/sathyam/media/media_files/2025/10/07/madhu-babu-2025-10-07-17-50-28.jpg)
തിരുവനന്തപുരം: പോലീസിലെ ക്രിമിനൽ സ്വഭാവമുള്ളവരെ സേനയിൽ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നതിനിടെ, നിരവധി കസ്റ്റഡി മർദ്ദനങ്ങളിൽ ആരോപണം നേരിടുന്ന ഡിവൈഎസ്പി എം.ആർ.മധുബാബുവിന് സുരക്ഷിത ലാവണത്തിലേക്ക് സ്ഥലംമാറ്റം.
ആലപ്പുഴ ഡിവൈഎസ്പിയായ മധുബാബുവിനെ ആലപ്പുഴയിൽ തന്നെയുള്ള ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലേക്കാണ് മാറ്റിയത്.
ജില്ലയ്ക്ക് പുറത്തേക്ക് പോലും സ്ഥലംമാറ്റാതെ, സ്വന്തം താമസ സ്ഥലത്തിനടുത്തേക്ക് നിയമനം നൽകുകയാണ് ചെയ്തത്. അതോടെ ആലപ്പുഴ നഗരത്തിൽ തന്നെ മധുബാബുവിന് താമസം തുടരാം.
മാത്രമല്ല, പോലീസിലെ ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ചും കസ്റ്റഡി മർദ്ദനങ്ങളെക്കുറിച്ചുമെല്ലാം രഹസ്യാന്വേഷണം നടത്തേണ്ട സ്പെഷ്യൽ ബ്രാഞ്ചിലേക്ക് മധുവിനെ മാറ്റി നിയമിച്ചതും ഏറെ വൈരുദ്ധ്യമാണ്.
എസ്എഫ്ഐ ഏരിയ സെക്രട്ടറിയായിരിക്കെ 2012ൽ മൂന്നാംമുറ പ്രയോഗിച്ചെന്ന സിപിഎം പ്രവർത്തകൻ ജയകൃഷ്ണന്റെ ആരോപണമാണ് മധുബാബുവിനെ അടുത്തിടെ കേരളത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
ആലപ്പുഴയിലും അദ്ദേഹത്തിനെതിരേ കസ്റ്റഡി മർദ്ദനക്കേസുണ്ട്. ഈ കേസിൽ കോടതി ഇദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതിയെ ജീപ്പിൽ വിവസ്ത്രനാക്കി ശരീരത്തിൽ ചൊറിയണം തേയ്ക്കുകയും മർദിക്കുകയും ചെയ്തെന്നായിരുന്നു കേസ്.
2006 ൽ മധുബാബു ചേർത്തല എസ്ഐ ആയിരിക്കെ ഉണ്ടായ സംഭവത്തിൽ ഇദ്ദേഹത്തിനും അന്നത്തെ എഎസ്ഐക്കും ഒരു മാസം തടവും 1,000 രൂപ പിഴയുമാണു കഴിഞ്ഞ ഡിസംബറിൽ ചേർത്തല മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്.
പള്ളിപ്പുറം നികർത്തിൽ സിദ്ധാർഥനായിരുന്നു പരാതിക്കാരൻ. 2006 ഓഗസ്റ്റിലാണു സംഭവം. വീടിനു സമീപത്തെ കയർ ഫാക്ടറിയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ടു സിദ്ധാർഥനും ഫാക്ടറി ഉടമയും തമ്മിൽ തർക്കമുണ്ടായിരുന്നു.
ഫാക്ടറി ഉടമയുടെ പരാതിയിൽ മധുബാബുവും എഎസ്ഐ മോഹനനും ചേർന്നു സിദ്ധാർഥനെ കസ്റ്റഡിയിലെടുത്ത് ജീപ്പിലിട്ടു മർദിച്ചെന്നാണു പരാതി.
18 വർഷത്തിനു ശേഷമാണു കേസിൽ ശിക്ഷ വിധിച്ചത്. വിധിയെ തുടർന്ന് മധുബാബു അപ്പീൽ നൽകുകയും ജാമ്യം തേടുകയും ചെയ്തിരുന്നു.
കോന്നി സി.ഐയായിരിക്കുന്ന സമയത്താണ് ജയകൃഷ്ണനെ അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചത്. പിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നെല്ലാം പരാതിയുണ്ടായി.
ഡിവൈ.എസ്.പിമാരുടെ സംഘടനയായ സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെ സംസ്ഥാന ട്രഷററാണ് അദേഹം. അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുവേദിയില്‍ നിന്ന് മധുബാബുവിനെ മാറ്റിനിർത്തിയിരുന്നു.
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലാണ് ഒഴിവാക്കിയത്. മറ്റ് സംസ്ഥാന ഭാരവാഹികൾ വേദിയിൽ ഇടംപിടിച്ചപ്പോൾ മധുബാബുവിൻ്റെ ഇരിപ്പിടം കാണികൾക്കിടയിലായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് മധു ബാബുവിനെ മാറ്റി നിർത്തിയത്. കസ്റ്റഡിയിൽ എടുക്കുന്നവരെ അടിച്ചു ചതയ്ക്കും, ശരീരത്തിൽ ചൊറിയണം തേയ്ക്കും, പൊലീസ് വയർലെസ് വച്ച് നെഞ്ചിനെറിയും, അടിച്ചു ചെവിയുടെ ഡയഫ്രം പൊട്ടിക്കും - ഇങ്ങനെ നീളുന്നു മധുവിനെതിരായ പരാതികള്‍.
കസ്റ്റഡി മർദ്ദനത്തിന് കോടതി ശിക്ഷിച്ചിട്ടും മധുവിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയിരുന്നില്ല. എസ്.പിയായി നിയമനത്തിനുള്ള സീനിയോരിറ്റി പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.