ്കിലും വീഴ്ചയുണ്ടായെന്ന് ദിവ്യയുടെ ഭർത്താവ് കെ.എസ്. ശബരീനാഥൻ വെളിപ്പെടുത്തി.
മുഖ്യമന്ത്രിക്കും സർക്കാർ പദ്ധതികൾക്കും ഒപ്പം നിൽക്കണം എന്നത് ഉദ്യോഗസ്ഥ ധർമ്മം. ഒരു സർക്കാർ ഉദ്യോഗസ്ഥ എന്ന നിലയിൽ സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കുന്നതിൽ തെറ്റില്ല.
എന്നാൽ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. കെ കെ രാഗേഷിന്റേത് രാഷ്ട്രീയ നിയമനമാണ്. രാഷ്ട്രീയ നിയമനം ലഭിച്ചയാളെ പുകഴ്ത്തുന്നത് ഒഴിവാക്കാമായിരുന്നു. ഈ വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നുവെന്നും കെ എസ് ശബരീനാഥൻ പറഞ്ഞു.
അതേസമയം, വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസർക്കാരിന്റെ 817.80 കോടി വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വി.ജി.എഫ്) വാങ്ങിയെടുക്കുന്നതിൽ ഗുരുതര കാലതാമസമുണ്ടായത് ദിവ്യയുടെ വീഴ്ചയാണെന്ന ആരോപണം ഉയരുന്നുണ്ട്.
2014ൽ കേന്ദ്രവുമായുള്ള ചർച്ചയിൽ ഈ തുകയ്ക്ക് പകരമായി തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത ശതമാനം പങ്കുവയ്ക്കാമെന്ന് സംസ്ഥാന സർക്കാർ സമ്മതിച്ചിരുന്നതാണ്. ഇപ്പോൾ അതിൽ നിന്ന് പിന്മാറാൻ ശ്രമിച്ചത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടലിന് ഇടയാക്കി.
വരുമാനം പങ്കുവയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും വിജിഎഫ് പൂർണമായി ഗ്രാന്റായി അനുവദിക്കണമെന്നും സംസ്ഥാനം പലവട്ടം ആവശ്യപ്പെട്ടിട്ടും കേന്ദ്രം വഴങ്ങിയില്ല. ഏറെക്കാലം തർക്കിച്ച് സമയം കളഞ്ഞ ശേഷം കേന്ദ്രം മുന്നോട്ടുവച്ച വ്യവസ്ഥ അംഗീകരിച്ച് കേരളത്തിന് കരാർ ഒപ്പിടേണ്ടി വന്നു.
സർക്കാരിനെയും മുഖ്യമന്ത്രിയെയും കൃത്യമായ വിവരങ്ങൾ അറിയിക്കാതെ ആശയക്കുഴപ്പം നീക്കുന്നതിൽ ദിവ്യ പരാജയപ്പെട്ടെന്നാണ് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.
തുറമുഖ സെക്രട്ടറിയായ ശ്രീനിവാസ് കരാറൊപ്പിടുന്നതിന് അനുകൂലമായിരുന്നിട്ടും ദിവ്യയുടെ എതിർപ്പാണ് സർക്കാർ പരിഗണിച്ചിരുന്നത്. എന്നാൽ തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം ലാഭവിഹിതം കേന്ദ്ര സർക്കാരുമായി പങ്കിടാമെന്ന കരാർ ഒപ്പിടേണ്ടി വന്നു.