സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ഒപി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ബഹിഷ്‌കരിക്കും

കെജിഎംസിടിയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്

New Update
doctors strike

തിരുവനന്തപുരം: ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുന്നതിലെ കടുത്ത അവഗണനയിലും വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. 

Advertisment

ജനുവരി 22 മുതൽ അധ്യാപന ബഹിഷ്കരണത്തോടെ ആരംഭിക്കുന്ന സമരം ഫെബ്രുവരി രണ്ടിന് ഒ പി ബഹിഷ്കരണത്തിലേക്കും ഒൻപതുമുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ തടസപ്പെടുന്ന രീതിയിലേക്ക് വ്യാപിപ്പിക്കും. 

കെജിഎംസിടിയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റ് സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണ കുടിശ്ശിക പൂർണ്ണമായി നൽകിയിട്ടും മെഡിക്കൽ കോളജ് ഡോക്ടർമാരുടെ കാര്യത്തിൽ സർക്കാർ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു.

വർഷങ്ങളായി ഉന്നയിക്കുന്ന ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, അന്യായമായ പെൻഷൻ സീലിംഗ് കേന്ദ്ര നിരക്കിൽ പരിഷ്കരിക്കുക, താൽക്കാലിക കൂട്ടസ്ഥലം മാറ്റങ്ങൾ ഒഴിവാക്കുക, പുതിയ തസ്തികകൾ സൃഷ്ടിച്ച് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ അധികൃതർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ പ്രത്യക്ഷ സമരത്തിലേക്ക് പ്രവേശിക്കുന്നത്.

 2025 ജൂലൈ മുതൽ സംഘടന പ്രതിഷേധത്തിലായിരുന്നുവെങ്കിലും ആരോഗ്യ മന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചകളെ തുടർന്ന് സമരം താൽക്കാലികമായി നീട്ടിവെക്കുകയായിരുന്നു.

എന്നാൽ 2026 ജനുവരി 18-ന് സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഡോക്ടർമാരുടെ ആവശ്യങ്ങളെ പൂർണ്ണമായി നിരാകരിക്കുന്നതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

Advertisment