/sathyam/media/media_files/2024/12/14/TMp3BtQRCuthHSzu6vk3.jpeg)
ഇടുക്കി: വിദേശ സഞ്ചാരികള്‍ക്കും സ്വദേശികള്‍ക്കും കുറഞ്ഞ നിരക്കില്‍ മൂന്നാര്‍ ചുറ്റിക്കറങ്ങാന്‍ അവസരമൊരുക്കി കെഎസ്ആര്‍ടിസിയുടെ നാല് ചുണക്കുട്ടികള്‍ കൂടി നിരത്തിലേക്ക് എത്തുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍.
മൂന്നാറിലെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പുതുതായി നാല് കെഎസ്ആര്‍ടിസി, ബസുകള്‍ അനുവദിക്കുമെന്നാണ് ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം.
കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി മൂന്നാറില്‍ ആരംഭിക്കുന്ന റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറിന്റെ തിലകക്കുറിയാണ് റോയല്‍ വ്യൂ ബസ്. ഒരു ദിവസം പകല്‍ നാല് യാത്രകള്‍ മാത്രമാണ് ഡബിള്‍ ഡക്കര്‍ ബസ് നടത്തുക.
നിലവിലെ ടൂറിസം യാത്രാ സംവിധാനങ്ങള്‍ക്ക് ഭീഷണിയല്ല ഈ ബസ് സംവിധാനം. മൂന്നാറിന്റെ പ്രകൃതി രമണിയമായ കാഴ്ചകള്‍ക്ക് മറ്റൊരനുഭവം പകരുകയാണ് ഡബിള്‍ ഡക്കര്‍ ബസിലെ യാത്രകളിലൂടെ ഉദ്ദേശിക്കുന്നത്. വിദേശ സഞ്ചാരികള്‍ക്ക് പോലും കെ എസ്ആര്‍ടിസി ഡബിള്‍ ഡക്കറിലൂടെയുള്ള മൂന്നാര്‍ യാത്ര പുതിയ അനുഭവമാകണം എന്നും മന്ത്രി പറഞ്ഞു.
വലിയ വികസന പ്രവര്‍ത്തനങ്ങളാണ് കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കുക. മൂന്നാറില്‍ കെഎസ്ആര്‍ടിസിയുടെ ഭൂമിയില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മ്മിക്കാന്‍ താല്‍പര്യപത്രം ക്ഷണിച്ചു കഴിഞ്ഞു. മൂന്നാറില്‍ നിന്നും വിവിധ വിനോദ സഞ്ചാര സ്ഥലങ്ങളിലേക്ക് ബസുകള്‍ ഓടിക്കും.
ബസുകള്‍ കൃത്യസമയത്ത് ഓടുകയും ക്യാന്‍സലേഷനുകള്‍ ഒഴിവാക്കുകയുമാണ് ലക്ഷ്യം. 506 പുതിയ റൂട്ടുകളാണ് ജനപ്രതിനിധികളുടെ അഭിപ്രായ കൂടി പരിഗണിച്ച് തയ്യാറാക്കിയിട്ടുള്ളത്.
ഇതിന് സ്വകാര്യ സംരംഭകര്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രതിബന്ധത കെ എസ്ആര്‍ടിസി കൈവിടില്ല. ആറ് മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയെ പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.