/sathyam/media/media_files/2025/08/21/b4547bd3-9cef-45d7-83a8-8fa7cdcb220d-2025-08-21-17-10-59.jpg)
കോട്ടയം: കോട്ടയം നഗര മധ്യത്തില്‍ നിന്നും 12 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയ ബംഗളൂരു സ്വദേശിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
ബംഗളൂരുവില്‍ ആര്‍.ടി. നഗര്‍ സ്വദേശിയായ കൃഷ്ണ കുറുപ്പിനെയാണ് (29) കോട്ടയം എക്‌സൈസ് സംഘം പിടികൂടിയത്.
ഇന്നു രാവിലെ 11.30 ടെ കോട്ടയം ബേക്കര്‍ ജങ്ഷനില്‍ നിന്നും ആണ് എക്‌സൈസ് സംഘം ഇയാളെ പിടികൂടുന്നത്. ബംഗളൂരുവില്‍ നിന്നും കല്യാണ ആവശ്യത്തിനായി കൂട്ടുകാര്‍ക്കൊപ്പം കോട്ടയത്തേക്കു വന്നതാണ് ഇയാള്‍.
ഓട്ടോ കാത്ത് ബേക്കര്‍ ജങ്ഷനില്‍ നില്‍ക്കുന്നതിനിടയില്‍ പട്രോളിങ്ങിന് എത്തിയ എക്‌സൈസ് സംഘത്തിനു സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കയ്യില്‍ നിന്നും 12 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ ഇയാളെ വിടുകയായിരുന്നു.
നമ്മുടെ കേരളത്തിലേക്കും ഇപ്പോള്‍ വ്യാപകമായി ഹൈബ്രിഡ് കഞ്ചാവ് എത്തുന്നുണ്ട് എന്നതിന് തെളിവാണിത്. കഞ്ചാവ് പിടിക്കപ്പെടുമ്പോള്‍ ഇത് ഉപയോഗിക്കുന്ന ആളുകളെയല്ല, വിതരണം ചെയ്യുന്നവരെയാണു പിടികൂടേണ്ടതെന്ന് പലരും അഭിപ്രായം പറയാറുണ്ട്.
എന്നാല്‍, മറ്റെല്ലാ നിയമങ്ങളെ പോലെ തന്നെ നമ്മുടെ രാജ്യത്ത് നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റന്‍സസ് നിയമത്തിലും പഴുതുകളുണ്ട്.
ഇതാണു പ്രധാനമായും കഞ്ചാവ് പ്രതിരോധത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ഒരു കിലോയ്ക്ക് താഴെ കഞ്ചാവ് കൈവശം വെക്കുന്നത് നമ്മുടെ നാട്ടില്‍ ജാമ്യം ലഭിക്കുന്ന കുറ്റമാണ്.
സാധാരണ കഞ്ചാവിന്റെ കാര്യത്തില്‍ മാത്രമല്ല ഹൈബ്രിഡ് കഞ്ചാവിന്റെ കാര്യത്തിലും ഈ നിയമം ബാധകമാണ്. 999 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടിക്കപ്പെടുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ ജാമ്യം ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
വിദേശത്തു നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിലേക്ക് എത്തുന്നത്. എന്നാല്‍, അടച്ചിട്ട മുറികളില്‍ ഇവ കൃഷി ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ ഇന്ത്യയിലും ഈ ആധുനിക കൃഷിരീതി സാധ്യമാകുമെന്നതു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇത്തരം സംരംഭങ്ങള്‍ ഇന്ത്യയില്‍ വ്യാപകമാകുന്നതായാണു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.