/sathyam/media/media_files/2025/10/08/thamarassery-doctr-2025-10-08-15-54-04.jpg)
കോഴിക്കോട് : താമരശേരി ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവത്തിന് പിന്നാലെ കോഴിക്കോട് ജില്ലയില്‍ മിന്നല്‍ സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍. കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.
താമരശേരി താലൂക്ക് ആശുപത്രിയിലെ മുഴുവന്‍ പ്രവര്‍ത്തനവും നിര്‍ത്തിവച്ചതായും മറ്റിടങ്ങളില്‍ അത്യാഹിത മാത്രമേ പ്രവര്‍ത്തിക്കുയുളളുവെന്നും കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു.
അതേസമയം ഡോക്ടറെ വെട്ടിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അക്രമം അപലപീനയമാണെന്നും സംഭവത്തില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ പിതാവാണ് ആക്രമിച്ച സനൂപ്. ആശുപത്രിയിലേക്ക് കടന്നുചെന്ന അനൂപ് വടിവാളുകൊണ്ട് ഡോക്ടറുടെ തലയില്‍ വെട്ടുകയായിരുന്നു.
'എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ' എന്നു ചോദിച്ചായിരുന്നു ആക്രമണം നടത്തിയത്. 'എന്റെ കുട്ടിക്ക് നീതി ലഭിച്ചില്ലെന്നും' സനൂപ് ആക്രോശിച്ചു. സാരമായി പരിക്കേറ്റ ഡോക്ടര്‍ വിപിനെ താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.