കണ്ണൂര്‍: ഇരിട്ടി കൂട്ടുപുഴയിലും കണ്ണൂര്‍ നഗരത്തിലും വന്‍ ലഹരി വേട്ട. വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേരെ എക്‌സൈസ് അറസ്റ്റു ചെയ്തു.
ഇരിട്ടി കൂട്ടുപുഴയില്‍ കാറില്‍ കടത്തുകയായിരുന്ന ലഹരി വസ്തുക്കളുമായി വടകര ഒഞ്ചിയം സ്വദേശികളും കണ്ണൂര്‍ നഗരത്തിലെ താളിക്കാവില്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് അറസ്റ്റിലായത്. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ കൂട്ടുപുഴയില്‍ നിന്നും രണ്ടു ലക്ഷം രൂപയോളം വിലവരുന്ന മാരക ലഹരിമരുന്നായ മെത്താ ഫിറ്റാമിനും കഞ്ചാവുമായി രണ്ടു യുവാക്കളെയാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ വാഹന പരിശോധനയ്കിടെ എക്‌സൈസ് സംഘം പിടികൂടിയത്.
വടകര ഒഞ്ചിയം സ്വദേശി പി. അമല്‍രാജ് (32), അഴിയൂര്‍ കുഞ്ഞിപ്പള്ളിയിലെ പി.അബ്ബാസ്(32) എന്നിവരെയാണ് കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജീബ് ലബ്ബയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
വാഹന പരിശോധനയ്ക്കിടെ ബാംഗ്ലൂരില്‍ നിന്നും വടകരയിലേക്ക് കെഎല്‍ 77 ബി. 8061 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 52.252 ഗ്രാം മെത്താഫിറ്റാമിനും 12.90 ഗ്രാം കഞ്ചാവുമായാണ് പ്രതികള്‍ പിടിയിലായത്. ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.
ഉത്തര്‍പ്രദേശ് വാരാണസി സ്വദേശി ദീപു സഹാനി (24)യെയാണ് കണ്ണൂര്‍ താളിക്കാവില്‍ വെച്ച് പിടിച്ചത്.
എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗം സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗണേഷ് ബാബുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി.ജനാര്‍ദനന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് രണ്ടുകിലോഗ്രാം കഞ്ചാവും 95 ഗ്രാം എം.ഡി.എം.എ.യും 333 മില്ലിഗ്രാം എല്‍.എസ്.ഡി. സ്റ്റാമ്പും പിടിച്ചെടുത്തു.