മുംബൈ മയക്കുമരുന്ന് മാഫിയയുടെ ചങ്ങല തലശ്ശേരിയിലേക്കും. പിടികൂടിയത് സംഘത്തിലെ പ്രധാനികളെ. കണ്ടെത്തിയത് 13 ലക്ഷത്തിന്റെ ബ്രൗൺഷുഗർ. തീവണ്ടി മാർഗം തലശ്ശേരിയിലെത്തിയത് മുംബൈയിൽ ലഹരിക്കേസ്സിൽ നേരത്തെ പിടിക്കപ്പെട്ട പ്രതിയും

നേത്രാവതി എക്‌സ്പ്രസ്സിലായിരുന്നു മൂവർ സംഘത്തിന്റെ യാത്ര. നാസറിന്റെ ഷൂവില്‍ ഒളിപ്പിച്ച നിലയിലാണ് 258 ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തിയത്.  

New Update
drug

കണ്ണൂർ: എം ഡി എം എ  അടക്കമുള്ള ലഹരി ഉൽപ്പന്നങ്ങളുടെ വില്പന വ്യാപകമാവുന്നതിനിടയിൽ കണ്ണൂരിലെ പ്രധാന നഗരങ്ങൾ  കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വില്പനയും വ്യാപകമാവുന്നതായി അന്വേഷണ സംഘത്തിന് വിവരം. തലശ്ശേരിയിൽ ബ്രൗൺ ഷുഗറുമായി മൂന്ന് പേരെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയ സംഭവം ഇതാണ് തെളിയിക്കുന്നത്. 

Advertisment

മുംബൈയിൽ നിന്ന് തലശ്ശേരിയിലേക്ക് വിൽപനക്കായി എത്തിച്ചതായിരുന്ന ബ്രൗൺഷുഗർ ആണ് ഇതെന്നാണ്‌  പോലീസ് പറയുന്നത്. ട്രെയിൻ മാർഗമാണ് അറസ്റ്റിലായ മൂന്നു പേരും എത്തിയത്.


 രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാത്തിരുന്ന പോലീസ് തലശ്ശേരി സ്വദേശികളായ ഷുഹൈബ്,നാസർ,മുഹമ്മദ് അക്രം എന്നിവരെ പിടികൂടുകയായിരുന്നു. 

നേത്രാവതി എക്‌സ്പ്രസ്സിലായിരുന്നു മൂവർ സംഘത്തിന്റെ യാത്ര. നാസറിന്റെ ഷൂവില്‍ ഒളിപ്പിച്ച നിലയിലാണ് 258 ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തിയത്.  

ഇതിന്  13 ലക്ഷത്തോളം രൂപ  വില വരുമെന്നാണ് പോലീസ് കണക്കാക്കിയത്.   2,20,000 രൂപയ്ക്കാണ് മുംബൈയില്‍ നിന്ന് പ്രതികള്‍ ബ്രൗണ്‍ഷുഗര്‍ വാങ്ങിയത്. മുംബൈയില്‍ നിന്ന് തീവണ്ടിമാർഗം തലശ്ശേരി മേഖലയിലേക്ക് ബ്രൗൺഷുഗർ എത്തിച്ചു വില്പന നടത്തുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.


ഗ്രാമിന് 5000 രൂപ നിരക്കിലാണ്  വില്‍പനയെന്നും പോലീസ് കണ്ടെത്തി. പിടിയിലായ മുഹമ്മദ് അക്രമിനെ നേരത്തെ  ലഹരിമരുന്ന് കടത്ത് കേസില്‍ മുംബൈ പോലീസ് പിടികൂടിയിരുന്നു.


 തലശ്ശേരിയിലെ ലഹരി വില്പനക്കാരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണങ്ങൾക്കിടെയാണ് ബ്രൗൺഷുഗർ വില്പനയെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചത്.