/sathyam/media/media_files/2025/04/03/wli9S5ym1G4Q7bgBnXz8.jpg)
കാസർഗോഡ് : സംസ്ഥാനത്ത് വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ കർശന നടപടികൾ സ്വീകരിച്ചു വരുന്നതായി വ്യക്തമാക്കുകയാണ് പോലീസ്. പൊതു ക്യാമ്പയിനുകളും സജീവമാണ്.
വാഹന പരിശോധന ഉൾപ്പടെ ശക്തമാക്കുമ്പോഴും രാസ ലഹരി ഉൾപ്പെടെയുള്ളവയുടെ വ്യാപനത്തെ ഫലപ്രദമായി തടയാൻ കഴിയുന്നില്ല എന്നതും വസ്തുതയാണ്.
കേരള-കർണാടക അതിർത്തി പങ്കിടുന്ന കാസർഗോഡ് ജില്ലയിൽ കർണാടകയിൽ നിന്നടക്കമാണ് ലഹരി ഒഴുകുന്നത്. കാസർഗോഡ് ജില്ലാ പോലീസ് പുറത്തുവിട്ട കേസുകളുടെ കണക്കുകൾ ഇതു വ്യക്തമാക്കുന്നുണ്ട്.
ഫെബ്രുവരി 22 മുതൽ മാർച്ച് 31 വരെ മാത്രമുള്ള ചെറിയ കാലയളവിൽ നടന്ന പരിശോധനയിൽ മാത്രം 304 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതികളായത് 312 പേരാണ്. ഇതിൽ 311 പേരെയും പോലീസ് പിടികൂടി.
മഞ്ചേശ്വരം 27 , കുമ്പള 16 , കാസർഗോഡ് 35 , വിദ്യാനഗർ 23 , ബദിയടുക്ക 22, ബേക്കൽ 35 , മേല്പറമ്പ 19 , ആദൂർ 11 , ബേഡകം 14 , അമ്പലത്തറ 08 , രാജപുരം 12, ഹൊസ്ദുർഗ് 42 , നീലേശ്വരം 10 , ചന്തേര 20 , ചീമേനി 03 , വെള്ളരിക്കുണ്ട് 03 , വനിതാ പോലീസ് സ്റ്റേഷൻ 04 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്ത കേസുകൾ എന്നും പോലീസ് വ്യക്തമാക്കി.
കർണ്ണാടക - കേരള അതിർത്തി പട്ടണമായ പാണത്തൂർ , ചെമ്പേരി പ്രദേശങ്ങളിൽ പുകയില ഉല്പന്നങ്ങളും മറ്റു ലഹരി വസ്തുക്കളും കർണ്ണാടകയിലെ സുള്ളിയ, ബാഗമണ്ഡല ,മടിക്കേരി പ്രദേശങ്ങളിൽ നിന്ന് എത്തിച്ചു യഥോഷ്ടം വിതരണം ചെയ്യപ്പെടുന്നുവെന്ന ആരോപണവും നാട്ടുകാർ ഉയർത്തുന്നുണ്ട് .