/sathyam/media/media_files/2025/08/19/harischirackal_minister_veena_george-jpg-2025-08-19-17-58-24.webp)
തിരുവനന്തപുരം: യൂറോളജിവിഭാഗം തലവൻ ഡോ.ഹാരിസ് ചിറക്കൽ മെഡിക്കൽകോളജ് ആശുപത്രിയിലെ അപര്യാപ്തതകളും വീഴ്ചകളും തുറന്നു പറഞ്ഞതിന് പിന്നാലെ വകുപ്പ് മേധാവികളുടെയും ഡോക്ടർമാരും സാമൂഹിക മാധ്യമങ്ങളിലൂടെയുളള പ്രതികരണങ്ങൾ പതിവാക്കിയതോടെ വലഞ്ഞ് സർക്കാർ.
ആശുപത്രിയിലെ പോരായ്മകൾ തുറന്നുകാട്ടിക്കൊട്ടുളള പ്രതികരണങ്ങൾ ഭരണത്തിൻെറ അവസാനവർഷത്തിൽ സർക്കാരിന് തലവേദനയായിരിക്കുകയാണ്.
പൊതുജനാരോഗ്യമേഖലയിൽ അടക്കം എല്ലാത്തിലും കേരളം നമ്പർ വൺ എന്ന് പ്രചരണം നടത്തുന്നതിനിടയിൽ നടക്കുന്ന തുറന്നുപറച്ചിൽ സർക്കാരിൻെറ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുകയാണ്.
ഇതുവഴി സർക്കാരിൻെറ പ്രതിഛായക്കും കോട്ടം തട്ടിയിട്ടുണ്ട്. പല വകുപ്പുകളിലും അവശ്യം വേണ്ട ഉപകരണങ്ങളും സംവിധാനങ്ങളും ഇല്ല എന്നാണ് ഡോക്ടർമാരെ പരസ്യ പ്രതികരണത്തിന് പ്രേരിപ്പിക്കുന്നത്.
സർക്കാരിൻെറ നയപരമായ തീരുമാനങ്ങളും ഇടപെടലും വേണ്ട അവയവദാന പദ്ധതിയായ കെ-സോട്ടോയിൽ പോലും കാര്യങ്ങൾ നേരാംവണ്ണം നടക്കുന്നില്ലെന്നാണ് പ്രതികരണങ്ങളിലൂടെ വെളിപ്പെട്ടത്.
ഡോ.ഹാരിസ് ചിറക്കൽ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ആരോഗ്യമന്ത്രി വീണാജോർജ് പ്രതികരിച്ചത് പോലെ 'സിസ്റ്റത്തിൻെറ' തകരാറാണ് ഇതിലെല്ലാം വെളിപ്പെടുന്നത്.
കഴിഞ്ഞ 9 വർഷത്തിലേറെയായി ആരാണ് ഈ സിസ്റ്റം കൈകാര്യം ചെയ്യുന്നത് എന്ന ചോദ്യം ഉയരുമ്പോൾ സർക്കാരിൻെറ ഉത്തരം മുട്ടുകയാണ്.
സർക്കാരിൻെറ ഉത്തരം മുട്ടിക്കുന്ന തരത്തിൽ ഡോക്ടർമാരുടെ പരസ്യ പ്രതികരണം ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ വകുപ്പ് മേധാവിമാരുടെ പരസ്യ പ്രതികരണം വിലക്കാനാണ് സർക്കാരിൻെറ തീരുമാനം.
സർക്കാരിൻെറ സന്ദേശം എത്തിയതിന് പിന്നാലെ വകുപ്പ് മേധാവികളും മറ്റ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരും പരസ്യപ്രതികരണം നടത്തരുതെന്ന് പ്രിൻസിപ്പൽ താക്കീത് നൽകി.
നവ മാധ്യമങ്ങളിലൂടെയോ ഇതര മാധ്യമങ്ങളിലൂടെയോ പൊതു ആരോഗ്യ സംവിധാനത്തിനെതിരെ പ്രതികരിക്കരുതെന്നാണ് വകുപ്പ് മേധാവിമാരുടെ യോഗത്തിൽ പ്രിൻസിപ്പൽ നിർദേശം നൽകിയിരിക്കുന്ന നിർദ്ദേശം.
ഡോ.ഹാരിസിന് പിന്നാലെ നെഫ്രോളജി വിഭാഗം തലവൻ ഡോ. മോഹൻദാസ്, അവയവ ദാന പദ്ധതിയായ കെ-സേട്ടോയെ കുറ്റപ്പെടുത്തി ഫേയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതോടെയാണ് താക്കീത് നൽകാൻ പ്രിൻസിപ്പലും സർക്കാരും നിർബന്ധിതമായത്.
അവയവദാന പദ്ധതിയായി കെ സോട്ടോ പൂർണ്ണ പരാജയമാണെന്ന് ചൂണ്ടിക്കാട്ടികൊണ്ടായിരുന്നു നെഫ്രോളജി വിഭാഗം തലവൻ ഡോ. മോഹൻദാസിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്.
കുറിപ്പ് മാധ്യമങ്ങളിൽ വാർത്തയായതോടെ പിൻവലിക്കപ്പെട്ടെങ്കിലും കെ-സോട്ടോയിലും കാര്യങ്ങൾ ശരിയാംവണ്ണം നടക്കുന്നില്ലെന്ന കാര്യം വെളിപ്പെട്ടു.
വീഴ്ച തുറന്നുകാണിക്കപ്പെട്ടതോടെ നെഫ്രോളജി വിഭാഗം മേധാവി മോഹൻ ദാസിന് പ്രിൻസിപ്പൽ നോട്ടീസ് നൽകി. തെറ്റ് ഏറ്റുപറഞ്ഞുകൊണ്ടാണ് ഡോ.മോഹൻദാസ് നോട്ടീസിന് മറുപടി നൽകിയത്.
കുറിപ്പ് പങ്കുവെച്ചത് തെറ്റായിപ്പോയെന്നും ഇനി ആവർത്തിക്കില്ലെന്നുമാണ് നോട്ടീസിൽ പറഞ്ഞിട്ടുളളത്. ഇതോടെയാണ് പ്രിൻസിപ്പൽ വകുപ്പ് മേധാവിമാരുടെ യോഗം വിളിച്ചുചേർത്തത്.
ആരിൽ നിന്നും ചട്ടലംഘനം ഉണ്ടാകാൻ പാടില്ലെന്നും വകുപ്പ് മേധാവിമാൾക്ക് പ്രിൻസിപ്പൽ നൽകിയിട്ടുണ്ട്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ച് പരിഹാരം കണ്ടെത്താൻ ശ്രമിക്കണമെന്നാണ് പുതിയ നിർദ്ദേശം.
പ്രതികരിക്കുന്ന ഡോക്ടർമാരുടെ നാവടിപ്പിക്കാനാണ് തീരുമാനമെങ്കിലും യൂറോളജി വകുപ്പിൽ വ്യക്തമായത് പോലെ തന്നെ അവയവദാന പദ്ധതിയിലും പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
മസ്തിഷ്കമരണ നിർണയവും അവയവദാനവും ഏകോപിപ്പിക്കുന്നതിനായി മൃതസഞ്ജീവനി രൂപീകരിച്ച് 13 വർഷം പിന്നിടുമ്പോൾ ഇതുവരെ 389 മസ്തിഷ്ക മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുളളത്.
സ്ഥിരീകരിച്ച മരണങ്ങളിൽ പകുതിയിലേറയും ആദ്യ 5വർഷത്തിലായിരുന്നു. അതുകഴിഞ്ഞുളള 8 വർഷക്കാലത്ത് 140ഓളം മസ്തിഷ്ക മരണങ്ങൾ മാത്രമാണ് സ്ഥിരീകരിക്കപ്പെട്ടത്.
ഈ പ്രശ്നങ്ങൾ തന്നെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹന്‍ ദാസ് സാമൂഹിക മാധ്യമം വഴി പങ്കുവെച്ചത്.
മരണാനന്തര അവയവദാന പദ്ധതിയായ കെ സോട്ടോ പൂര്‍ണ്ണ പരാജയമാണെന്നായിരുന്നു അദ്ദേഹം ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.
മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം മുന്‍ മേധാവി ഡോ വേണുഗോപാലിന്റെ മരണ വിവരം പങ്കുവെച്ചുകൊണ്ചാണ് ഡോ. മോഹന്‍ദാസ് അവയവദാന പദ്ധതിക്കെതിരെ തുറന്നുപറച്ചിൽ നടത്തിയത്.