സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനങ്ങളുടെ അവകാശം: മുഖ്യമന്ത്രി പിണറായി വിജയൻ

കോവിഡ് കാലത്തും വെള്ളപ്പൊക്കത്തിലും വയനാട് ദുരന്തത്തിലുമെല്ലാം ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും മറ്റു സാങ്കേതികവിദ്യകളുടെയും സാദ്ധ്യതകൾ നാം നേരിട്ട് മനസ്സിലാക്കിയതാണ്

New Update
ev

തിരുവനന്തപുരം: സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനാധിപത്യ സംവിധാനത്തിലെ അടിസ്ഥാന തത്വമാണെന്നും  അത് ഔദാര്യമല്ല  ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

Advertisment

സംസ്ഥാന  ഇ-ഗവേർണൻസ്   അവാർഡുകളുടെ വിതരണോദ്ഘാടനം തിരുവനന്തപുരം ഐ.എം.ജിയിൽ  നിർവ്വഹിക്കുകയായിരുന്നു  മുഖ്യമന്ത്രി.

e3

എത്ര നല്ല നയങ്ങളും പരിപാടികളും അവ നടപ്പാക്കപ്പെടുന്നതിലെ പാളിച്ചകൾ കാരണം ലക്ഷ്യം കാണാതെ പോകാമെന്നും, ഭരണനേതൃത്വവും ഔദ്യോഗിക സംവിധാനവും യോജിച്ചു പ്രവർത്തിക്കുമ്പോൾ മാത്രമേ ഏതൊരു പദ്ധതിയും വിജയപ്രാപ്തിയിലെത്തുകയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

ഉദ്യോഗസ്ഥരുടെ അർപ്പണബോധവും  ജനപക്ഷത്തുനിന്ന് ചിന്തിക്കാനുള്ള കഴിവും പദ്ധതികളുടെ വിജയത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്.  പക്ഷേ അത് മാത്രം പോരാ. സമൂഹത്തിന്റെ മാറിവരുന്ന പ്രതീക്ഷകൾക്കനുസ്യതമായി പ്രവർത്തിക്കണമെങ്കിൽ പഴയ രീതികൾ മാറ്റാനും കാര്യക്ഷമത ഉറപ്പുവരുത്താനും  ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

e-gover

 ഈ സദ്ഭരണലക്ഷ്യങ്ങൾ നേടണമെങ്കിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ കൂടി ഏവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരമ്പരാഗത ശൈലിയിൽ ചെയ്തുകൊണ്ടിരിക്കുന്ന ഓഫീസ് ജോലികൾ ഐടിയുടെ സഹായത്തോടെ ലഘൂകരിക്കാനും അങ്ങനെ കാലതാമസം ഒഴിവാക്കാനും സാധിക്കുമെങ്കിൽ അവ പ്രയോജനപ്പെടുത്താതിരിക്കുന്നത് നീതീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

e2

 സാങ്കേതികവിദ്യയുടെ സാധ്യതകൾ അനന്തമാണെന്നും  അവയെ നമ്മുടെ സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും യോജിച്ച വിധത്തിൽ മെരുക്കിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.  

'ജനസേവനത്തിന്റെ നിലവാരം ഉയർത്തുക എന്ന ഉദ്ദേശമാണ് എല്ലാ പരീക്ഷണങ്ങൾക്കും പിന്നിൽ. ഭരണസംവിധാനവും ജനങ്ങളുമായുള്ള ആശയവിനിമയത്തിന്റെ അകലം കുറയ്ക്കുക  എന്ന ജനാധിപത്യ യുക്തിയുടെ പ്രയോഗപാഠമാണ് ഈ കാൽവയ്പുകളെല്ലാം. സർക്കാർ ഓഫീസുകളുടെ പതിവ് ശീലങ്ങൾ കാലോചിതമായി മാറ്റാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട് ', മുഖ്യമന്ത്രി പറഞ്ഞു.

'കോവിഡ് കാലത്തും വെള്ളപ്പൊക്കത്തിലും വയനാട് ദുരന്തത്തിലുമെല്ലാം ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും മറ്റു സാങ്കേതികവിദ്യകളുടെയും സാദ്ധ്യതകൾ നാം നേരിട്ട് മനസ്സിലാക്കിയതാണ്'.       

'വിദ്യാഭ്യാസ പ്രക്രിയയിലും ആരോഗ്യമേഖലയിലും ക്രമസമാധാന പാലനത്തിലുമൊക്കെ ഡിജിറ്റൽ സാങ്കേതികവിദ്യക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ സാധിക്കും. സമൂഹത്തിനു ക്ഷേമകരമായ രീതിയിൽ സർക്കാർ സ്ഥാപനങ്ങൾ സാമൂഹ്യമാധ്യമങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന്  കാണിച്ചുതന്നതിനാണ് വയനാട്, തിരുവനന്തപുരം ജില്ലാ ഭരണ സംവിധാനങ്ങൾക്ക് അവാർഡ് നൽകിയിരിക്കുന്നത്'.     

 'ഈ-ഹെൽത്ത് ഈ-മെഡിസിൻ എന്നിവയ്ക്ക് പ്രചാരം നൽകിയതിനാണ് നാഷണൽ ഹെൽത്ത് മിഷന്  അവാർഡ് കിട്ടിയിരിക്കുന്നത്. പരമ്പരാഗത കാര്യനിർവഹണ രീതികൾ  ആധുനിക സാങ്കേതികവിദ്യക്ക് ഇണങ്ങുംവിധം പുനർസംവിധാനം ചെയ്ത ധനകാര്യ വകുപ്പ്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എല്ലാം  അഭിനന്ദനം അർഹിക്കുന്നു', മുഖ്യമന്ത്രി പറഞ്ഞു.

'ഇ-ഗവേർണൻസ് അവാർഡുകൾ സ്ഥാപിക്കപ്പെട്ട സന്ദർഭത്തിലുള്ള സാങ്കേതികവിദ്യയല്ല ഇന്നുള്ളത്.  പുതിയ അറിവുകളും പുതിയ സാധ്യതകളും മാനവരാശിക്ക് മുന്നിൽ തുറന്നിട്ട് കൊണ്ട് സാങ്കേതികവിദ്യയുടെ ജൈത്രയാത്ര തുടരുകയാണ്. നിർമ്മിതബുദ്ധിയുടെ ആവിർഭാവവും വ്യാപനവും ഇന്നലെവരെ അസാധ്യമായിരുന്ന പലതും സാധ്യമാക്കിക്കൊണ്ടിരിക്കുന്നു'.

'വിവിധ പദ്ധതികളുടെ ഗതിവേഗം  വർധിപ്പിക്കുന്നതിനും കാലതാമസം വരുത്തിവെക്കുന്ന നടപടിക്രമങ്ങൾ ഒഴിവാക്കുന്നതിനും ജനങ്ങളുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിനും സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ നിന്നുകൊണ്ട് നിർമ്മിതബുദ്ധി ഉപയോഗപ്പെടുത്താനാവും. ജനാധിപത്യം അർദ്ധപൂർണ്ണമാകുന്നത്  ജനസേവനത്തിനുള്ള നിതാന്ത ജാഗ്രതയിലും സേവനം മെച്ചപ്പെടുത്താനുള്ള ഇച്ഛാശക്തിയിലുമാണ്',  

'ഇപ്പോൾ നൽകിവരുന്ന ഇ-ഗവേർണൻസ് അവാർഡുകൾ കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭരണനിർവഹണത്തിൽ നന്നായി ഉപയോഗപ്പെടുത്തുന്നതിനുള്ള  ഒരു വിഭാഗം കൂടി അവാർഡിനായി പുതുതായി പരിഗണിക്കും. സദ്ഭരണം യാഥാർത്ഥ്യമാക്കാനുള്ള സർക്കാരിന്റെ നിശ്ചയം ആവർത്തിച്ചുകൊണ്ടും  അതിൽ എല്ലാവരും കാണിക്കുന്ന താൽപര്യത്തെ അഭിനന്ദിച്ചുകൊണ്ടും ഈ ദൗത്യം നിരന്തരമായി തുടരേണ്ടതുണ്ടെന്നും ഓർമ്മിപ്പിക്കുന്നു' മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വി. കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷനായിരുന്ന ചടങ്ങിൽ വാർഡ് കൗൺസിലർ മേരി പുഷ്പം, ഐ.എം.ജി ഡയറക്ടർ  കെ. ജയകുമാർ, ഇലക്ട്രോണിക്സ്-വിവര സാങ്കേതിക വകുപ്പ് സെക്രട്ടറി സീറാം സാംബശിവ റാവു, കേരളം സ്റ്റേറ്റ് ഐ.ടി. മിഷൻ ഡയറക്ടർ സന്ദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment