/sathyam/media/media_files/2025/06/18/uzmJ63wBrUSy0UOi5p90.jpg)
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ് വകുപ്പിന്‍റെ (ഡിപിഐഐടി) )വാണിജ്യ പരിഷ്കരണ കര്‍മ്മപദ്ധതി (ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാന്‍ -ബിആര്‍എപി) പ്രകാരം പുറത്തിറക്കിയ 2024-ലെ ദേശീയ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റേറ്റിംഗുകളില്‍ കേരളം വീണ്ടും ടോപ്പ് അച്ചീവര്‍ പദവി നേടി. രാജ്യത്ത് വ്യവസായരംഗത്ത് ഏറ്റവും കൂടുതല്‍ പരിഷ്കരണങ്ങള്‍ നടപ്പാക്കുന്നതും നിക്ഷേപ സൗഹൃദ നടപടികള്‍ എടുക്കുന്നതുമായ സംസ്ഥാനങ്ങളുടെ ഗണത്തിലാണ് കേരളം വീണ്ടും ഒന്നാം സ്ഥാനമുറപ്പിച്ചത്.
ന്യൂഡല്‍ഹിയില്‍ നടന്ന ഉദ്യോഗ് സമാഗം 2025- പരിപാടിയില്‍ വെച്ചാണ് പ്രഖ്യാപനമുണ്ടായത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ കേരളത്തിന്‍റെ വ്യവസായ-നിയമ-കയര്‍ മന്ത്രി പി. രാജീവിന് പുരസ്കാരം സമ്മാനിച്ചു. ഈ മൂല്യനിര്‍ണ്ണയത്തില്‍ 70% നിക്ഷേപകരുടെ നേരിട്ടുള്ള പ്രതികരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ബാക്കി 30 ശതമാനം നടപ്പാക്കിയ പരിഷ്കരണങ്ങള്‍ക്കും നല്‍കും.
പരിഷ്കരണ നിര്‍വഹണ സ്കോറില്‍ കഴിഞ്ഞ കൊല്ലത്തെ 91% ഇത്തവണ 99.1% ലേക്കെത്തിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. ഇതു വഴി 'ഫാസ്റ്റ് മൂവേഴ്സ്' വിഭാഗത്തിലാണ് കേരളം ടോപ്പ് അച്ചീവര്‍ സ്ഥാനം നേടിയത്. മെച്ചപ്പെട്ട ഭരണനിര്‍വഹണം, കാര്യക്ഷമവും സുതാര്യവുമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കല്‍ എന്നിവയില്‍ കേരളം തുടര്‍ന്നു വരുന്ന നടപടികളുടെ അംഗീകാരമാണ് ഈ നേട്ടം.
വ്യവസായ വാണിജ്യ വകുപ്പിന്‍റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ (കെഎസ്ഐഡിസി) നേതൃത്വത്തില്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നടത്തിയ ഏകോപന ശ്രമങ്ങളുടെ ഫലമാണ് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നേടിയ നേട്ടം. സ്ഥിരമായ ടീം വര്‍ക്ക്, സമയബന്ധിതമായ നവീകരണ നടപടികള്‍, പരിഷ്കരണങ്ങളിലെ സുസ്ഥിരത എന്നിവയുടെ ഫലമാണ് ഇതിലൂടെ ലഭിച്ചത്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്‍റെ സ്ഥാനം ഇതിലൂടെ ശക്തിപ്പെടുത്തിയിട്ടുണ്ട്. സുതാര്യത, ഉത്തരവാദിത്തം, നിയമങ്ങളിലെ പ്രായോഗിക ഇളവുകള്‍ എന്നിവയില്‍ സംസ്ഥാനത്തിന്‍റെ നയങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്.
വര്‍ഷം തോറുമുള്ള മികച്ച പ്രകടനം സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുകയും നിക്ഷേപകരിലെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മള്‍ട്ടിനാഷണല്‍ സംരംഭങ്ങള്‍ മുതല്‍ പ്രാദേശിക എംഎസ്എംഇ സംരംഭകര്‍ വരെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനകരമാകുന്ന സമഗ്രമായ വ്യാവസായിക വളര്‍ച്ചയുടെ മാതൃകയാണ് സംസ്ഥാനം സൃഷ്ടിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us