/sathyam/media/media_files/2025/10/22/malikappuram23-10-25-2025-10-22-22-06-04.webp)
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു മാളികപ്പുറം ക്ഷേത്രത്തില്‍ തൊഴുതു നില്‍ക്കുന്ന ചിത്രം രാഷ്ട്രപതിഭവന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍വലിച്ചു. ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും കാണാമായിരുന്ന ചിത്രമാണ് പിന്‍വലിച്ചത്.
വിഗ്രഹത്തിന്റെ ചിത്രം എടുത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ചിത്രത്തിനു താഴെ ഒട്ടേറെ വിമര്‍ശന കമന്റുകള്‍ വന്നതോടെ ചിത്രം ഔദ്യോഗിക പേജില്‍ നിന്ന് പിന്‍വലിച്ചു.
ശബരിമല ദര്‍ശനത്തിനു ശേഷം വൈകിട്ട് രാഷ്ട്രപതി തിരുവനന്തപുരത്ത് മടങ്ങിയെത്തി. രാഷ്ട്രപതിയോടെ ബഹുമാനാര്‍ഥം ഗവര്‍ണര്‍ അത്താഴ വിരുന്നൊരുക്കി. 4 ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്.
നാളെ 10.30ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ അനാഛാദനം ചെയ്തശേഷം ഉച്ചയ്ക്ക് 12.50ന് ഹെലികോപ്റ്ററില്‍ ശിവഗിരിയിലെത്തി ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
വൈകിട്ട് 4.15നു പാലാ സെന്റ് തോമസ് കോളജില്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തശേഷം കുമരകത്തെ റിസോര്‍ട്ടില്‍ താമസിക്കും.
24നു 12നു കൊച്ചി സെന്റ് തെരേസാസ് കോളജിലെ ശതാബ്ദി ആഘോഷ പരിപാടിയില്‍ സംബന്ധിച്ച്, വൈകിട്ടു 4.15നു കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നു ഡല്‍ഹിക്കു തിരിക്കും.