/sathyam/media/media_files/2025/07/03/untitledmaliedison-2025-07-03-12-38-43.jpg)
കൊച്ചി : ഡാർക്ക് വെബിലൂടെ കേരളം കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വ്യാപാരം നടത്തിയ മൂവാറ്റുപുഴ സ്വദേശി എഡിസൺന്റെ അറസ്റ്റിൽ ഞെട്ടി നാട്ടുകാരും വീട്ടുകാരും.
മാന്യനും സൗമ്യനുമായ ഈ അന്തർമുഖനായ ചെറുപ്പക്കാൻ നർക്കോട്ടിക്‌സ് കൺേേട്രാൾ ബ്യൂറോ അന്വേഷിക്കുന്ന മയക്ക്മരുന്ന് രാജാവാണെന്ന ബോധ്യം ആർക്കുമുണ്ടായിരുന്നില്ല. കോടികളുടെ ഇടപാട് നടത്തുമ്പോഴും വളരെ 'കൂളായി' ഇരുന്ന എഡിസണ് വിനയായത് ഒരിക്കലും താൻ പിടിക്കപ്പെടില്ലെന്ന അമിതമായ ആത്മവിശ്വാസമാണ്.
എറണാകുളം ജില്ലയിലെ എൻജിനീയറിങ് കോളജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം ബെംഗളൂരു, പുണെ തുടങ്ങിയ സ്ഥലങ്ങളിൽ ഇയാൾ ജോലി ചെയ്തിരുന്നു. ഈ മേഖലയിലെ ഏറ്റവും മികച്ച കമ്പനികളിലായിരുന്നു ജോലി. അക്കാലത്താണ് ലഹരി ഇടപാടുകൾ തുടങ്ങിയത്.
തുടക്കത്തിൽ, ആവശ്യക്കാരെ കണ്ടെത്തി ചെറിയ തോതിൽ നേരിട്ടു വിൽപന നടത്തുന്ന രീതിയായിരുന്നു എഡിസണുണ്ടായിരുന്നത്. നാട്ടിൽ തിരിച്ചെത്തി ആലുവയിൽ ഒരു റസ്റ്ററന്റ് തുറന്നു. എന്നാൽ കോവിഡ് സമയത്ത് അത് അടച്ചു.
പിന്നീടാണ് മൂവാറ്റുപുഴയിലെ വീട് കേന്ദ്രീകരിച്ച് വലിയ തോതിൽ ലഹരിയിടപാടു തുടങ്ങിയത്. വൻതോതിലുള്ള കച്ചവടത്തിന് ഇയാൾ തിരഞ്ഞെടുത്തത് ഡാർക്ക് വെബായിരുന്നു. ഇവർക്കാർക്കും ഇയാളുടെ ഇടപാടുകളെപ്പറ്റി അറിയില്ലായിരുന്നെന്നും എൻ.സി.ബി(നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ) വൃത്തങ്ങൾ പറയുന്നു.
കഴിഞ്ഞ രണ്ടു വർഷമായി ഡാർക്ക്‌നെറ്റ് മാർക്കറ്റുകളിൽ സജീവമായ എഡിസൺ അതിനും നാലു വർഷം മുമ്പ് തന്നെ ലഹരിയിടപാടുകൾ തുടങ്ങിയിരുവെന്നാണ് അനുമാനിക്കപ്പെടുന്നത്.
ചെറിയ കച്ചവടങ്ങളിൽ നിന്നും മികച്ച വരുമാനമുണ്ടായതോടെയാവാം വലിയ കച്ചവടത്തിലേക്ക് തിരിയാൻ ഇയാളെ പ്രേരിപ്പിച്ചതെന്നും കരുതപ്പെടുന്നു. മിക്ക ഇടപാടുകാരെയും പോലെ ഇതിലെ ലാഭമാണ് ഇയാളെ കച്ചവടത്തിൽ ആകൃഷ്ടനാക്കിയിട്ടുള്ളത്.
രണ്ടു വർഷമായി, ഡാർക്ക്‌നെറ്റ് വഴി വൻതോതിൽ ലഹരിമരുന്ന് എത്തിക്കുകയും അതു വീട് കേന്ദ്രീകരിച്ച് വിൽക്കുകയുമായിരുന്നു ഇയാൾ ചെയ്ത് വന്നിരുന്നത്. വീട് റെയ്ഡ് ചെയ്തപ്പോൾ 847 എൽ.എസ്.ഡി സ്റ്റാംപുകളും 131.66 ഗ്രാം കെറ്റാമൈനും 70 ലക്ഷം രൂപയുടെ ക്രിപ്‌റ്റോകറൻസിയും പിടികൂടി.
പുറംലോകത്തിന് അജ്ഞമെങ്കിലും ലഹരി ഇടപാടിൽ ഡാർക്ക്‌നെറ്റിൽ രാജ്യത്തെ തന്നെ മുൻനിരക്കാരനായിരുന്നു 'ലെവൽ 4'ൽ എത്തിയ എഡിസൺ.
ലോകത്തിലെ ഏറ്റവും വലിയ എൽ.എസ്.ഡി ഇടപാടുകാരായ ഡോ.സീയൂസുമായി ബന്ധമുള്ള യു.കെയിലെ ഇടനില സംഘം ഗുംഗ ഡിൻ ആയിരുന്നു എഡിസണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്. ഇവർ യു.കെയിൽ നിന്നു തന്നെ പ്രവർത്തിക്കണമെന്നില്ലെന്നും ലോകത്ത് എവിടെ നിന്നും ഇതയച്ചിരിക്കാം എന്നുമാണ് എൻ.സി.ബി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഒന്നരമാസം മുമ്പാണ് മൂവാറ്റുപുഴ സ്വദേശിയായ എഡിസണ് ലഹരിമരുന്ന് ഇടപാടിൽ പങ്കുണ്ടെന്ന് എൻ.സി.ബിയുടെ കൊച്ചി യൂണിറ്റിന് വ്യക്തമായത്. വ്യക്തമായ തെളിവുകളോടെ ഈ 35കാരനെ കുടുക്കാൻ എൻ.സി.ബി പതിനെട്ടടവും പുറത്തെടുക്കുകയായിരുന്നു.
അരയും തലയും മുറുക്കി കാത്തിരുന്ന അന്വേഷണ സംഘത്തിന് മുന്നിലേക്ക് ജൂൺ 28ന് കൊച്ചി ഫോറിൻ പോസ്റ്റ് ഓഫിസിൽ എത്തിയ 3 പാഴ്‌സലുകൾ എഡിസണിലേക്കുള്ള വഴിതുറക്കുകയായിരുന്നു. 280എൽ.എസ്.ഡി സ്റ്റാംപുകൾ അടങ്ങിയ പാഴ്‌സലുകൾ എത്തിയത് എഡിസൺന്റെ പേരിലായിരുന്നു.
30ന് മൂവാറ്റുപുഴയിലെ എഡിസൺന്റെ വീട്ടിലെത്തിയ എൻ.സി.ബി സംഘം ഒരു കാര്യം അറിയാനുണ്ടെന്ന് പറഞ്ഞ് ഇയാളെ വീടിനു പുറത്തേക്കു വിളിക്കുകയായിരുന്നു. തങ്ങൾ എൻ.സി.ബി ഉദ്യോഗസ്ഥരാണെന്ന് വെളിപ്പെടുത്താതെ മറ്റ് കാര്യങ്ങൾ ചോദിച്ച സംഘത്തിന് മുന്നിലേക്ക് ഇറങ്ങിവന്ന ഇയാളെ തന്ത്രപരമായാണ് അന്വേഷണസംഘം കുടുക്കിയത്.
പല കാര്യങ്ങളും ചോദിച്ച ശേഷം ഇതൊന്നുമല്ല തങ്ങൾക്ക് അറിയേണ്ടത് കെറ്റാമെലോണിനെക്കുറിച്ചാണെന്ന് അവർ എഡിസണോട് പറഞ്ഞതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയെന്ന് എഡിസണ് മനസിലായത്. ഈ പേരിൽ അതീവ രഹസ്യമായി താൻ ഡാർക്ക്‌നെറ്റിൽ നടത്തുന്ന ലഹരിഇടപാട് ഇവർ അറിഞ്ഞുവെന്ന കാര്യം എഡിസണിൽ ഞെട്ടലുളവാക്കി.
അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന അയാൾക്ക് പിടിക്കപ്പെടില്ലെന്ന് അത്രയേറെ ഉറപ്പുണ്ടായിരുന്നു. എന്നാൽ എഡിസൺന്റെ രഹസ്യാത്മകത തകർത്ത 'ഓപ്പറേഷൻ മെലോണി'നെക്കുറിച്ചുള്ള എൻ.സി.ബി വൃത്തങ്ങളുടെ വെളിപ്പെടു ത്തലിൽ തെളിയുന്നത് കേരളത്തിൽ വേരുറപ്പിച്ച് രാജ്യം മുഴുവൻ പടർന്ന ഒരു ലഹരിശൃംഖലയുടെ ചിത്രമാണ്.
എഡിസണൊപ്പം മറ്റൊരു മൂവാറ്റുപുഴ സ്വദേശിയെയും എൻ.സി.ബി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വർഷങ്ങളോളം ശ്രമിച്ചാണ് എഡിസൺന്റെ നെറ്റ്‌വർക്കിലേക്കു നുഴഞ്ഞു കയറാൻ എൻ.സി.ബിക്കു കഴിഞ്ഞത്. വീട്ടിലെത്തിയ ഉദ്യോഗസ്ഥരോട് എഡിസൺ പിന്നീട് ഒന്നും ഒളിച്ചുവെച്ചില്ല. എല്ലാം സമ്മതിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.
ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസികളായിരുന്നു ഡാർക്ക്വെബിൽ ആദ്യകാലത്ത് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ വിവരങ്ങൾ കണ്ടെത്താൻ ഏറെ പ്രയാസമുള്ള മൊണേറോ പോലുള്ള ക്രിപ്‌റ്റോകളാണ് ഉപയോഗിക്കുന്നതെന്ന് എൻ.സി.ബി ചൂണ്ടിക്കാട്ടുന്നു.
എല്ലാവരുടെയും കണ്ണിൽ പൊടിയിട്ട് എഡിസൺ നടത്തിയ ഇടപാടുകൾ പുറത്തുവരുമ്പോൾ ഞെട്ടുന്നത് കൊച്ചു കേരളം കൂടിയാണ്. തന്റെ തൊട്ടടുത്ത് നിൽക്കുന്നയാൾ ഇനി എഡിസണാവുമോയെന്ന സംശയം പലർക്കും ഉള്ളിൽ ഉടലെടുത്തു കഴിഞ്ഞു.