/sathyam/media/media_files/2025/03/18/C6WiuACPJTbZTqRvdIwl.jpeg)
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വനന്ദാദാസ് കൊല്ലപ്പെട്ടത് കേരളത്തിനാകെ നടുക്കമായിരുന്നു. ഡ്യൂട്ടിയിലായിരിക്കെ, ലഹരിയിലായിരുന്ന പ്രതിയുടെ ആക്രമണത്തിലാണ് വന്ദന കൊല്ലപ്പെട്ടത്. പ്രതിക്കൊപ്പമുണ്ടായിരുന്ന പോലീസുകാര്‍ക്ക് പോലും ഡോക്ടറെ രക്ഷിക്കാനായില്ല.
സംസ്ഥാനത്തെ വനിതാ ഡോക്ടര്‍മാര്‍ക്ക് തൊഴിലിടങ്ങളില്‍ അപ്രതീക്ഷിതമായുണ്ടാവുന്ന കൈയ്യേറ്റങ്ങളെ അനായാസം നേരിടാന്‍ പരിശീലനം നല്‍കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വിമന്‍ ഇന്‍ ഐ.എം.എയും. തിരുവനനന്തപുരത്തെ അഗസ്ത്യം കളരിയുടെ സഹകരണത്തോടെ വനിതാ ഡോക്ടര്‍മാര്‍ക്ക് സ്വയം പ്രതിരോധത്തിലും മന:ശ്ശക്തിയിലും പരിശീലനം സംഘടിപ്പിക്കുന്നത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ സേവനത്തിനിടെ കൊലചെയ്യപ്പെട്ട 23കാരിയായ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ത്ഥിനി ഡോ.വന്ദനാ ദാസിനെ ഓര്‍മ്മിച്ചു കൊണ്ടാണ് 'നിര്‍ഭയ' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2023 മെയ് 10 ന് പുലര്‍ച്ചെയാണ് ഡോ വന്ദന ദാസ് ആശുപത്രിയില്‍ കൊലചെയ്യപ്പെട്ടത്.
മദ്യപിച്ചും ശരീരത്തില്‍ മുറിവേറ്റും വഴിയോരത്ത് കണ്ടെത്തി പോലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്ന സ്‌കൂള്‍ അധ്യാപകനായ സന്ദീപാണ് അത്യാഹിത വിഭാഗത്തില്‍ അക്രമകാരിയായത്. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയും മറ്റൊരാളെയും സന്ദീപ് ആക്രമിച്ചു. ഡോക്ടര്‍ വന്ദനയൊഴികെ ചുറ്റുമുള്ളവരെല്ലാം പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന് കത്രിക കൈക്കലാക്കിയ സന്ദീപ്, ഡോ. വന്ദനയെ അതുപയോഗിച്ച് നെഞ്ചിലും കഴുത്തിലും പതവണ കുത്തി പരിക്കേല്പിക്കുകയായിരുന്നു. വന്ദനയെ ഉടന്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയയാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്ത്രീകള്‍ നേരിടുന്ന അപ്രതീക്ഷിതമായ ഇത്തരം സാഹചര്യങ്ങളെ ഫലപ്രദവും അനായാസവുമായി എങ്ങനെ പ്രതിരോധിക്കാനാവുമെന്നും സ്വയരക്ഷ എങ്ങിനെ ഉറപ്പാക്കാനാവുമെന്നും കാണിച്ചു തരുന്ന പരിശീലനമാണ് തിരുവനന്തപുരത്തെ അഗസ്ത്യം കളരി നല്‍കുന്നത്. വന്ദന സംഭവത്തിന്റെ പുനരാവിഷ്‌കാരവും പരിപാടിയുടെ ഭാഗമായുണ്ടാവും.
വിവിധ മേഖലകളിലെ സ്ത്രീകള്‍ക്ക് ആത്മവിശ്വാസവും സ്വയം പ്രതിരോധ ശേഷിയും നല്‍കാനുതകുന്ന പരിശീലന പരിപാടി 'ശക്തി 'യെന്ന പേരില്‍ കേരളത്തിലും രാജ്യത്താകമാനവും അഗസ്ത്യത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരികയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ പോലീസിനും വിവിധസേനാ വിഭാഗങ്ങള്‍ക്കുമുള്‍പ്പെടെ നിരവധി പരിശീലന പരിപാടികളാണ് അഗസ്ത്യം കളരിയുടെ അഞ്ചാം തലമുറയില്‍പ്പെട്ട ആയോധന പരിശീലകനും അഗസ്ത്യം ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഡോ മഹേഷ് ഗുരുക്കളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്തിയത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനാദാസ് ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തലുണ്ടായിരുന്നു. രണ്ട് എഎസ്ഐമാര്‍ക്ക് എതിരേ വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനി ഉത്തരവിട്ടിരുന്നു. എഎസ്ഐമാരായ ബേബി മോഹന്‍, മണിലാല്‍ എന്നിവര്‍ക്ക് എതിരേയാണ് നടപടി.
മദ്യലഹരിയിലായിരുന്ന പ്രതിയുടെ ആക്രമണത്തിനിടെ പൊലീസുകാര്‍ സ്വയരക്ഷാര്‍ത്ഥം ഓടിപ്പോയെന്നാണ് കണ്ടെത്തല്‍. അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്താനോ വരുതിയിലാക്കാനോ നടപടി എടുത്തില്ല. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സ്വന്തം രക്ഷ നോക്കരുതെന്ന ചട്ടം ലംഘിച്ചു. പൊലീസുകാര്‍ ഓടിപ്പോയത് സേനയുടെ സത്‌പേരിന് കളങ്കമായെന്നും ഡി.ഐ.ജി കണ്ടെത്തിയിട്ടുണ്ട്. മേയ് 10ന് പുലര്‍ച്ചെ അഞ്ചിനാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോ.വന്ദനാദാസിനെ പ്രതി ജി.സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്.
കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായിരുന്ന ഡോ.വന്ദന, താലൂക്കാശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയില്‍ പൊലീസ് കൊണ്ടുവന്ന പ്രതിയാണ് ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്.
കേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഡോ. വനന്ദനയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതി അത് നിരസിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വനന്ദാദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിച്ചതാണെന്നും ഒരു പ്രത്യേക സ്‌ക്വാഡിന്റെയും ഏജന്‍സിയുടെയും അന്വേഷണം ഇനി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നതാണ്. വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി അധ്യാപകനായ പ്രതി ജി. സന്ദീപിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇയാളെ സര്‍ക്കാര്‍ സര്‍വീസില്‍ ഭാവിയില്‍ നിയമനത്തിന് അയോഗ്യതനാക്കിയിട്ടുമുണ്ട്.
കൊല്ലം വിലങ്ങറ യു.പി സ്‌കൂളില്‍ നിന്ന് തസ്തിക നഷ്ടപ്പെട്ട് , സംരക്ഷണ ആനുകൂല്യത്തില്‍ നെടുമ്പന യു.പി.സ്‌കൂളില്‍ ഹെഡ് ടീച്ചര്‍ ഒഴിവില്‍ ജോലി ചെയ്യുകയായിരുന്നു സന്ദീപ്. മേയ് 10ന് രാവിലെ പൊലീസ് കസ്റ്റഡിയിലായ സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഡോക്ടര്‍ക്കെതിരെ അക്രമമുണ്ടായത്. സംഭവത്തിന് പിന്നാലെ, അന്നുതന്നെ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സന്ദീപിനെ സസ്‌പെന്‍ഡ് ചെയ്തു.
തുടര്‍ന്ന് നല്‍കിയ കുറ്റപത്രത്തിലും മെമ്മോയിലുമെല്ലാം താന്‍ കുറ്റ ചെയ്തതായി സമ്മതിച്ചിരുന്നു. സന്ദീപ് മദ്യത്തിന് അടിമയായിരുന്നുവെന്നും ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിരന്നെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എഫ്.ഐ.ആര്‍. പരിശോധിച്ചതില്‍ നിന്ന് മനസ്സാക്ഷിയെ ഞെട്ടിച്ച അതിനീചമായ പ്രവൃത്തിയാണ് ചെയ്തതെന്ന് വ്യക്തമായിരുന്നു. സന്ദീപിന്റെ ഈ ദുഷ്പ്രവൃത്തികള്‍ അധ്യാപക സമൂഹത്തിനും പൊതുവിദ്യാഭ്യാസ വകുപ്പിനും തീരാ കളങ്കമാണ്. അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സന്ദീപിനെ ഭാവി നിയമനത്തിന് അയോഗ്യത കല്‍പ്പിച്ച് ആദ്യം സര്‍വീസില്‍ നിന്ന് താത്കാലികമായി നീക്കിയിരുന്നു.
തുടര്‍ന്ന് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തന്റെ പ്രവൃത്തിയെ ന്യായീകരിക്കന്ന തരത്തിലാണ് സന്ദീപ് ഇതിന് മറുപടി നല്‍കിയത്. എന്നാല്‍ താന്‍ നിമിത്തമാണ് ഡോ. വന്ദനാദാസ് മരണപ്പെട്ടതെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. പരസ്പര വിരുദ്ധമായ മറുപടികളാണ് നല്‍കിയത്. മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് കെ.ഇ.ആര്‍ അദ്ധ്യായം 14എ ചട്ടം 65(7) പ്രകാരം പിരിച്ചുവിട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിക്കിടെ കൊല്ലപ്പെട്ട വന്ദനാ ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം നല്‍കാന്‍ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചിരുന്നു. കൊല്ലം മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു വന്ദന.