/sathyam/media/media_files/2025/10/25/bahauddin-nadvi-2025-10-25-17-16-43.jpg)
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ 'പിഎം ശ്രീ' പദ്ധതിയിൽ കേരളം ഒപ്പുവെച്ച നടപടി, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയം കാവിവത്കരിക്കുന്നതിനുള്ള നീക്കമാണെന്നും കേവലം 1500 കോടി രൂപയുടെ കേന്ദ്രസഹായത്തിനു വേണ്ടി സംസ്ഥാന സർക്കാർ കേരള ജനതയെ 'ചതിക്കുഴിയിൽ വീഴ്ത്തി'യെന്നും പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി രൂക്ഷ വിമർശനം ഉന്നയിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സർക്കാരിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ചത്.
വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഫണ്ടിനു വേണ്ടിയാണ് ഈ 'മലക്കംമറിച്ചിൽ' എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ഇത് സംസ്ഥാനത്തെ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി 2020) നടപ്പാക്കേണ്ട ഗതികേടിലേക്ക് എത്തിക്കുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകുന്നത്.
"1500 കോടിക്കായി ജനങ്ങളെ ഒറ്റിക്കൊടുത്തു"
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാതിരുന്നാൽ 1500 കോടി രൂപയുടെ സഹായം നഷ്ടപ്പെടുമെന്ന മന്ത്രിയുടെ ന്യായീകരണത്തെ ഡോ. നദ്‌വി പരിഹസിച്ചു. 1.98 ലക്ഷം കോടിയുടെ വാർഷിക ബജറ്റ് 2025-26 വർഷം ചെലവഴിക്കുന്ന ജനാധിപത്യ സർക്കാരാണ് കേവലം 1500 കോടിക്കു വേണ്ടി കേരള ജനതയെ ഒറ്റുകൊടുത്ത് പരിഹാസ്യരാവുന്നതെന്ന് അദ്ദേഹം ആരോപിച്ചു. "നാല് കോടിയോളം വരുന്ന പ്രബുദ്ധരായ കേരളീയ ജനതയെ ചതിക്കുഴിയിൽ വീഴ്ത്തുന്ന അതിനിഷ്ഠുരമായ കാഴ്ചപ്പാടാണ്" ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാവിവത്കരണത്തിന് പരവതാനി വിരിക്കുന്നു
ഈ തീരുമാനത്തോടെ, കാലങ്ങളായി ഫാസിസ്റ്റ് ഭരണകൂടം കോപ്പുകൂട്ടുന്ന വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തിന് മലയാള നാട്ടിൽ ബോധപൂർവം പരവതാനി വിരിക്കുകയാണ് കേരള വിദ്യാഭ്യാസ വകുപ്പ് ചെയ്യുന്നതെന്ന് നദ്‌വി വിമർശിച്ചു.
ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ വൈവിധ്യവും ബഹുസ്വരതയും ഉൾച്ചേർന്ന പരമ്പരാഗത പാഠ്യപദ്ധതിയെ തകിടം മറിക്കുന്നതാണ്. രാജ്യം മുഴുവൻ ഏകതാനമായ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കി, കൺകറന്റ് ലിസ്റ്റിലെ സംസ്ഥാനങ്ങളുടെ അധികാരത്തെ ഇത് വെട്ടിച്ചുരുക്കുന്നു. സോഷ്യലിസവും മതനിരപേക്ഷതയും നിരാകരിക്കുകയും ഫെഡറൽ സംവിധാനങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഈ നയത്തിനു പിന്നിൽ കാവിവത്കരണം മാത്രമാണെന്ന് ഇക്കാലമത്രയും നിലപാടെടുത്തവർ തന്നെ 'നോട്ടുകെട്ടിനു വേണ്ടി മലക്കം മറിയുന്നത്' അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സഖ്യകക്ഷികളുടെ എതിർപ്പുപോലും അവഗണിച്ച് പിഎം ശ്രീ യോടുള്ള സിപിഎമ്മിന്റെ വിധേയത്വം ചെറുക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാഠ്യപദ്ധതിയിലെ വർഗീയ അജണ്ട
വർഗീയതയിലധിഷ്ഠിതമായ ബി.ജെ.പി-ആർ.എസ്.എസ് അസ്തിത്വത്തോട് വിയോജിക്കുന്നുവെന്ന് പറയുന്ന ഭരണകക്ഷി, കേരളീയ സമൂഹത്തെ ഒന്നടങ്കം ഇതേ വർഗീയതയിലേക്കും കാവി സംസ്‌കാരത്തിലേക്കും നയിക്കുന്നതിനു സഹായകമായ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ഡോ. നദ്‌വി പറഞ്ഞു.
മുഗൾ ഭരണകൂടത്തിന്റെയും ടിപ്പു സുൽത്താന്റെയും പൈതൃകങ്ങൾ, ഗാന്ധി വധം, 2002 ലെ ഗുജറാത്ത് വംശഹത്യ തുടങ്ങിയവ പാഠപുസ്തകങ്ങളിൽ നിന്ന് എൻ.ഇ.പി പ്രകാരം ഇതിനകം നീക്കം ചെയ്യാൻ ശ്രമങ്ങൾ നടന്നു കഴിഞ്ഞു. പകരം സാങ്കൽപിക കഥകളും ഹിന്ദു മിത്തുകളും മാത്രം കോർത്ത് പുതിയൊരു പാഠ്യപദ്ധതി രൂപീകരിക്കുന്നത് രാജ്യത്തിന്റെ ഭാവിതലമുറയുടെ ബൗദ്ധിക നിലവാരത്തെ തന്നെ ഇടിച്ചുതാഴ്ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പദ്ധതിയിൽ ഒപ്പുവെച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന രണ്ടായിരം കോടിയുടെ നഷ്ടം സഹിക്കാമെന്ന് തുറന്നടിച്ച തമിഴ്‌നാട് സർക്കാർ, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹരജികൾ സമർപ്പിച്ച് പോരാടുന്ന ധീരമാതൃകയാണ് കേരളത്തിനും അഭികാമ്യമെന്ന് ഡോ. നദ്‌വി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ സാർവത്രികമായ പ്രചാരണം നടത്തണമെന്നും കേരള ജനതയെ ബോധവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us