വിട്ടുമാറാത്ത ചുമ, പനി ചികിത്സ തേടിയെത്തിയ യുവാവിന്റെ കരളിൽ കരളിൽ തറച്ച മീൻമുള്ള് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ

New Update
surgery new

കൊച്ചി : വിട്ടുമാറാത്ത ചുമ, പനി എന്നീ ലക്ഷണങ്ങളുമായി ചികിത്സ തേടിയ യുവാവിന്റെ കരളിൽ നിന്നും ഡോക്ടർമാർ മീൻ മുളള് കണ്ടെടുത്തു. പനിയുടെ കാരണം തേടി നടത്തിയ സ്കാനിൽ കരളിൽ തറച്ച നിലയിലായിരുന്നു മീൻ മുളള്. രണ്ടാഴ്ച കഴിഞ്ഞിട്ടും കടുത്ത പനി മാറാതെ വന്നതോടെയാണ് പെരുമ്പാവൂർ സ്വദേശിയായ മുപ്പത്തിയാറുകാരൻ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സ തേടിയത്.

സാധാരണയുളള പനിയെന്ന് കരുതിയാണ് കോളേജ് അധ്യാപകനായ യുവാവ് രാജഗിരി ജനറൽ മെഡിസിൻ വിഭാഗം ഡോ. ശാലിനി ബേബി ജോണിനെ കാണാനെത്തിയത്. പ്രത്യേക കാരണങ്ങളില്ലാതെ രണ്ടാഴ്ചയായി പനി തുടരുന്നത് മനസ്സിലാക്കിയ ഡോക്ടർ പെറ്റ് സ്കാൻ നിർദ്ദേശിച്ചു. വയറിൽ നടത്തിയ പരിശോധനയിലാണ് ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലെ ഡോ.വിജയ് ഹാരിഷ് സോമസുന്ദരം, ഡോ. വിനായക് എന്നിവർ കരളിൽ അന്യവസ്തു കണ്ടെത്തിയത്. തുടർന്ന് ഗ്യാസ്ട്രോ സർജറി വിഭാഗത്തിലെ ഡോ. ജോസഫ് ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുത്തു. ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തിൽ മീൻ മുള്ളു അകത്ത് പോയ വിവരം രോഗിയും അറിഞ്ഞിരുന്നില്ല. ശസ്ത്രക്രിയയ്ക്കുശേഷം രണ്ട് ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ യുവാവ് വീട്ടിലേക്ക് മടങ്ങി.

ആഴ്ചകളായി തുടരുന്ന പനിയുടെ കാരണം അറിയാൻ പെറ്റ് സ്കാൻ നടത്തിയതാണ് ജീവന് പോലും ഭീഷണിയാകുന്ന കരളിലെ പഴുപ്പ് കണ്ടെത്താൻ സഹായകരമായതെന്ന് ഡോ.ശാലിനി ബേബി ജോൺ പറഞ്ഞു.

Advertisment
Advertisment