വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ ഡോക്ടര്‍ ഷാഹിദക്ക് ക്ലീന്‍ ചിറ്റ്; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്

New Update
usha joseph

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന്റെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം മറന്നുവെച്ച സംഭവത്തിൽ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ഷാഹിദയ്ക്ക് ക്ലീൻ ചിറ്റ് നൽകി അന്വേഷണ റിപ്പോർട്ട്. 

Advertisment

ശസ്ത്രക്രിയയിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് മുറിവ് തുന്നിക്കെട്ടിയതെന്നും സർജന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശനിയാഴ്ച ഉച്ചയോടെ ഉഷയുടെ വയറ്റിൽ നിന്ന് കത്രിക വിജയകരമായി പുറത്തെടുത്തതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്.

ശസ്ത്രക്രിയയ്ക്ക് ശേഷം എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് നഴ്സായ ധന്യയോട് ഡോക്ടർ ചോദിച്ചിരുന്നതായും, ഉപകരണങ്ങളുടെ എണ്ണം കൃത്യമാണെന്ന മറുപടി ലഭിച്ച ശേഷമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. അതിനാൽ തന്നെ ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയ നഴ്സിനാണ് ഉത്തരവാദിത്തമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കോവിഡ് കാലത്തെ ആരോഗ്യസംവിധാനത്തിന്റെ പോരായ്മകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ശസ്ത്രക്രിയ നടന്ന സമയത്ത് ജീവനക്കാരുടെ കുറവുണ്ടായിരുന്നു. ഫ്ലോർ നഴ്സിന്റെ സേവനം ലഭ്യമായിരുന്നില്ലെന്നും,

നഴ്സായ ധന്യ ഒരേസമയം രണ്ട് ശസ്ത്രക്രിയ ടേബിളുകളിൽ സഹായിക്കേണ്ടി വന്നതും പിപിഇ കിറ്റ് ധരിച്ചുള്ള ജോലിയുടെ ബുദ്ധിമുട്ടുകളും പിഴവിന് കാരണമായിട്ടുണ്ടാകാമെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു. അഞ്ച് വർഷത്തെ തീരാവേദനയ്ക്കൊടുവിലാണ് ഉഷയുടെ വയറ്റിൽ നിന്ന് കത്രിക നീക്കം ചെയ്തത്.

Advertisment