/sathyam/media/media_files/2025/03/16/DucJJSzrfDxUKviigaOr.jpg)
കൊച്ചി: കൊച്ചി നഗരത്തിൽ അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികൾക്ക് ഉൻമാദ ലഹരി പകരാൻ എത്തിച്ച ലോറെ സെപാം ഇഞ്ചക്ഷൻ ഐപി എന്ന മാരക മയക്കുമരുന്നുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.
ആലുവ കരുമാലൂർ കൊറ്റൻകുളങ്ങര പല്ലാക്കപ്പറമ്പ് കെ.കെ. അനൂപ് (40) ആലുവ ദേശം കടവ് മണിവിലാസം വീട്ടിൽ പ്രഭാകരൻ(ജപ്പാൻ പപ്പൻ- 31) എന്നിവരാണ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷൽ ഇന്‍റലിജൻസ് ടീം, ആലുവ റേഞ്ച് എക്സൈസ് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
ഇവരുടെ പക്കൽ നിന്ന് നാല് ലോറെസെപാം മയക്കുമരുന്ന് ആപ്യൂളുകളും ഇത് കുത്തി വയ്ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകളും മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ ഛർദ്ദിക്കാതിരിക്കാനുള്ള ആംപ്യൂളുകളും കണ്ടെടുത്തു.
മയക്കുമരുന്ന് കച്ചവടം ചെയ്യാൻ ഉപയോഗിച്ചിരുന്ന ന്യൂജനറേഷൻ ബൈക്കും സ്മാർട്ട് ഫോണുകളും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
അടിവസ്ത്രത്തിൽ പ്രത്യേകം അറകൾ നിർമിച്ച് അതിൽ ആയിരുന്നു ആംപ്യൂളുകൾ ഒളിപ്പിച്ചിരുന്നത്.
ഉപഭോക്താക്കളുടെ ഇടയിൽ ജപ്പാൻ പപ്പൻ എന്ന് അറിയപ്പെടുന്ന പ്രഭാകരനും, സുഹൃത്ത് അനൂപും മയക്കുമരുന്ന് കച്ചവടം തുടങ്ങിയിട്ട് ഏറെ നാളുകളായെങ്കിലും ഒരുമിച്ച് പിടിയിലാക്കുന്നത് ഇത് ആദ്യമായാണ്.
ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍റിന് പടിഞ്ഞാറ് വശം ന്യൂജനറേഷൻ ബൈക്കിൽ മയക്കുമരുന്ന് കൈമാറാൻ ഇടനിലക്കാരനെ കാത്തിരിക്കുകയായിരുന്ന ഇരുവരും എക്സൈസ് സാന്നിധ്യം തിരിച്ചറിഞ്ഞ് മയക്കുമരുന്നും ബൈക്കും ഉപേക്ഷിച്ച് ആലുവ പ്രൈവറ്റ് ബസ്റ്റാന്‍റിന് അകത്ത് കൂടി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിൻതുടർന്ന് ചെന്ന് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us