/sathyam/media/media_files/2025/12/17/2752643-dyfi-2025-12-17-20-53-22.webp)
തിരുവനന്തപുരം: തപാൽ വകുപ്പ് ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷ പരിപാടിയിൽ ആർ.എസ്.എസ് ഗണഗീതം ആലപിക്കണമെന്ന ബി.എം.എസ് സംഘടനയായ ഭാരതീയ പോസ്റ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസേഴ്‌സ് എംപ്ലോയീസ് യൂണിയന്‍റെ ആവശ്യത്തിനെതിരെ വിമർശനവുമായി ഡി.വൈ.എഫ്.ഐ.
നിയമവിരുദ്ധമോ വിഭാഗീയമോ ആയ പ്രവർത്തനങ്ങൾ തപാൽ വകുപ്പ് ആസ്ഥാനത്ത് അനുവദിക്കരുതെന്ന് വാർത്താകുറിപ്പിൽ ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
സൗഹാർദത്തിന്‍റെ ക്രിസ്മസ് നാളുകൾ സംഘർഷത്തിലാക്കാൻ ഭാരതീയ പോസ്റ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസേഴ്‌സ് എംപ്ലോയീസ് യൂണിയൻ ശ്രമിക്കുകയാണെന്നും പോസ്റ്റൽ ആസ്ഥാനത്ത് ആർ.എസ്.എസ് ഗണഗീതം ആലപിക്കാനുള്ള ആവശ്യം അടിച്ചേൽപിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.
ക്രിസ്മസ് കരോളുകൾ ഐക്യത്തിന്‍റെയും സൗഹാർദത്തിന്‍റെയും മാനുഷിക മൂല്യങ്ങളുടെയും സന്ദേശങ്ങൾ നൽകുന്നു. എന്നാൽ, ആർ.എസ്.എസ് ഭിന്നതയെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ്. അതിനാൽ, ക്രിസ്മസ് കരോളുകൾക്ക് പകരം ഗണഗീതം ആലപിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല.
ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള ഇത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണ്. പൊതുക്രമത്തിനും സാമുദായിക ഐക്യത്തിനും ഗുരുതര ഭീഷണി ഉയർത്തുന്നു. ഇന്ത്യൻ ഭരണഘടന പ്രഖ്യാപിക്കുന്ന ജനാധിപത്യ, മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട സ്ഥാപനമാണ് തപാൽ വകുപ്പ്.
പ്രദേശങ്ങളെയും സമൂഹത്തെയും വിശ്വാസങ്ങളെയും ബന്ധിപ്പിക്കുന്ന ഘടകമാണത്. യൂണിയന്‍റെ ആവശ്യം തപാൽ വകുപ്പിന്‍റെ പ്രശസ്തിയെയും പാരമ്പര്യത്തെയും ദുർബലപ്പെടുത്തും.
തപാൽ വകുപ്പ് റിക്രിയേഷൻ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ ആർ.എസ്.എസ് ഗണഗീതം ആലപിക്കണമെന്ന് ബി.എം.എസ് സംഘടനയായ ഭാരതീയ പോസ്റ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസേഴ്‌സ് എംപ്ലോയീസ് യൂണിയൻ ആണ് ആവശ്യപ്പെട്ടത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി യൂണിയൻ കത്ത് നൽകുകയും ചെയ്തു. സംഭവം വിവാദമായതോടെ വ്യാഴാഴ്ചത്തെ ക്രിസ്മസ് ആഘോഷം റദ്ദാക്കിയ തപാൽ വകുപ്പ് വിവരം ഇമെയ്ൽ വഴി ജീവനക്കാരെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us